യു.പിയിലെ റോഡുകള്‍ക്ക് കര്‍സേവകരുടെ പേര് നല്‍കുമെന്ന് യോഗി സര്‍ക്കാര്‍
വിവിധ പദ്ധതികളുടെ ശിലാസ്ഥാപന വേളയില്‍ യു.പി ഉപമുഖ്യമന്ത്രി കേശവ് മൗര്യയാണ് റോഡുകള്‍ക്ക് കര്‍സേവകരുടെ പേര് നല്‍കുന്ന കാര്യം പ്രഖ്യാപിച്ചത്.
ബാബരി മസ്ജിദ് തകര്‍ക്കുന്നതിന്റെ ഭാഗമായി കര്‍സേവയില്‍ പങ്കെടുത്തവരോടുള്ള ആദരസൂചകമായി ഉത്തര്‍പ്രദേശിലെ റോഡുകള്‍ക്ക് കര്‍സേവകരുടെ പേരുകള്‍ നല്‍കാന്‍ യു.പി സര്‍ക്കാരിന്റെ തീരുമാനം. 'ബലിദാനി റാം ഭക്ത്മാര്‍ഗ്' എന്നായിരിക്കും റോഡുകള്‍ അറിയപ്പെടുക. മരണമടഞ്ഞ കര്‍സേവകരുടെ വീടുകളിലേക്കുള്ള റോഡുകള്‍ക്കാണ് ഇത്തരത്തില്‍ പേര് നല്‍കുക. ഇവരുടെ ചിത്രവും പേരുമുള്ള ശിലാഫലകവും സ്ഥാപിക്കും.
വിവിധ പദ്ധതികളുടെ ശിലാസ്ഥാപന വേളയില്‍ യു.പി ഉപമുഖ്യമന്ത്രി കേശവ് മൗര്യയാണ് റോഡുകള്‍ക്ക് കര്‍സേവകരുടെ പേര് നല്‍കുന്ന കാര്യം പ്രഖ്യാപിച്ചത്.
രാം ലല്ല കാണാന്‍ വേണ്ടിയാണ് 1990ല്‍ കര്‍സേവര്‍ അയോധ്യയിലെത്തിയത്. എന്നാല്‍ നിരായുധരായ രാമഭക്തന്‍മാര്‍ക്ക് നേരെ എസ്.പി സര്‍ക്കാരിന്റെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ട കര്‍സേവകരുടെ സ്മരണക്കായി റോഡുകള്‍ പണിയുമെന്ന് ഞാന്‍ പ്രഖ്യാപിക്കുകയാണ്-കേശവ് മൗര്യ പറഞ്ഞു.
രാജ്യത്തിന് പുറത്തുനിന്നും അകത്തുനിന്നുമുള്ള ശത്രുക്കളോട് പോരാടി മരിച്ച സൈനികരുടെയും പൊലീസുകാരുടെയും സ്മരണക്കായി 'ജയ് ഹിന്ദ് വീര്‍ പഥ്' നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നാടകമാണ് ബി.ജെ.പി നടത്തുന്നതെന്ന് കോണ്‍ഗ്രസും എസ്.പിയും കുറ്റപ്പെടുത്തി.