ഇന്ത്യക്ക് ഭാരതമാകാൻ ചെലവ് 14,000 കോടി

2018ൽ അലഹാബാദിന്റെ പേര് പ്രയാഗ്‌രാജ് എന്ന് മാറ്റിയപ്പോൾ 300 കോടിയോളം രൂപയാണ് ചെലവ് വന്നത്.

Update: 2023-09-06 13:28 GMT
President dinner invitation
AddThis Website Tools
Advertising

ഇന്ത്യയുടെ ഔദ്യോഗിക നാമം ഭാരതം എന്നാക്കുന്നതിനെക്കുറിച്ച് ചൂടേറിയ ചർച്ചകൾ നടക്കുകയാണ്. ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള രാഷ്ട്രപതിയുടെ അത്താഴവിരുന്നിന് പ്രതിനിധികൾക്ക് അയച്ച കത്തിൽ 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് എഴുതിയതാണ് പേരുമാറ്റം സംബന്ധിച്ച ചർച്ചകൾ സജീവമാകാൻ കാരണം. പേരുമാറ്റത്തെ അനുകൂലിച്ച് ബി.ജെ.പി നേതാക്കളും എതിർത്ത് പ്രതിപക്ഷവും രംഗത്തെത്തിക്കഴിഞ്ഞു. സെപ്തംബർ 18 മുതൽ 22 വരെ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പേരുമാറ്റം സംബന്ധിച്ച ബിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. പ്രത്യേക സമ്മേളനത്തിൽ ചോദ്യോത്തര വേള, സീറോഅവർ, സ്വകാര്യ ബില്ലുകൾ തുടങ്ങിയവ ഉണ്ടാവില്ലെന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ വിമർശനം ഒഴിവാക്കാനാണ് ഇതെന്നാണ് സൂചന.

പേരുമാറ്റം ഒരു ചെറിയ കാര്യമായി തോന്നാമെങ്കിലും അതിന് വരുന്ന ചെലവ് അത്ര നിസാരമല്ല. അന്താരാഷ്ട്ര തലം മുതൽ വ്യക്തിഗത തലം വരെ പേരുമാറ്റം ബാധിക്കും. അതുകൊണ്ട് പേരുമാറ്റത്തിന് ഭീമമായ തുകയാണ് ചെലവ് വരിക. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം എന്നത് മാത്രമല്ല, അസംഖ്യം സംസ്‌കാരങ്ങളും ഭാഷകളും വംശങ്ങളും ഉള്ള വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയെപ്പോലൊരു രാജ്യത്ത് പേരുമാറ്റം അതി സങ്കീർണമായ ഒരു പ്രക്രിയയാണ്.

2018ൽ അലഹാബാദിന്റെ പേര് പ്രയാഗ്‌രാജ് എന്ന് മാറ്റിയപ്പോൾ 300 കോടിയോളം രൂപയാണ് ചെലവ് വന്നത്. ഭൂപടങ്ങൾ, റോഡ് നാവിഗേഷൻ സംവിധാനം, ഹൈവേ ലാൻഡ്മാർക്കുകൾ, സംസ്ഥാന, സിവിൽ അതോറിറ്റി ഓഫീസുകളിൽ ഉപയോഗിക്കുന്ന ഔദ്യോഗിക സാമഗ്രികൾ മുതലായവ അപ്ഡേറ്റ് ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് വലിയ തുക ചെലവാകും. സ്വകാര്യ ബിസിനസ് സ്ഥാപനങ്ങളും കോർപ്പറേറ്റ് സ്ഥാപനങ്ങളും വഹിക്കേണ്ട ചെലവുകൾക്ക് ഇതിന് പുറമെയാണ്.

ലോകത്ത് പേരുമാറ്റുന്ന ആദ്യത്തെ രാജ്യമല്ല ഇന്ത്യ. ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്ക 1972ലാണ് സിലോൺ എന്ന പേര് മാറ്റി ശ്രീലങ്കയാക്കിയത്. നാല് പതിറ്റാണ്ട് സമയമെടുത്താണ് എല്ലാ സർക്കാർ രേഖകളിൽനിന്നും സിലോൺ എന്ന പേര് മാറ്റിയത്. കൊളോണിയൽ ആശയങ്ങളിൽ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിന്റെ ഭാഗമായി 2018-ൽ സ്വാസിലാൻഡ് രാജാവ് രാജ്യത്തെ ഈശ്വാതിനി എന്ന് പുനർനാമകരണം ചെയ്തു. അക്കാലത്ത്, ദക്ഷിണാഫ്രിക്ക ആസ്ഥാനമായുള്ള ഒരു ബൗദ്ധിക സ്വത്തവകാശ അഭിഭാഷകൻ ഒരു രാജ്യത്തിന്റെ പേര് മാറ്റുന്നതിനുള്ള ചെലവ് കണക്കാക്കുന്നതിനുള്ള ഒരു രീതി കൊണ്ടുവന്നു. ഡാരൻ ഒലിവിയർ ആഫ്രിക്കൻ രാഷ്ട്രത്തിന്റെ പേരുമാറ്റത്തെ ഒരു വലിയ കോർപ്പറേറ്റ് സ്ഥാപനത്തിന്റെ റീബ്രാൻഡിങ്ങുമായി താരതമ്യം ചെയ്താണ് ചെലവ് കണക്കാക്കിയത്.


കടപ്പാട്: ഔട്ട് ലുക്ക്‌

ഒലിവിയർ പറയുന്നതനുസരിച്ച്, ഒരു വലിയ സംരംഭത്തിന്റെ ശരാശരി മാർക്കറ്റിങ് ചെലവ് അതിന്റെ മൊത്തം വരുമാനത്തിന്റെ ആറ് ശതമാനമാണ്. റീബ്രാൻഡിങ് പ്രവർത്തനങ്ങൾക്ക് കമ്പനിയുടെ മൊത്തത്തിലുള്ള മാർക്കറ്റിങ് ബജറ്റിന്റെ 10 ശതമാനം വരെ ചെലവാകും. സ്വാസിലാൻഡിനെ ഈശ്വതിനി എന്ന് പുനർനാമകരണം ചെയ്യാനുള്ള ചെലവ് 60 മില്യൺ ഡോളറാണെന്ന് അദ്ദേഹത്തിന്റെ കണക്കുകൾ പറയുന്നു.

സമാനമായ ഒരു മാതൃക ഇന്ത്യയുടെ കാര്യത്തിൽ പ്രയോഗിച്ചാൽ പേരുമാറ്റത്തിന് വൻ തുക ചെലവാകുമെന്നാണ് കണക്കുകൾ പറയുന്നത്. 2023ൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ നികുതിയും നികുതിയേതര വരുമാനവും ഉൾപ്പെടെ 23.84 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ വരുമാനം. സ്വാസിലാൻഡിന്റെ പുനർനാമകരണത്തിന്റെ ചെലവ് കണക്കാക്കുന്നതിനുള്ള തന്റെ മാതൃകയിൽ ഒലിവിയർ രണ്ട് വരുമാന മാർഗങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ വരുമാനവുമായി ഇതേ ഫോർമുല പ്രയോഗിച്ചാൽ, ഇന്ത്യയെ ഭാരത് എന്ന് പുനർനാമകരണം ചെയ്യാൻ ഏകദേശം 14,304 കോടി രൂപ ചെലവ് വരും.

വാർത്തയിലെ വിവരങ്ങൾക്ക് കടപ്പാട്: ഔട്ട് ലുക്ക്‌

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News