'സസ്‌പെന്‍ഷനിലിരിക്കെ മത്സരം സംഘടിപ്പിക്കുന്നു'; ഗുസ്തി ഫെഡറേഷനെതിരെ വീണ്ടും സാക്ഷി മാലിക്

"സഞ്ജയ് സിങ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കളിക്കാര്‍ക്ക് വിതരണം ചെയ്യുകയാണ്"

Update: 2024-01-31 07:20 GMT
Advertising

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി ഫെഡറേഷനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ഒളിമ്പിക് തരം സാക്ഷി മാലിക്. സസ്‌പെന്‍ഷനിലുള്ള സമിതി ചാമ്പ്യന്‍ഷിപ്പുകള്‍ നടത്തുന്നുവെന്നാണ് ആരോപണം.

ഫെഡറേഷന്റെ സസ്‌പെന്‍ഷനിലുള്ള അധ്യക്ഷന്‍ സഞ്ജയ് സിങ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കളിക്കാര്‍ക്ക് വിതരണം ചെയ്യുകയാണ്. കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ജയ്പൂരില്‍ നടക്കാനിരിക്കെയാണ് സഞ്ജയ് സിങ്ങിന്റ നീക്കം. ഗുസ്തിയിലുള്ള തന്റെ ആധിപത്യം തെളിയിക്കാനാണ് അദ്ദേഹം ഇത്തരത്തില്‍ ചെയ്യുന്നത്.

സസ്‌പെന്‍ഷനിലിരിക്കുന്ന ഒരാള്‍ക്ക് സംഘടനയുടെ പണം എങ്ങനെ ഉപയോഗിക്കാന്‍ കഴിയും. പൂനെയില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ സഞ്ജയ് സിങ് നിയമവിരുദ്ധമായി ഒപ്പിട്ടിട്ടുണ്ട്. ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കായിക താരങ്ങളുടെ ഭാവി അവതാളത്തിലാക്കും. ഈ സര്‍ട്ടഫിക്കറ്റുമായി ജോലിക്ക് അപേക്ഷിച്ചാല്‍ താരങ്ങള്‍ക്കെതിരെ നടപടി വരാന്‍ സാധ്യതയുണ്ട്.

സഞ്ജയ് സിങ്ങിനെതിരെ നടപടി വേണം. കളിക്കാരുടെ ഭാവി തകരാതെ സംരക്ഷിക്കണമെന്നും കായിക മന്ത്രി അനുരാഗ് താക്കൂറിനോട് സാക്ഷി മാലിക് അഭ്യര്‍ത്ഥിച്ചു. താരങ്ങള്‍ക്ക് നല്‍കിയ വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ ചിത്രവും അവര്‍ പങ്കുവെച്ചു.

അതേസമയം, സഞ്ജയ് സിങ്ങിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് കായിക മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ദേശീയ ഗുസ്തി ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് അംഗീകാരമില്ലാത്തതായി കണക്കാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ദേശീയ ഗുസ്തി ഫെഡറേഷനെ കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞമാസമാണ് സസ്പെന്‍ഡ് ചെയ്തത്. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും റദ്ദാക്കിയിരുന്നു. കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണു തെരഞ്ഞെടുപ്പ് നടന്നതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

മുന്‍ അധ്യക്ഷനും ലൈംഗികാതിക്രമ കേസില്‍ പ്രതിയും ബിജെപി നേതാവുമായ ബ്രിജ്ഭൂഷണ്‍ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ്് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനെതിരെ ഗുസ്തി താരങ്ങള്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. സാക്ഷി മാലിക് മാധ്യമങ്ങള്‍ക്കു മുന്നിലെത്തി വികാരഭരിതയായി വിരമിക്കല്‍ പ്രഖ്യാപിച്ചു. ബജ്‌റങ് പുനിയ പത്മശ്രീ പുരസ്‌കാരം പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലെ നടപ്പാതയില്‍ ഉപേക്ഷിച്ചു. മറ്റൊരു ഗുസ്തി താരമായ വിരേന്ദര്‍ സിങ് പത്മശ്രീ പുരസ്‌കാരം തിരിച്ചുനല്‍കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. താരങ്ങളുടെ പ്രതിഷേധം കടുത്തതോടെയാണ് കേന്ദ്രം ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്തത്.



Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News