മയക്കുമരുന്ന് പിടികൂടിയ കേസിൽ സഞ്ജീവ് ഭട്ട് കുറ്റക്കാരനെന്ന് കോടതി
പാലൻപൂർ ടൗൺ സെഷൻസ് കോടതി ഇന്ന് പ്രഖ്യാപിക്കും
പാലൻപൂർ: 1996 ൽ ഗുജറാത്തിലെ പാലൻപൂരിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയ കേസിൽ മുൻ ഐ.പി.എസ് ഓഫിസർ സഞ്ജീവ് ഭട്ട് കുറ്റക്കാരനെന്ന് കോടതി.ബനസ്കന്ദ ജില്ലയിലെ പാലൻപൂർ ടൗൺ സെഷൻസ് കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസിൽ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും.
എസ്.പി ആയിരുന്ന കാലത്ത് 1996 ൽ എടുത്ത കേസിലാണ് നടപടി. രാജസ്ഥാൻ സ്വദേശിയായ അഭിഭാഷകൻ സുമർസിങ് രാജ്പുരോഹിത് താമസിച്ച ഹോട്ടൽ മുറിയിൽ നിന്ന് മയക്കുമരുന്നു പിടികൂടിയിരുന്നു. പിന്നീട് ഈ കേസ് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അന്ന് ബസ്കനന്ദ എസ്.പിയായ സഞ്ജീവ് ഭട്ടിന്റെ നിർദേശത്തെ തുടർന്നാണ് പൊലീസ് ഇൻസ്പെക്ടറായ ഇന്ദ്രവധൻ വ്യാസ് പാലൻപൂർ ഹോട്ടലിൽ റെയ്ഡ് നടത്തിയതും അഭിഭാഷകന്റെ മുറിയിൽ 1.15കിലോ ഗ്രാം ഒപിയം റൂമിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തതെന്നാണ് ആരോപണം.
പൊലീസ് റെയ്ഡിനെതിരെ 1996 ഒക്ടോബറിൽ സുമർ സിങ് കള്ളക്കേസെടുത്തെന്ന് ആരോപിച്ച് പൊലീസ് തിരക്കഥയിലുണ്ടാക്കിയ വ്യാജ കേസാണെന്ന് പറഞ്ഞ് മജിസ്ട്രേറ്റിന് പരാതികൊടുത്തു. രാജസ്ഥാനിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാനാണ് തനിക്കെതിരെ ലഹരിക്കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഈ കേസിനെതിതെ മുൻ പോലീസ് ഉദ്യോഗസ്ഥനായ ഐ.ബി വ്യാസും 1999 ൽ ഹൈകോടതിയെ സമീപിച്ചിരുന്നു.കസ്റ്റഡി പീഡനം ആരോപിച്ചുള്ള മറ്റൊരു കേസിൽ ഭട്ടിൻ്റെ ജീവപര്യന്തം ശിക്ഷ ഗുജറാത്ത് ഹൈക്കോടതി നേരത്തെ സ്ഥിരീകരിച്ചിരുന്നു