യുപിയിൽ പുതിയ തന്ത്രവുമായി ബിജെപി; യോഗി മഥുരയിലേക്ക് തട്ടകം മാറ്റുന്നു
2022ൽ അദ്ദേഹം ഗൊരഖ്പൂർ ലോക്‌സഭാ മണ്ഡലത്തിൽപ്പെട്ട ഏതെങ്കിലും നിയമഭാ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്നായിരുന്നു റിപ്പോർട്ട്. ഗൊരഖ്പൂരിൽ നിന്ന് 1998 മുതൽ അഞ്ച് തവണ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യുപിയിൽ പുതിയ തന്ത്രങ്ങളുമായി ബിജെപി നേതൃത്വം. മോദി-അമിത് ഷാ കൂട്ടുകെട്ടിന് പുറത്ത് ബിജെപി അവരുടെ ഏറ്റവും ശക്തനായ നേതാവായി ഉയർത്തിക്കാട്ടുന്ന യോഗി ആദിത്യനാഥിനെ മുന്നിൽ നിർത്തിയാണ് ഇത്തവണയും ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭാവിനേതാവായി സംഘപരിവാർ നേതൃത്വം കാണുന്ന യോഗിയുടെ നേതൃത്വത്തിൽ മികച്ച വിജയമാണ് അവർ ലക്ഷ്യംവെക്കുന്നത്.
2017ൽ ആദിത്യനാഥ് നിയമസഭയിലേക്ക് മത്സരിച്ചിരുന്നില്ല. മുഖ്യമന്ത്രിയായ ശേഷം അദ്ദേഹം വിധാൻ പരിഷതിലേക്കാണ് (ലെജിസ്ലേറ്റീവ് കൗൺസിൽ) മത്സരിച്ചത്. ഇതിൽ അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ലോക്ഭാംഗത്വം രാജിവെച്ചാണ് യോഗി വിധാൻ പരിഷതിലേക്ക് മത്സരിച്ചത്.
2022ൽ അദ്ദേഹം ഗൊരഖ്പൂർ ലോക്‌സഭാ മണ്ഡലത്തിൽപ്പെട്ട ഏതെങ്കിലും നിയമഭാ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്നായിരുന്നു റിപ്പോർട്ട്. ഗൊരഖ്പൂരിൽ നിന്ന് 1998 മുതൽ അഞ്ച് തവണ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അവിടത്തെ എല്ലാ അസംബ്ലി മണ്ഡലങ്ങളും അദ്ദേഹത്തിന് സുപരിചിതമാണ്. എന്നാൽ പടിഞ്ഞാറൻ യുപിയിൽ കൂടുതൽ സ്വാധീനമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി യോഗി മഥുരയിലേക്ക് കൂടുമാറുമെന്നാണ് പുതിയ റിപ്പോർട്ട്.
കൃഷ്ണന്റെ ജൻമസ്ഥലമായ മഥുരയിലേക്ക് മാറുന്നതിലും ബിജെപിക്ക് പ്രത്യേകമായ താൽപര്യങ്ങളുണ്ട്. യോഗിയുടെ മണ്ഡലമായി മഥുരയെ മാറ്റുന്നതിലൂടെ ഇത് രാഷ്ട്രീയമായി ഉപയോഗിക്കാമെന്നാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. യോഗി എന്നാൽ മഥരുയെന്ന സമവാക്യം രൂപപ്പെടുത്തിയാൽ അത് ലോക്‌സഭാ തെരഞ്ഞെടുപ്പിലും നേട്ടമാവുമെന്നും ബിജെപി കരുതുന്നു. ഇതെല്ലാം മുന്നിൽ കണ്ടാണ് യേഗി ചുവടുമാറ്റത്തിനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.