റെഡ്, ബ്ലൂ, ബ്ലാക്ക്,; കുറ്റവാളികളിലേക്ക് വതില്‍ തുറക്കുന്ന ഇന്ർപോളിന്‍റെ 7 കളര്‍ നോട്ടീസുകള്‍

പ്രജ്വല്‍ രേവണ്ണയ്ക്ക് നല്‍കിയ ബ്ലൂ കോർണർ നോട്ടീസ് ഉള്‍പ്പെടെ ഇന്ർപോളിന്‍റെ നോട്ടീസുകളെ കുറിച്ചും അവയുടെ പ്രവർത്തന രീതികളെ കുറിച്ചും മനസ്സിലാക്കാം

Update: 2024-05-05 05:56 GMT
Advertising

ഒളിവിൽ കഴിയുന്ന ജനതാദൾ (സെക്കുലർ) എംപി പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ സിബിഐ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചേക്കും. പാർട്ടി പ്രവർത്തകരെയും മറ്റ് സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിക്കുന്ന മൂവായിരത്തോളം വീഡിയോകൾ വൈറലായതിനെത്തുടർന്ന് പ്രജ്വൽ നയതന്ത്ര പാസ്പോർട്ടിൽ ജർമ്മനിയിലേക്ക് രക്ഷപ്പെട്ടു. ഇതിനു പിന്നാലെയാണ് രേവണ്ണയ്ക്കെതിരെ സിബിഐ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചേക്കും എന്ന വാർത്തകൾ പുറത്തുവന്നത്. എന്തണ് ബ്ലൂ കോർണർ നോട്ടീസ് എന്നും ഇതിന്റെ പ്രവർത്തന രീതിയെ കുറിച്ചും മനസ്സിലാക്കാം.

ആവശ്യമുള്ള വ്യക്തികളെക്കുറിച്ചോ കുറ്റകൃത്യങ്ങളെക്കുറിച്ചോ ആഗോളതലത്തിൽ വിവരങ്ങൾ പങ്കിടാൻ ഇന്റർപോൾ ഉപയോഗിക്കുന്ന ഒരു തരം അലേർട്ടാണ് ബ്ലൂ കോർണർ നോട്ടീസ്. ഇന്റർനാഷണൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ അഥവാ ഇന്റർപോൾ എന്നത് ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര പോലീസ് സംഘടനയാണ്.

ലോകമെമ്പാടുമുള്ള പൊലീസ് സഹകരണത്തിനും കുറ്റകൃത്യ നിയന്ത്രണത്തിനും സൗകര്യമൊരുക്കുന്ന ഇതിന്റെ ആസ്ഥാനം ഫ്രാൻസിലെ ലിയോൺ ആണ്. 196 അംഗരാജ്യങ്ങളുള്ള ഇന്റർപോളിന് ലോകമെമ്പാടുമയി ഏഴ് പ്രാദേശിക ബ്യൂറോകളുമുണ്ട്. ഇന്റർപോൾ ലോകമെമ്പാടുമുള്ള നിയമപാലകർക്ക് പിന്തുണയും വൈദഗ്ധ്യ പരിശീലനവും നൽകുന്നു.

തീവ്രവാദം, സൈബർ കുറ്റകൃത്യം, സംഘടിത കുറ്റകൃത്യങ്ങൾ എന്നീ മൂന്ന് മേഖലകളിലാണ് പ്രധാനമായും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് കൂടാതെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ, കുട്ടികളുടെ അശ്ലീലം, മയക്കുമരുന്ന് കടത്ത്, ഉൽപ്പാദനം, രാഷ്ട്രീയ അഴിമതി, ബൗദ്ധിക സ്വത്തവകാശ ലംഘനം, വൈറ്റ് കോളർ കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പെടെ എല്ലാത്തരം കുറ്റകൃത്യങ്ങളും ഇന്റർപോളിന്റെ അന്വഷണ പരിധിയിൽ വരുന്നുണ്ട്. ദേശീയ നിയമ നിർവ്വഹണ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം സുഗമമാക്കുന്നതിലും ഏജൻസി പ്രധാന പങ്കുവഹിക്കുന്നു.

അതിർത്തി കടന്നുള്ള ക്രിമിനൽ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള പ്രധാന വിവരങ്ങളും സഹായ അഭ്യർത്ഥനകളും കൈമാറാൻ ഇന്റർപോളിന്റെ കളർ കോഡ് നോട്ടീസുകൾ രാജ്യങ്ങളെ സഹായിക്കുന്നു. ചുവപ്പ്, മഞ്ഞ, നീല, കറുപ്പ്, പച്ച, ഓറഞ്ച്, പർപ്പിൾ എന്നിങ്ങനെ ഏഴ് തരം നോട്ടീസുകളാണ് ഇന്റർപോൾ ഉപയോഗിക്കുന്നത്. ഓരോ അറിയിപ്പിനും വ്യത്യസ്തമായ ഉദ്ദേശ്യങ്ങളും പ്രത്യാഘാതങ്ങളുമാണുള്ളത്.

