ജിമ്മിൽ ട്രെഡ്മില്ലിൽ വ്യായാമത്തിനിടെ ഹൃദയാഘാതം; 21കാരൻ കുഴഞ്ഞുവീണ് മരിച്ചു

വിദ്യാർഥി വീഴുന്നത് കണ്ട് ഓടിവന്ന സുഹൃത്തുക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Update: 2023-09-17 07:49 GMT
Advertising

​ഗാസിയാബാദ്: ജിമ്മിലെ ട്രെഡ്മില്ലിൽ വ്യായാം ചെയ്യുന്നതിനിടെ 21കാരൻ കുഴഞ്ഞുവീണ് മരിച്ചു. ഉത്തർപ്രദേശിലെ ​ഗാസിയാബാദിലെ സരസ്വതി വിഹാറിലെ ജിമ്മിലാണ് സംഭവം. വർക്കൗട്ട് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീഴുകയും മരണപ്പെടുകയുമായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. നോയ്ഡയിലെ എഞ്ചിനീയറിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥി സി​ദ്ധാർഥ് സിങ് ആണ് മരിച്ചത്.

സിദ്ധാർഥ് ജിമ്മിൽ ട്രെഡ്മിൽ ഉപയോ​ഗിക്കുന്നതും ഇതിനിടെ ബുദ്ധിമുട്ട് തോന്നിയതിനെ തുടർന്ന് പെട്ടെന്ന് നിൽക്കുകയും ഉടൻ കുഴഞ്ഞുവീഴുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സിദ്ധാർഥ് വീഴുന്നത് കണ്ട് ഓടിവന്ന സുഹൃത്തുക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആശുപത്രിയിലെത്തിച്ചപ്പോഴേക്കും യുവാവ് മരിച്ചിരുന്നതായി പരിശോധിച്ച ഡോക്ടർ പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്നും ഡോക്ടർ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബീഹാറിലെ സിവാന്‍ സ്വദേശിയായ സിദ്ധാർഥ്, മാതാപിതാക്കളുടെ ഏകമകനാണ്.

അച്ഛനോടൊപ്പം നോയിഡയിലായിരുന്നു താമസം. അമ്മ ബീഹാറിലെ സർക്കാർ സ്കൂളിൽ അധ്യാപികയാണ്. മൃതദേഹം ബിഹാറിലെ സിവാനിലേക്ക് കൊണ്ടുപോയി. സംഭവത്തെ തുടർന്ന് ജിം അടച്ചിട്ടിരിക്കുകയാണ്. മരിക്കുന്നതിന് ഏകദേശം 10 മിനിറ്റ് മുമ്പ് സിദ്ധാർഥ് അമ്മയോട് ഫോണിൽ സംസാരിച്ചിരുന്നുവെന്നും ശേഷം വർക്കൗട്ട് തുടരുകയായിരുന്നെന്നും സുഹൃത്തുക്കൾ പറഞ്ഞു.

വർക്കൗട്ടിനിടെ നേരത്തെയും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ നടൻ സിദ്ധാന്ത് വീർ സൂര്യവംശി (46) ഹൃദയാഘാതത്തെ തുടർന്ന് ജിമ്മിൽ കുഴഞ്ഞുവീണിരുന്നു. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

അതിനുമുമ്പ്, പ്രശസ്ത ഹാസ്യനടൻ രാജു ശ്രീവാസ്തവയും ജിമ്മിൽ വർക്കൗട്ടിനിടെ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ട്രെഡ്‌മിൽ ഉപയോ​ഗിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ട്രെയ്നർ ഉടൻ അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിക്കുകയും ഡോക്ടർമാർ സിപിആർ നൽകുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല.

രണ്ട് മാസം മുന്‍പ് ഡൽഹിയിലെ ജിമ്മിലെ ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ 24കാരന്‍ ഷോക്കടിച്ച് മരിച്ചിരുന്നു. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ രോഹിണി സെക്ടര്‍ 15ലെ ജിമ്മിലെ ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് സാക്ഷന്‍ പൃതി എന്ന യുവാവ് ഷോക്കടിച്ച് മരിച്ചത്.

സംഭവത്തില്‍ ജിംനേഷ്യം മാനേജര്‍ക്കെതിരെയും ഉടമക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ജിംനേഷ്യത്തിലെ ഉപകരണങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിനും മനഃപൂര്‍വമല്ലാത്ത നരഹത്യാ കുറ്റത്തിനുമാണ് ജിംനേഷ്യം ഉടമയ്ക്കും മാനേജര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News