ബിജെപിക്ക് പ്രഹരം: വിദർഭയിലെ നേതാവ് ഗോപാൽദാസ് അഗർവാൾ കോൺഗ്രസിലേക്ക്, മടങ്ങി എത്തുന്നത് അഞ്ച് വർഷത്തിന് ശേഷം

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് ബിജെപിക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് ഗോപാല്‍ദാസ് കോണ്‍ഗ്രസിലേക്ക് തിരികെ എത്തുന്നത്

Update: 2024-09-14 04:13 GMT
Editor : rishad | By : Web Desk
Advertising

നാഗ്പൂര്‍: വിദർഭയില്‍ നിന്നുള്ള മുതിർന്ന നേതാവ് ഗോപാൽദാസ് അഗർവാൾ ബിജെപിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് ബിജെപിക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് ഗോപാല്‍ദാസ് കോണ്‍ഗ്രസിലേക്ക് എത്തുന്നത്. 

നേരത്തെ കോണ്‍ഗ്രസിലായിരുന്ന അദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങി എത്തുന്നത്. കോൺഗ്രസുകാരനെന്ന നിലയിൽ 2004, 2009, 2014 വർഷങ്ങളിൽ ഗോണ്ടിയ സീറ്റിൽ അഗർവാളായിരുന്നു വിജയിച്ചിരുന്നത്. എന്നാൽ 2019 നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അദ്ദേഹം ബിജെപിയിലേക്ക് മാറി. ജയിക്കാനായതുമില്ല. സ്വതന്ത്രനായ വിനോദ് എസ്. അഗർവാളിനോടാണ് അദ്ദേഹം പരാജയപ്പെട്ടത്. 

തോല്‍വിക്ക് കാരണം പ്രാദേശിക ബിജെപി നേതാക്കളാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അവര്‍ വേണ്ടത്ര സഹകരിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. കോൺഗ്രസിൻ്റെ പരമ്പരാഗത കോട്ടയാണ് ഗോണ്ടിയ സീറ്റ്. 1952 മുതൽ തുടർച്ചയായി 12 തവണ ഇവിടെ നിന്ന് കോണ്‍ഗ്രസിന്റെ എംഎല്‍എയാണുണ്ടായിരുന്നത്. 1995, 1999, 2019 എന്നീ വർഷങ്ങളിൽ മാത്രമാണ് ഇതിന് മാറ്റം സംഭവിച്ചിരുന്നത്.

ഗോപാല്‍ദാസിനെപ്പോലൊരു നേതാവ് കൂടുമാറുന്നത് വിദര്‍ഭ മേഖലയില്‍ സ്വാധീനമുറപ്പിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലും വിദര്‍ഭ മേഖലയില്‍ നിന്ന് കാര്യമായ നേട്ടമുണ്ടാക്കാന്‍ ബിജെപിക്കായിരുന്നില്ല.  പത്ത് സീറ്റുകളില്‍ ഒന്നില്‍ മാത്രമാണ് ബിജെപി വിജയിച്ചത്. അതാവട്ടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നാഗ്പൂരും. 

അതേസമയം ഗോപാല്‍ദാസിനെ വരവേല്‍ക്കാന്‍ നേതാക്കളുടെ നിരതന്നെ എത്തിയിരുന്നു. എഐസിസി ജനറൽ സെക്രട്ടറി രമേശ് ചെന്നിത്തല, സംസ്ഥാന പാർട്ടി അധ്യക്ഷൻ നാനാ പടോള്‍, പ്രതിപക്ഷ നേതാവ് (അസംബ്ലി) വിജയ് വഡേത്തിവാർ, മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ, മുൻ മന്ത്രിമാരായ നിതിൻ റൗത്ത്, സുനിൽ കേദാർ എന്നിവരുടെ സാന്നിധ്യത്തിലാണ് അഗർവാളിനെ കോൺഗ്രസിലേക്ക് സ്വീകരിച്ചത്. മറ്റു എംപിമാരും, എംഎൽഎമാരും ചടങ്ങിലുണ്ടായിരുന്നു.  

അഗർവാളിനെ പൂര്‍ണമനസോടെ സ്വീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 'വിദർഭയിലെ ജനങ്ങൾ എപ്പോഴും ഞങ്ങളെ പിന്തുണച്ചിട്ടുണ്ട്, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അവർ ഞങ്ങളെ വീണ്ടും പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഗർവാൾ തന്നെയായിരിക്കും ഇത്തവണയും ഗോണ്ടിയയില്‍ നിന്നുള്ള കോണ്‍ഗ്രസ്  സ്ഥാനാര്‍ഥി. ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല. 

അതേസമയം മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചില്ലെങ്കിലും സീറ്റ് ധാരണയ്ക്കുള്ള ചർച്ച പുരോഗമിക്കുകയാണ്. 288 നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത്, ലോക്സഭാഫലം വച്ചു നോക്കിയാൽ 150ലേറെ മണ്ഡലങ്ങളിൽ ' ഇന്‍ഡ്യ' സഖ്യത്തിനാണ് മേല്‍ക്കൈ. ഉദ്ധവ് വിഭാഗം ശിവസേന, ശരദ് പവാറിന്റെ എന്‍.സി.പി എന്നിവരാണ് സഖ്യത്തിലുള്ള മറ്റു പാര്‍ട്ടികള്‍. മഹാവികാസ് അഘാഡി സഖ്യമായാണ് മൂന്ന് പാര്‍ട്ടികളും മത്സരിക്കുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News