ഒരു അംഗരാജ്യത്തിന്റെ നാഷണൽ സെൻട്രൽ ബ്യൂറോയുടെ അഭ്യർത്ഥന മാനിച്ച് ഇന്റർപോൾ ഈ അറിയിപ്പുകൾ പുറപ്പെടുവിക്കുകയും അവ എല്ലാ അംഗരാജ്യങ്ങളുമായും പങ്കിടുകയും ചെയ്യുന്നു.

പൊതുവേ, ക്രിമിനൽ കുറ്റം ചുമത്തുന്നതിന് മുമ്പോ അതിന് തൊട്ടുപിന്നാലെയോ ബ്ലൂ നോട്ടീസുകൾ പുറപ്പെടുവിക്കാറുണ്ട്. അതേസമയം ഒളിച്ചോടിയ ആളെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുന്ന റെഡ് നോട്ടീസുകൾ സാധാരണയായി ക്രിമിനൽ ശിക്ഷകൾക്ക് ശേഷമാണ് പുറപ്പെടുവിക്കാറുള്ളത്.

പ്രജ്വൽ രേവണ്ണയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിനുമായാണ് അന്വേഷണ ഏജൻസി നിലവിൽ ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങന്നത്. സിബിഐ ഇതിനെ 'ബി സീരീസ് (നീല) നോട്ടീസ്' അല്ലെങ്കിൽ 'എൻക്വയറി നോട്ടീസ്' എന്ന് വിളിക്കുന്നു. ഒരാളുടെ ക്രിമിനൽ റെക്കോർഡ് നേടുന്നതിനും കാണാതായ വ്യക്തികളെ കണ്ടെത്തുന്നതിനും അല്ലെങ്കിൽ ക്രിമിനൽ കുറ്റങ്ങൾ ആരോപിക്കപ്പെട്ട അന്താരാഷ്ട്ര കുറ്റവാളികളെ കണ്ടെത്തുന്നതിനും ഈ നോട്ടീസുകൾ പുറപ്പെടുവിക്കുന്നു. അവരെ കൈമാറാൻ ആവശ്യപ്പെടാനും ഇതുവഴി സാധിക്കും.

2019ൽ ലൈംഗികാതിക്രമവും ബലാത്സംഗവും ആരോപിച്ച് രാജ്യം വിട്ട  ആൾദൈവം നിത്യാനന്ദയെ കണ്ടെത്താൻ 2020ൽ ഇന്റർപോൾ ബ്ലൂ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഇന്റർപോളിന്റെ കളർ നോട്ടീസുകൾ

  • റെഡ് നോട്ടീസ്: നടപടി നേരിടുകയോ ശിക്ഷ അനുഭവിക്കുകയോ ചെയ്യുന്ന വ്യക്തികളുടെ ലൊക്കേഷനും മറ്റു വിവരങ്ങളും അന്വേഷിക്കുന്നതിന്.
  • മഞ്ഞ നോട്ടീസ്: കാണാതായ ആളുകളെ, പലപ്പോഴും പ്രായപൂർത്തിയാകാത്തവരെ കണ്ടെത്താൻ സഹായിക്കുന്നതിന്.
  • നീല നോട്ടീസ്: ക്രിമിനൽ അന്വേഷണവുമായി ബന്ധപ്പെട്ട് വ്യക്തിയുടെ ലൊക്കേഷൻ, ഐഡന്റിറ്റി അല്ലെങ്കിൽ പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്.
  • ബ്ലാക്ക് നോട്ടീസ്: അജ്ഞാത മൃതദേഹങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തേടുന്നതിന്.
  • ഗ്രീൻ നോട്ടീസ്: പൊതുസുരക്ഷയ്ക്ക് ഭീഷണിയാകാൻ സാധ്യതയുള്ള വ്യക്തിയുടെ ക്രിമിനൽ പ്രവർത്തനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിന്.
  • ഓറഞ്ച് നോട്ടീസ്: പൊതു സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാകാൻ സാധ്യതയുള്ള സംഭവത്തെയോ, വ്യക്തിയെയോ, വസ്തുവിനെയോ അല്ലെങ്കിൽ പ്രക്രിയയെയോ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിന്.
  • പർപ്പിൾ നോട്ടീസ്: കുറ്റവാളികളുടെ പ്രവർത്തനരീതി, ഉപയോഗിക്കുന്ന വസ്തുക്കൾ, ഉപകരണങ്ങൾ, എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ തേടുകയോ നൽകുകയോ ചെയ്യുന്നതിന്.
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News