'മോദി എല്ലാം ചെയ്യുന്നത് കണ്ട് കയ്യടിക്കാനില്ല'; രാമക്ഷേത്ര പ്രതിഷ്ഠയിൽ നിന്ന് ശങ്കരാചാര്യന്മാർ വിട്ടുനിൽക്കും

"യോഗ പരിശീലിപ്പിച്ചപ്പോൾ അവിടെ പരിശീലകനായി പ്രധാനമന്ത്രി വന്നു, ഇപ്പോഴിതാ പ്രതിഷ്ഠാ കർമം ചെയ്യാനും, പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ അല്ല, മതാചാര്യന്മാർ ചെയ്യേണ്ടതാണത്"

Update: 2024-01-10 17:52 GMT
Advertising

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് ശങ്കരാചാര്യന്മാരും വിട്ടു നിൽക്കും. ചടങ്ങ് രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ക്ഷേത്രനിർമാണം പൂർത്തിയാകാതെയാണ് പ്രതിഷ്ഠാ ചടങ്ങെന്നും ധർമശാസ്ത്രത്തിന് വിരുദ്ധമായ കാര്യങ്ങളാണ് അയോധ്യയിൽ നടക്കുന്നതെന്നും ശങ്കരാചാര്യൻ അവിമുക്തേശ്വരാനന്ദ സരസ്വതി പ്രതികരിച്ചു.

ഇന്ത്യയിലെ നാല് മഠങ്ങളിലെയും ശങ്കരാചാര്യന്മാർ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. മോദി ചെയ്യുന്നതെല്ലാം കണ്ട് കയ്യടിക്കാനില്ലെന്നാണ് ഇവരുടെ നിലപാട്. ക്ഷേത്ര ഉദ്ഘാടനം രാഷ്ട്രീയ നേട്ടത്തിനെന്നായിരുന്നു സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ പ്രതികരണം. ധർമശാസ്ത്രത്തിന് വിരുദ്ധമായ കാര്യങ്ങളാണ് അയോധ്യയിൽ നടക്കുന്നതെന്നും പൂജ പഠിച്ച ആചാര്യന്മാർക്ക് പകരം പ്രധാനമന്ത്രിയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നതെന്നും അത് കണ്ട് കയ്യടിക്കാൻ താനെന്തിന് പോകണമെന്നും സ്വാമി നിശ്ചലാനന്ദ സരസ്വതി പ്രതികരിച്ചു.

"യോഗ പരിശീലിപ്പിച്ചപ്പോൾ അവിടെ പരിശീലകനായി പ്രധാനമന്ത്രി വന്നു, ഇപ്പോഴിതാ പ്രതിഷ്ഠാ കർമം ചെയ്യാനും. പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ അല്ല, മതാചാര്യന്മാർ ചെയ്യേണ്ടതാണത്. മാത്രമല്ല, ക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട് ശങ്കരാചാര്യന്മാരോട് നിർദേശം ചോദിക്കേണ്ട പല കാര്യങ്ങളുമുണ്ടായിരുന്നു. എന്നാലിതൊന്നുമുണ്ടായില്ല എന്നു മാത്രമല്ല, പ്രധാനമന്ത്രി സ്വയം മുന്നിട്ടിറങ്ങിയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. വിഗഹ്രത്തെ തൊട്ടു കൊണ്ടു തന്നെ പ്രധാനമന്ത്രി പ്രതിഷ്ഠ നടത്തുമ്പോൾ കയ്യടിക്കാൻ വേണ്ടി എന്തിനവിടെ പോകണം. അതുകൊണ്ടു തന്നെ ചടങ്ങിൽ പങ്കെടുക്കാനില്ല". സ്വാമി നിശ്ചലാനന്ദ സരസ്വതി പറഞ്ഞു.

ഹിന്ദു മതത്തിലെ പരമോന്നത ആചാര്യന്മാരായി കണക്കാക്കപ്പെടുന്നവരാണ് ശങ്കരാചാര്യന്മാർ. രാജ്യത്തിന്റെ നാല് ഭാഗങ്ങളിലായി ശങ്കരാചാര്യർ സ്ഥാപിച്ച മഠങ്ങളിലെ ആചാര്യന്മാരാണ് ഇപ്പോൾ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News