ലോക്സഭാ തെരഞ്ഞെടുപ്പ്; രാജ്യവ്യാപക പ്രചാരണത്തിനൊരുങ്ങി ആർ.എസ്.എസ് ബന്ധമുള്ള മുസ്‍ലിം സംഘടന
രാജ്യത്തെ മുസ്‍ലിംകളുടെ ഇടയിലായിരിക്കും പ്രധാനമായും പ്രചാരണം
ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആർ.എസ്.എസ് ബന്ധമുള്ള സംഘടനയായ മുസ്‍ലിം രാഷ്ട്രീയ മഞ്ച് (എംആർഎം) രാജ്യവ്യാപക പ്രചാരണത്തിന് ഒരുങ്ങുന്നു. ‘ഒരു രാജ്യം, ഒരു പതാക, ഒരു ദേശീയ ഗാനം’ എന്നീ മുദ്രാവാക്യം ഉയർത്തി ദേശവ്യാപക പ്രചാരണം നടത്തുമെന്ന് എം.ആർ.എം വക്താവ് ഷാഹിദ് സയീദ് പറഞ്ഞു. രാജ്യത്തെ മുസ്‍ലിംകളുടെ ഇടയിലായിരിക്കും പ്രധാനമായും പ്രചാരണം.
ക്യാമ്പയിനിന്‍റെ ഭാഗമായി വോളണ്ടിയര്‍മാര്‍ "യഥാർഥ മുസ്‍ലിം നല്ല പൗരനായിരിക്കുമെന്ന" എന്ന സന്ദേശം അംഗങ്ങൾക്കിടയിൽ പ്രചരിപ്പിക്കുമെന്ന് പ്രസ്താവനയിൽ അറിയിച്ചു. ജൂൺ 8 മുതൽ ജൂൺ 11 വരെ ഭോപ്പാലിൽ എം.ആര്‍.എം വോളണ്ടിയർമാർക്കും പ്രവർത്തകർക്കുമായി മൂന്ന് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കും. ആർ.എസ്.എസ് എക്സ്ക്യൂട്ടീവ് അംഗവും എംആർഎം മുഖ്യരക്ഷാധികാരിയുമായ ഇന്ദ്രേഷ് കുമാർ പരിപാടിയിൽ പങ്കെടുക്കും. വരുന്ന തെരഞ്ഞെടുപ്പിൽ പരമാവധി മുസ്‍ലിം വോട്ടുകൾ സമാഹരിക്കുക എന്നതാണ് പ്രധാനമായും പ്രചാരണം ലക്ഷ്യമിടുന്നത്. മുസ്‍ലിം വോട്ടുകൾ ബി.ജെ.പിക്ക് ലഭിക്കുന്നത് കുറയുന്നതായുള്ള വിലയിരുത്തലും സംഘടനയ്ക്കുണ്ട്.
2021 ൽ ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലാണ് അവസാനമായി പരിശീലന പരിപാടി സംഘടിപ്പിച്ചത്. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, ജോയിന്‍റ് ജനറൽ സെക്രട്ടറി കൃഷ്ണ ഗോപാൽ, മുതിർന്ന പ്രവർത്തകൻ രാം ലാൽ എന്നിവർ പരിപാടിയില്‍ പങ്കെടുത്തിരുന്നു.