പാര്‍ട്ടി അനുവദിച്ചാല്‍ ഹരിയാനയില്‍ നിന്നും മത്സരിക്കുമെന്ന് ബ്രിജ് ഭൂഷണ്‍

ബിജെപി സംഘടിപ്പിച്ച ഒരു പൊതു പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

Update: 2023-10-14 06:43 GMT
Editor : Jaisy Thomas | By : Web Desk

ബ്രിജ് ഭൂഷണ്‍

Advertising

ഗോണ്ട: പാർട്ടി അനുവദിച്ചാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ നിന്ന് മത്സരിക്കാൻ തയ്യാറാണെന്ന് ബി.ജെ.പി എംപിയും മുൻ ഡബ്ല്യുഎഫ്‌ഐ തലവനുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ്. ബിജെപി സംഘടിപ്പിച്ച ഒരു പൊതു പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഹരിയാനയില്‍ നിന്നും പ്രത്യേകിച്ച് ജാട്ട് സമുദായത്തില്‍ നിന്നും വളരെയധികം പിന്തുണ ലഭിക്കുമെന്നും ബ്രിജ് ഭൂഷണ്‍ അവകാശപ്പെട്ടു. "ഹരിയാനയിൽ പോകുമ്പോൾ ആളുകൾ വന്ന് കാണുകയും ഹരിയാനയിൽ വന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ നിങ്ങളെ വിജയിപ്പിക്കാം' എന്ന് പറയുകയും ചെയ്യാറുണ്ട്. അതിനാൽ പാർട്ടി അവസരം നൽകിയാൽ തീർച്ചയായും ഹരിയാനയിൽ നിന്ന് മത്സരിക്കുമെന്ന് ബ്രിജ് ഭൂഷൺ കൂട്ടിച്ചേർത്തു. നേരത്തെയും 2024ലെ ലോക്സഭാ തെരഞ്ഞടുപ്പില്‍ തന്‍റെ മണ്ഡലമായ കൈസര്‍ഗഞ്ചില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന് ബ്രിജ് ഭൂഷണ്‍ പറഞ്ഞിട്ടുണ്ട് . മത്സരിക്കുക മാത്രമല്ല, വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നുമായിരുന്നു അവകാശവാദം. അടുത്ത തവണയും ബി.ജെ.പി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം ലൈംഗികാതിക്രമക്കേസിൽ കഴിഞ്ഞ ജൂലൈയിലാണ് ബ്രിജ് ഭൂഷണ് ജാമ്യം ലഭിച്ചത്. കേസിൽ കഴിഞ്ഞ ജൂൺ 13ന് ഡൽഹി പൊലീസ് ബ്രിജ് ഭൂഷണിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ബ്രിജ്ഭൂഷൻ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചു, പ്രതി കുറ്റങ്ങൾ ആവർത്തിച്ചു എന്നും ഡൽഹി പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.

ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഒന്നിലേറെ തവണ ബ്രിജ്ഭൂഷൺ ആവർത്തിച്ചു എന്നാണ് ഡൽഹി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.ശ്വാസോച്ഛാസം പരിശോധിക്കാനെന്ന വ്യാജേനയും ഫോട്ടോ എടുക്കാൻ എന്ന വ്യാജേനയും തങ്ങളെ ബ്രിജ്ഭൂഷൺ കടന്നു പിടിച്ചെന്നു പൊലീസിൽ താരങ്ങൾ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.ബ്രിജ്ഭൂഷണ് എതിരെയുള്ള കുറ്റങ്ങൾ തെളിഞ്ഞാൽ 3 മുതൽ 5 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News