വിനോദയാത്രപോയ നാല് വിദ്യാർഥിനികൾ കടലിൽ മുങ്ങിമരിച്ചു; ആറ് അധ്യാപകർ അറസ്റ്റിൽ

അപകടത്തിൽപ്പെട്ട മൂന്ന് വിദ്യാർഥിനികളെ ലൈഫ് ഗാർഡും പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി

Update: 2024-12-12 17:55 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

ബെംഗളൂരു: സ്കൂളിൽ നിന്ന് വിനോദയാത്രപോയ സംഘത്തിലെ നാല് വിദ്യാർഥിനികൾ മുരുഡേശ്വറിലെ കടലിൽ മുങ്ങിമരിച്ചു. കോലാർ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ടായിരുന്നു 46 വിദ്യാർഥികളുടെ സംഘം അധ്യാപകർക്കൊപ്പം മുരുഡേശ്വറിൽ എത്തിയത്. ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ കടലിലിറങ്ങിയ ഏഴ് വിദ്യാർഥിനികൾ മുങ്ങിത്താഴുകയായിരുന്നു. ഒരാളുടെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ടും ബാക്കി മൂന്ന് പേരുടെ മൃതദേഹങ്ങൾ ഇന്നലെ രാവിലെയുമാണ് കണ്ടെത്തിയത്. അപകടത്തിൽപ്പെട്ട മറ്റ് മൂന്ന് പേരെ ലൈഫ് ഗാർഡും പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. തുടർന്ന് വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിദ്യാർഥി സംഘത്തെ നയിച്ച ആറ് അധ്യാപകരെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി ഉത്തരകന്നഡ എസ്പി എം. നാരായണ പറഞ്ഞു. അപകടകരമായ സ്ഥലങ്ങളിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നതിന് മുൻപ് അധ്യാപകർ വിദ്യാർഥികൾക്ക് സുരക്ഷാ ബോധവൽക്കരണം നൽകണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശിച്ചു. മരണപ്പെട്ട നാല് വിദ്യാർഥിനികളുടെ കുടുംബങ്ങൾക്കും മുഖ്യമന്ത്രി അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News