എസ്. ജയശങ്കറും ഡെറിക് ഒബ്രിയാനും വീണ്ടും രാജ്യസഭയിലേക്ക്; എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് 11 പേർ
തൃണമൂൽ കോൺഗ്രസിന്റെ ആറ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്
ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെ 11 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയനും കൂട്ടത്തിലുണ്ട്. ഒരു അധിക സീറ്റുമായി ബി.ജെ.പി നേട്ടമുണ്ടാക്കി.
ബംഗാൾ, ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങളിലെ സീറ്റുകളിൽനിന്നാണ് നേതാക്കൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. തൃണമൂലിന്റെ ആറും ബി.ജെ.പിയുടെ അഞ്ചും സ്ഥാനാർത്ഥികളാണ് ഇവർ. നിലവിൽ എൻ.ഡി.എയ്ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ ബി.ജെ.പി അംഗബലം 93 ആയി.
ഡെറിക് ഒബ്രിയാനു പുറമെ സുഖേന്ദു ശേഖർ റോയ്, ദോല സെൻ, സാകേത് ഗോഖലെ, സാമിറുൽ ഇസ്‌ലാം, പ്രകാശ് ബരീക് എന്നിവരാണ് തൃണമൂലിന്റെ അംഗങ്ങൾ. ഇതുരണ്ടാം തവണയാണ് എസ്. ജയശങ്കർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ബാബുഭായ് ദേശായ്, കേസരിദേവ് സിങ് ഝാല, ആനന്ത് മഹാരാജ്, സദാനന്ദ് ഷേട്ട് താനാവാദെ എന്നിവരാണ് ബി.ജെ.പിയുടെ തെരഞ്ഞെടുക്കപ്പെട്ട നേതാക്കൾ.
ഒരു സീറ്റ് നഷ്ടമായി കോൺഗ്രസിന്റെ അംഗസംഖ്യ 30 ആയി കുറഞ്ഞിട്ടുണ്ട്. 245 അംഗ രാജ്യസഭയിൽ ജൂലൈ 24ന് ഏഴ് സീറ്റുകളിൽ കൂടി ഒഴിവ് വരാനിരിക്കുകയാണ്. ബി.ജെ.പിക്കും സഖ്യകക്ഷികൾക്കുമായി 105 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്.
Summary: S Jaishankar, Derek O’Brien among 11 elected unopposed to Rajya Sabha