ഹാഥ്റസ് പെൺകുട്ടിയുടെ വീട്ടുകാരെ മാറ്റി താമസിപ്പിക്കൽ; അപ്പീലുമായി പോയ യു.പി സർക്കാരിന് സുപ്രിംകോടതി വിമർശനം
സംസ്ഥാന സർക്കാർ ഇനിമേൽ ഇത്തരം കാര്യങ്ങളുമായി വരരുതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
ന്യൂഡൽഹി: ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ കുടുംബത്തെ മാറ്റി താമസിപ്പിക്കുന്നത് സംബന്ധിച്ച വിധിക്കെതിരായ അപ്പീലിൽ യു.പി സർക്കാരിന് സുപ്രിംകോടതി വിമർശനം. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയാണ് യു.പി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ സംസ്ഥാന സർക്കാർ ഇനിമേൽ ഇത്തരം കാര്യങ്ങളുമായി വരരുതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
കുടുംബാംഗത്തിന് ജോലി കൊടുക്കാനും കുടുംബത്തെ ഹാഥ്റസിൽ നിന്ന് മാറ്റി താമസിപ്പിക്കാനുമായിരുന്നു അലഹബാദ് ഹൈക്കോടതി നിർദേശം. ഇതിനെതിരെയാണ് യോഗി സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനം അപ്പീൽ നൽകിയതിൽ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് ജെ.ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് തുടക്കത്തിൽ തന്നെ ആശ്ചര്യം പ്രകടിപ്പിച്ചു.
കുടുംബത്തെ മാറ്റിപ്പാർപ്പിക്കാൻ സംസ്ഥാനം തയ്യാറാണെന്നും എന്നാൽ അവർക്ക് നോയിഡയോ ഗാസിയാബാദോ ഡൽഹിയോ വേണമെന്നാണ് പറഞ്ഞതെന്നും യു.പി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഗരിമ പ്രഷാദ് ബെഞ്ചിനെ അറിയിച്ചു. വിവാഹിതനായ മൂത്ത സഹോദരനെ ഇരയുടെ ആശ്രിതനായി കണക്കാക്കാമോ എന്നത് പരിഗണിക്കേണ്ട ചോദ്യമാണെന്നും എ.എ.ജി കൂട്ടിച്ചേർത്തു.
എന്നാൽ കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് ഇടപെടാൻ താൽപര്യമില്ലെന്ന് ബെഞ്ച് പറഞ്ഞു. അവ കുടുംബത്തിന് നൽകേണ്ട സൗകര്യങ്ങളാണ്. നമ്മൾ ഇടപെടരുത്. ഇനി ഇത്തരം വിഷയങ്ങളുമായി സംസ്ഥാനം മുന്നോട്ട് വരരുത്- ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എ.എ.ജിയോട് പറഞ്ഞു.
2022 ജൂലൈ 26നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം പുറപ്പെടുവിച്ചത്. ഇരയുടെ കുടുംബാംഗങ്ങളിൽ ഒരാൾക്ക് അവരുടെ യോഗ്യതയ്ക്ക് ആനുപാതികമായി സർക്കാർ വകുപ്പുകളിലോ സർക്കാർ സംരംഭങ്ങളിലോ ജോലി നൽകുന്ന കാര്യം പരിഗണിക്കണം എന്നായിരുന്നു ഉത്തർപ്രദേശ് സർക്കാരിന് കോടതി നിർദേശം നൽകിയത്.
കുടുംബത്തിന്റെ സാമൂഹിക- സാമ്പത്തിക പിന്നാക്കാവസ്ഥയും എസ്.സി/എസ്.ടി (അതിക്രമങ്ങൾ തടയൽ) നിയമം 1989 നൽകുന്ന അവകാശങ്ങളും കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 1989ലെ നിയമവും അതിനനുസരിച്ചുള്ള ചട്ടങ്ങളും വിശകലനം ചെയ്‌താണ് കോടതി ഇത്തരമൊരു നിഗമനത്തിലെത്തിയത്.
സുരക്ഷ മുൻനിർത്തി ഇരയുടെ കുടുംബത്തിന്റെ അവിടെ നിന്നുള്ള മാറ്റവും ജോലിയും അവകാശപ്പെടുന്നതിന് നിയമപരമായ അവകാശമുണ്ടെന്ന് കോടതി വിലയിരുത്തി. ഇത്തരമൊരു സാഹചര്യത്തിൽ തൊഴിൽ നൽകുന്നത് ആർട്ടിക്കിൾ 14, 16 എന്നിവയുടെ ലംഘനമാകുമെന്ന സംസ്ഥാനത്തിന്റെ വാദം ഭരണഘടനാപരവും നിയമപരവുമായി അടിത്തറയില്ലാത്തതാണെന്നും അതിനാൽ തള്ളുന്നതായും കോടതി വ്യക്തമാക്കിയിരുന്നു.
ഗ്രാമത്തിലെ ജനസംഖ്യയിൽ ഭൂരിഭാഗവും ഉയർന്ന ജാതിയിൽപ്പെട്ടവരാണെന്ന വസ്തുതയും ഹൈക്കോടതി കണക്കിലെടുത്തു. കൂടാതെ കുടുംബത്തെ എപ്പോഴും മറ്റ് ഗ്രാമീണർ വേട്ടയാടുന്നതായും കുടുംബാംഗങ്ങൾ പുറത്തുപോകുമ്പോഴെല്ലാം സിആർപിഎഫിന്റെ സുരക്ഷയുണ്ടായിട്ടു പോലും ഉപദ്രവിക്കുന്നതായും കോടതിക്ക് വ്യക്തമായി. അവർ അധിക്ഷേപത്തിനും അസഭ്യ പരാമർശങ്ങൾക്കും ഇരയാകുന്നതായും ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് കുടുംബത്തെ സംസ്ഥാനത്തിനകത്ത് തന്നെ മറ്റൊരിടത്തേക്ക് മാറ്റാൻ കോടതി നിർദേശിച്ചത്.