'രാമക്ഷേത്ര പ്രതിഷ്ഠാ സമയം മുസ്‌ലിംകൾ പള്ളികളിലും മദ്രസകളിലും 11 തവണ ജയ് ശ്രീറാം വിളിക്കണം'; ആർഎസ്എസ് നേതാവ്

ഇസ്‌ലാം, ക്രിസ്ത്യൻ, സിഖ് എന്നിവ കൂടാതെ മറ്റ് മത വിശ്വാസികളും അയോധ്യയിലെ പ്രതിഷ്ഠാദിന ചടങ്ങിനോടനുബന്ധിച്ച് പ്രാർഥനകൾ അർപ്പിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു.

Update: 2024-01-01 12:10 GMT
RSS leader urges Muslims to chant Jai Shri Ram during Ram Temple inauguration in mosques and madrassas
AddThis Website Tools
Advertising

ന്യൂഡൽഹി: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് മുസ്‌ലിംകൾ പള്ളികളിലും ദർഗകളിലും മദ്രസകളിലും “ജയ് ശ്രീറാം, ജയ് റാം, ജയ് ജയ് റാം” എന്ന് വിളിക്കണമെന്ന് ആർഎസ്എസ് നേതാവ്. ആർഎസ്എസ് ദേശീയ എക്സിക്യൂട്ടീവ് അംഗമായ ഇന്ദ്രേഷ് കുമാറാണ് ആഹ്വാനവുമായി രം​ഗത്തെത്തിയിരിക്കുന്നത്.

'ഇവിടുത്തെ 99 ശതമാനം മുസ്‌ലിംകളിലും മറ്റ് അഹിന്ദുക്കളും ഈ രാജ്യക്കാരാണ്. നമുക്ക് പൊതുവായ പൂർവികർ ഉള്ളതിനാൽ അവർ അങ്ങനെ തന്നെ തുടരും. അവർ മതമാണ് മാറിയത്. രാജ്യം മാറിയിട്ടില്ല'- ഇന്ദ്രേഷ് കുമാർ പറഞ്ഞു. ഡൽഹിയിൽ ‘രാം മന്ദിർ, രാഷ്ട്ര മന്ദിർ- എ കോമൺ ഹെറിറ്റേജ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ആർഎസ്എസ് പോഷക സംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ മുഖ്യ രക്ഷാധികാരി കൂടിയായ ഇന്ദ്രേഷ് കുമാർ.

ഇസ്‌ലാം, ക്രിസ്ത്യൻ, സിഖ് എന്നിവ കൂടാതെ മറ്റ് മതങ്ങളിൽ വിശ്വസിക്കുന്നവരും അയോധ്യയിലെ പ്രതിഷ്ഠാദിന ചടങ്ങിനോടനുബന്ധിച്ച് അതാത് മതകേന്ദ്രങ്ങളിൽ സമാധാനം, ഐക്യം, സാഹോദര്യം എന്നിവയ്ക്കായി പ്രാർഥനകൾ അർപ്പിക്കണമെന്നും ഇന്ദ്രേഷ് കുമാർ ആവശ്യപ്പെട്ടു.

'നമുക്ക് പൊതുവായ പൂർവികരും പൊതുവായ മുഖങ്ങളും പൊതുവായ സ്വത്വവുമുണ്ട്. നാമെല്ലാവരും ഈ രാജ്യക്കാരാണ്, നമുക്ക് വിദേശികളുമായി ഒരു ബന്ധവുമില്ല. ദർഗകളിലും മക്തബുകളിലും മദ്രസകളിലും മസ്ജിദുകളിലും 11 തവണ ‘ജയ് ശ്രീറാം, ജയ് റാം, ജയ് ജയ് റാം’ എന്ന് വിളിക്കാൻ ഞാൻ ആവശ്യപ്പെടുന്നു'- ഇന്ദ്രേഷ് കുമാർ പറഞ്ഞു.

ജനുവരി 22ന് രാത്രി 11നും രണ്ടിനും ഇടയിൽ അവരുടെ ഇബാദത്ത് ഗാഹുകളും പ്രാർഥനാ ഹാളുകളും ഗംഭീരമായി അലങ്കരിക്കാനും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ടിവിയിൽ കാണാനും ഗുരുദ്വാരകളോടും ചർച്ചുകളോടും മറ്റ് മതകേന്ദ്രളോടും അഭ്യർഥിക്കുന്നതായും ഇന്ദ്രേഷ് കുമാർ കൂട്ടിച്ചേർത്തു.

ജനുവരി 22നാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനത്തില്‍ രാജ്യത്തെ എല്ലാ വീടുകളിലും രാമജ്യോതി തെളിയിക്കണമെന്ന ആഹ്വാനവുമായി നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി രം​ഗത്തെത്തിയിരുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News