'പാക് വിജയം ആഘോഷിച്ചവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തും': യോഗി ആദിത്യനാഥ്
യു.പി യില്‍ പാക് വിജയം ആഘോഷിച്ചു എന്ന പേരില്‍ ഏഴുപേര്‍ക്കെതിരെ കേസെടുത്തിരുന്നു
ടി-20 ലോകകപ്പിൽ ഞായറാഴ്ച ഇന്ത്യക്കെതിരെ പാകിസ്താന്‍റെ വിജയം ആഘോഷിച്ചവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിൽ പാക് വിജയം ആഘോഷിച്ചതിന്‍റെ പേരിൽ ഏഴു പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പാകിസ്താൻ വിജയത്തെത്തുടർന്ന് പാക് അനുകൂല മുദ്രാവാക്യം മുഴക്കി എന്നാരോപിച്ചാണ് അഞ്ച് ജില്ലകളിൽ നിന്നായി ഏഴു പേർക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. അവർക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തുക. ഇന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം രാജസ്ഥാനിൽ പാക്കിസ്താൻ വിജയം വാട്‌സ് അപ്പ് സ്റ്റാറ്റസാക്കിയതിന്‍റെ പേരിൽ നഫീസ അത്താരി എന്ന അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാകിസ്താന്‍റെ വിജയത്തിന് ശേഷം രാജ്യത്ത് പലയിടങ്ങളിലായി നിരവധി അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പഞ്ചാബില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ ക്രൂരമായ അതിക്രമങ്ങളാണ് ഹിന്ദുത്വ സംഘടനകള്‍ അഴിച്ചുവിട്ടത്.