അമ്മയുടെ കാലുകള്‍ തൊട്ടുവണങ്ങി ഇഡിയുടെ ഓഫീസിലേക്ക്; ആരതിയുഴിഞ്ഞ് റാവത്തിനെ യാത്രയാക്കി മാതാവ്
ചോദ്യം ചെയ്യലിനായി രണ്ടുതവണ സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്ന് അന്വേഷണ ഏജൻസി ഞായറാഴ്ച റാവത്തിന്‍റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു
മുംബൈ: ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ചോദ്യം ചെയ്യലിനായി രണ്ടുതവണ സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്ന് അന്വേഷണ ഏജൻസി ഞായറാഴ്ച റാവത്തിന്‍റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. വൈകിട്ടോടെ ഇഡി ഓഫീസില്‍ വച്ച് ചോദ്യം ചെയ്യുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
റാവത്തിനെ ഇഡി കൊണ്ടുപോകുന്നതിനു മുന്‍പ് വികാരനിര്‍ഭരമായ രംഗങ്ങളാണ് വീട്ടില്‍ അരങ്ങേറിയത്. സഞ്ജയ് റാവത്ത് അമ്മയെ കെട്ടിപ്പിടിക്കുന്നതും ആശ്വസിപ്പിക്കുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്. അമ്മയുടെ കാലുകള്‍ തൊട്ടുവണങ്ങിയാണ് റാവത്ത് ഇഡിയുടെ ഓഫീസിലേക്ക് പോയത്. ആരതിയുഴിഞ്ഞാണ് അമ്മ മകനെ യാത്രയാക്കിയത്. വൈകിട്ട് 5.30ന് സ്വന്തം വാഹനത്തില്‍ ഇഡി ആസ്ഥാനത്ത് എത്തിയ റാവത്തിനെ രാത്രി വൈകിയും ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷമാണ് അറസ്റ്റ് ചെയ്തത്.
സേന എംപിയെ അറസ്റ്റ് ചെയ്യുകയോ തടങ്കലിൽ വയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ വിക്രാന്ത് സബ്‌നെ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. ''ഇന്ന് രാവിലെ ഇഡി സഞ്ജയ് റാവത്തിന് പുതിയ സമൻസ് അയച്ചു. അതിന്‍റെ അടിസ്ഥാനത്തിൽ, സഞ്ജയ് റാവത്ത് മൊഴി രേഖപ്പെടുത്താൻ ഇഡി ഓഫീസിലെത്തി. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയോ തടങ്കലിൽ വയ്ക്കുകയോ ചെയ്തിട്ടില്ല," സബ്‌നെ പറഞ്ഞു. റാവത്ത് സമന്‍സിനോട് പ്രതികരിക്കാത്തതിനെതിരെ ബി.ജെ.പി രംഗത്തെത്തി. ''നിരപരാധിയാണെങ്കിൽ ഇഡിയെ എന്തിനാണ് ഭയപ്പെടുന്നത്? വാർത്താസമ്മേളനം നടത്താൻ അദ്ദേഹത്തിന് സമയമുണ്ട്. എന്നാല്‍ അന്വേഷണ ഏജൻസിയുടെ ഓഫീസ് ചോദ്യം ചെയ്യല്ലിന് സമയമില്ലെന്നും'' ബി.ജെ.പി എം.എൽ.എ രാം കദം പറഞ്ഞു.
1034 കോടിയുടെ പത്രചൗൾ ഭൂമി അഴിമതി കേസിലാണ് ശിവസേന എം.പി കൂടിയായ റാവത്തിന്‍റെ വീട്ടില്‍ ഇഡി റെയ്ജ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നിനു റാവത്ത് ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. പിന്നീട് രണ്ടു തവണ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നുവെങ്കിലും പാർലമെന്‍റ് സമ്മേളനം ചൂണ്ടിക്കാട്ടി ഹാജരാകാൻ സാധിക്കില്ലെന്ന് റാവത്ത് അറിയിക്കുകയായിരുന്നു.