സ്കൂളില്‍ ആര്‍.എസ്.എസ് പരിശീലന പരിപാടി: അന്വേഷിക്കാനെത്തിയ പൊലീസുകാരെ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു

ഡി.സി.പി ഉള്‍പ്പെടെയുള്ളവരെയാണ് ആര്‍.എസ്.എസുകാര്‍ കയ്യേറ്റം ചെയ്തത്

Update: 2022-08-26 11:58 GMT
Advertising

തമിഴ്നാട്ടിലെ സ്കൂളില്‍ ആര്‍.എസ്.എസ് പരിശീലന പരിപാടി സംഘടിപ്പിച്ചതിനു പിന്നാലെ സംഘര്‍ഷം. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ വിലാങ്കുറിച്ചിയിലാണ് സംഭവം. അന്വേഷിക്കാനെത്തിയ ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവരെ ആര്‍.എസ്.എസ് സംഘം കയ്യേറ്റം ചെയ്തു.

ആർ.എസ്‌.എസ് പരിശീലന പരിപാടി നടക്കുന്ന സ്കൂളിലേക്ക് ഡിസംബര്‍ 31ന് നാം തമിഴർ പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായതോടെ പൊലീസിനെ സ്കൂളിനു മുന്നില്‍ വിന്യസിച്ചു. എന്നാല്‍ സ്കൂളില്‍ പ്രവേശിക്കുന്നതില്‍ നിന്നും പൊലീസിനെ ആര്‍.എസ്.എസ് സംഘം തടഞ്ഞു. ഡി.സി.പി ടി ജയചന്ദ്രന്‍ ഉള്‍പ്പെടെയുള്ള പൊലീസുകാരെയാണ് തടഞ്ഞത്. സംഭവത്തിന്‍റെ ദൃശ്യം പുറത്തുവന്നു.

എസ്.പി ടി രാജ്കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നാല് ആർഎസ്എസുകാർക്കും ഹിന്ദു മുന്നണിയുടെ വടക്കൻ ജില്ലാ സെക്രട്ടറിക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പൊലീസിന്‍റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നാണ് കേസ്. കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 143 (നിയമവിരുദ്ധമായി സംഘം ചേരല്‍), സെക്ഷന്‍ 353 (സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയോ ബലപ്രയോഗം നടത്തുകയോ ചെയ്യല്‍) എന്നീ വകുപ്പുകള്‍ പ്രകാരവും കേസെടുത്തു.

സ്‌കൂളിലെ ആർ.എസ്.എസ് പരിപാടിക്കെതിരെ പ്രതിഷേധിച്ച നാം തമിഴർ പാർട്ടി, തന്തൈ പെരിയാർ ദ്രാവിഡർ കഴകം എന്നീ സംഘടനകളുടെ പ്രവർത്തകരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിശീലന പരിപാടികൾ നടത്തുന്നതില്‍ നിന്നും ആര്‍.എസ്.എസിനെ തടയണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാൽ പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും സ്ത്രീകൾ ഉൾപ്പെടെ 18 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. കോവിഡ് മാനദണ്ഡം ലംഘിച്ചു എന്നതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ പിന്നീട് പൊലീസ് വിട്ടയച്ചു.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News