അപമാനിച്ചുവിട്ട കർഷകന് ഒടുവിൽ മാപ്പെഴുതിക്കൊടുത്ത് കാർ ഷോറൂം ജീവനക്കാർ

എസ്.യു.വി വാങ്ങാനെത്തിയ കർഷകനായ കെമ്പഗൗഡയെ ഷോറൂം ജീവനക്കാർ അപമാനിച്ചതാണ് വിവാദമായത്. ഇവർ പണമെത്തിച്ചെങ്കിലും കാർ ഡെലിവറി ചെയ്യാനായില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

Update: 2022-01-25 10:13 GMT
Advertising

കാർ ബുക്ക് ചെയ്യാനെത്തിയ കർഷകനെ അപമാനിച്ച കാർ ഷോറൂം ജീവനക്കാർ ഒടുവിൽ മാപ്പെഴുതിക്കൊടുത്ത് തടിയൂരി. കർഷകനായ കെമ്പഗൗഡ തുംകൂരിലെ തിലക്‌നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തന്നെയും സുഹൃത്തുക്കളെയും അപമാനിച്ച ജീവനക്കാർ രേഖാമൂലം മാപ്പെഴുതി നൽകണമെന്നായിരുന്നു ഇയാളുടെ ആവശ്യം. പൊലീസിന്റെ മധ്യസ്ഥതയിൽ ജീവനക്കാർ കെമ്പഗൗഡയ്ക്ക് മാപ്പെഴുതി നൽകുകയായിരുന്നു. ഇതിനെ തുടർന്ന് പൊലീസ് കേസ് അവസാനിപ്പിച്ചു.

വേഷം കണ്ട് ഒരാളെയും വിലയിരുത്തരുതെന്ന കാര്യം മറന്നുപോയതിന്റെ പേരിൽ തുംകൂരിലെ കാർ ഷോറൂം ഉടമകളാണ് പുലിവാല് പിടിച്ചത്. ചിക്കസാന്ദ്ര ഹോബ്‌ളിയിലെ രാമനപാളയം സ്വദേശിയായ കെമ്പഗൗഡയും സുഹൃത്തുക്കളും വെള്ളിയാഴ്ചയാണ് എസ്.യു.വി ബുക്ക് ചെയ്യാനായി കാർ ഷോറൂമിലെത്തി. കെമ്പഗൗഡയുടെ സ്വപ്നവാഹനമായിരുന്നു എസ്.യു.വി. കാർ വാങ്ങുന്നതിനുള്ള കാര്യങ്ങൾ ചോദിച്ചറിയുമ്പോൾ അവിടെയുണ്ടായിരുന്ന ഒരു എക്സിക്യൂട്ടീവ് ഇവരെ കണക്കിന് പരിഹസിച്ചു. 'പോക്കറ്റിൽ 10 രൂപപോലുമുണ്ടാകില്ല. പിന്നെയല്ലേ കാറിന് 10 ലക്ഷം രൂപ കൊടുക്കുന്നത്'. കെമ്പഗൗഡയുടെയും സുഹൃത്തുക്കളുടെയും വേഷം കണ്ടപ്പോൾ തമാശക്ക് കാർ നോക്കാൻ വന്നതാവും ഇവരെന്നാണ് അയാൾ കരുതിയത്. എന്നാൽ അയാളുടെ വാക്കുകൾ കെമ്പഗൗഡയെ വല്ലാതെ വേദനിപ്പിച്ചു. അവർ ഷോറൂമിൽ നിന്ന് ഇറങ്ങിപ്പോന്നു. ഇറങ്ങുന്നതിന് മുമ്പ് ഒരു കാര്യം കൂടി അവർ ഓർമിപ്പിച്ചു. പണം കൊണ്ടുതന്നാൽ ഇന്ന് തന്നെ ഞങ്ങൾക്ക് കാർ ഡെലിവറി ചെയ്യണം.

ബാങ്കുകളെല്ലാം ആ സമയത്ത് അടച്ചിരുന്നതിനാൽ ഇത്രയും പണം ഒരുമിച്ചെടുത്ത് വരാൻ സാധ്യതയില്ലെന്ന് അവർ കരുതിയെന്ന് കെമ്പഗൗഡ പറഞ്ഞു. പക്ഷേ പറഞ്ഞ സമയത്തിനുള്ളിൽ പത്ത് ലക്ഷം രൂപയുമായി എത്തിയപ്പോൾ ഷോറുമുകാർ ശരിക്കും ഞെട്ടി. ശനിയും ഞായറും അവധിയായതിനാൽ കാർ ഡെലിവറി ചെയ്യാൻ സാധിക്കാതെ ഷോറൂമുകാർ കുടുങ്ങി. എന്നാൽ ഇതോടെ കെമ്പഗൗഡയും സുഹൃത്തുക്കളും പ്രശ്നമുണ്ടാക്കി. അവർ ഷോറൂമിൽ കുത്തിയിരിപ്പ് സമരം നടത്തി. കാർ കിട്ടാതെ താൻ ഇവിടെ നിന്ന് പോകില്ലെന്നും പറഞ്ഞു. കാർ ഡെലിവറി ചെയ്യാതെ തങ്ങളെ അപമാനിച്ചെന്ന് കാട്ടി പൊലീസിന് പരാതി നൽകുകയും ചെയ്തു. തിലക് പാർക്ക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എത്തിയാണ് ഇയാളെ വീട്ടിലേക്ക് പറഞ്ഞയച്ചത്. ശനിയാഴ്ചയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായത്. മുല്ലയും കനകാംബരവുമടക്കമുള്ള പൂക്കൃഷി നടത്തുന്ന ആളാണ് കെമ്പഗൗഡ.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News