ആറ് മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിറ്റു; ആറ് പേർ അറസ്റ്റിൽ

കുഞ്ഞിനെ വാങ്ങിയ അധ്യാപകനടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Update: 2024-05-11 14:43 GMT
Advertising

താനെ: മധ്യപ്രദേശിൽ നിന്നും ആറ് മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മുംബൈയിൽ വിറ്റവർ പിടിയിൽ. മധ്യപ്രദേശിലെ രേവയിൽ നിന്നും തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ എട്ട് മണിക്കൂറിനിടെ 29 ലക്ഷം രൂപയ്ക്കാണ് പ്രതികൾ റായ്​ഗഢ് സ്വദേശിയായ അധ്യാപകന് വിറ്റത്. സംഭവത്തിൽ കുഞ്ഞിനെ വാങ്ങിയ അധ്യാപകനടക്കം ആറ് പേരെയാണ് മുംബൈ കല്യാൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് കുഞ്ഞിനെ രക്ഷപെടുത്തി.

കുഞ്ഞിനെ വാങ്ങിയ ശ്രീകൃഷ്ണ പാട്ടീൽ, മുംബൈയിലെ പ്രമുഖ ആശുപത്രിയിലെ ജീവനക്കാരനായ അമോൽ യെരുൽകാർ, ഭാര്യ അര‍വി യെരുൽകാർ, കല്യാണിലെത്തിച്ച കുട്ടിയെ കൈകാര്യം ചെയ്ത നിതിൻ സൈനി, സ്വാതി സോണി, റിക്ഷാ ഡ്രൈവർ പ്രദീപ് കൊലാംമ്പെ എന്നിവരാണ് പിടിയിലായത്.

പാട്ടീലിന്റെ വിദ്യാർഥിയായ അമോലാണ് കുഞ്ഞിനെ നൽകാമെന്ന് ഇയാളോട് പറഞ്ഞത്. കുഞ്ഞിനായി തന്റെ സമ്പാദ്യമായ 29 ലക്ഷം രൂപ നൽകാമെന്നായിരുന്നു പാട്ടീലിന്റെ പ്രതികരണം. പിന്നാലെ അമോൽ ഭാര്യയോട് വിവരം പറയുകയും പിന്നീട് ഇത് ഡ്രൈവറായ പ്രദീപിനോടും മറ്റ് പ്രതികളുമായും ചർച്ച ചെയ്യുകയും കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാൻ പദ്ധതിയിടുകയുമായിരുന്നു.

മെയ് ഒമ്പതിനായിരുന്നു വഴിയരികിൽ താമസിക്കുന്ന ദമ്പതികളിൽ നിന്നും സംഘം കുഞ്ഞിനെ തട്ടിയെടുത്തത്. പിന്നാലെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. കുഞ്ഞിനെ കണ്ടെത്താൻ പൊലീസ് രണ്ട് ടീമുകൾ രൂപീകരിച്ചു.

തുടർന്ന് രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നവി മുംബൈയിലെ പൻവേൽ ഏരിയയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ നിന്ന് കല്യാൺ പൊലീസ് കുഞ്ഞിനെ രക്ഷിച്ചതെന്ന് ഡിഎസ്പി കല്യാൺ സച്ചിൻ ഗുഞ്ചാൽ പറഞ്ഞു. പ്രതികൾക്കെതിരെ ഐപിസി 363 (തട്ടിക്കൊണ്ടുപോകൽ) ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ മധ്യപ്രദേശ് പൊലീസിന് കൈമാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News