മണിപ്പൂർ സംഘർഷത്തില്‍ ഇടപെടലുമായി സുപ്രിംകോടതി; വനിതാ റിട്ട. ജഡ്ജിമാരുടെ ഉന്നതതല സമിതി രൂപീകരിച്ചു

ജസ്റ്റിസ് ഗീതാ മിത്തൽ അധ്യക്ഷയായ സമിതിയിൽ റിട്ട. ജഡ്ജിമാരായ ശാലിനി പി. ജോഷിയും മലയാളിയായ ജ. ആശ മേനോനും

Update: 2023-08-07 11:54 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: മണിപ്പൂരിൽ പ്രശ്‌നപരിഹാരത്തിനായി പ്രത്യേക സമിതി രൂപീകരിച്ച് സുപ്രിംകോടതി. മൂന്ന് ഹൈക്കോടതി മുൻ ജഡ്ജിമാരടങ്ങുന്ന ഉന്നതതല സമിതിയെയാണു കോടതി ദൗത്യം ഏൽപിച്ചിരിക്കുന്നത്. നഗ്നരാക്കി നടത്തപ്പെട്ട കുക്കി യുവതികളുടെ ആവശ്യപ്രകാരമാണിത്. മനുഷ്യാവകാശ പ്രശ്‌നങ്ങൾ, ദുരിതാശ്വാസ ക്യാംപുകളിലെ വിഷയങ്ങൾ, പുനരധിവാസം എന്നിവയെ സംബന്ധിച്ചു സമിതി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

ജസ്റ്റിസ് ഗീതാ മിത്തൽ അധ്യക്ഷയായ സമിതിയിൽ റിട്ട. ജഡ്ജിമാരായ ശാലിനി പി. ജോഷി, മലയാളിയായ ജ. ആശ മേനോൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. സി.ബി.ഐ അന്വേഷണത്തിൽ സമിതി ഇടപെടില്ല. അതിനു പുറമെയുള്ള കാര്യങ്ങളാകും സമിതി പരിശോധിക്കുകയെന്നു കോടതി അറിയിച്ചിട്ടുണ്ട്. മണിപ്പൂരിലെ നിയമവാഴ്ചയിൽ വിശ്വാസം വീണ്ടെടുക്കാനാണ് ശ്രമിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.

അതേസമയം, കലാപത്തിലെ ലൈംഗിക പീഡനക്കേസുകളിൽ സി.ബി.ഐ അന്വേഷണം തുടരുമെന്നും കോടതി അറിയിച്ചു. മുംബൈ മുൻ പൊലീസ് കമ്മിഷണർ ദത്താത്രേയ പട്‌സാൽൽഗിക്കറിനെ അന്വേഷണത്തിന്റെ മേൽനോട്ട ചുമതല ഏൽപിക്കുകയും ചെയ്തിട്ടുണ്ട്. കേസിൽ ഏതാനും മണിക്കൂറുകൾക്കകം വിധിവരും.

കലാപത്തിലെ പുനരധിവാസം, ദുരിതാശ്വാസ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളെല്ലാം മുൻ ജഡ്ജിമാരുടെ പ്രത്യേക സമിതിയുടെ ചുമതലയിലുള്ള. ഇതോടൊപ്പം ലൈംഗിക പീഡനക്കേസുകളിൽ സി.ബി.ഐ സംഘത്തിനൊപ്പം കോടതി ഉദ്യോഗസ്ഥരെ നിയമിക്കും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഡിവൈ.എസ്.പി റാങ്കിലുള്ള അഞ്ച് ഉദ്യോഗസ്ഥരെയാണ് നിയമിക്കുക.

സി.ബി.ഐ അന്വേഷിക്കാത്ത കേസുകൾ അന്വേഷിക്കാൻ 41 പേർ അടങ്ങിയ പ്രത്യേക സംഘത്തെ ആവശ്യമാണെന്നും കോടതി അറിയിച്ചിട്ടുണ്ട്. ഇവരെ എത്രയും വേഗം നിയമിക്കണമെന്നും കോടതി സംസ്ഥാന സർക്കാരിനു നിർദേശം നൽകിയിട്ടുണ്ട്. മണിപ്പൂർ ഡി.ജി.പി രാജീവ് സിങ് ഇന്നു കോടതിയിലെത്തിയിട്ടുണ്ട്. കോടതിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഡി.ജി.പി എത്തിയത്.

സംസ്ഥാനത്തെ സ്ഥിതി വളരെ പക്വതയോടെയാണ് സർക്കാർ കൈകാര്യം ചെയ്തതെന്ന് അറ്റോണി ജനറൽ ആർ. വെങ്കിട്ടരമണി പറഞ്ഞു. ബലാത്സംഗ കേസുകളിലെ അന്വേഷണ സംഘത്തിൽ വനിതാ ഓഫീസർമാരുണ്ട്. സി.ബി.ഐ സംഘത്തിലും വനിതാ ഓഫീസർമാരുണ്ടെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 12 എഫ്.ഐ.ആറുകൾ സി.ബി.ഐ അന്വേഷിക്കുമെന്നും സർക്കാർ അറിയിച്ചു.

എന്നാൽ, റിട്ട. ജഡ്ജിയുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതി രൂപീകരിക്കണമെന്ന് ഇരകളുടെ അഭിഭാഷകർ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടരുടെ മൃതദേഹങ്ങൾ കുടുംബങ്ങൾക്കു വിട്ടുനൽകണമെന്ന് അഭിഭാഷക ഇന്ദിര ജെയ്സിങ് ആവശ്യപ്പെട്ടു. ആയുധങ്ങൾ കൊള്ളയടിച്ചത്തിൽ സംസ്ഥാനം കൂട്ടുനിന്നോയെന്ന് അന്വേഷിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു. ആറു ജില്ലകളിൽ ആറു പ്രത്യേക സംഘങ്ങൾ അന്വേഷണം നടത്തുന്നുണ്ടെന്നാണു കേന്ദ്രം അറിയിച്ചത്. സി.ബി.ഐ സംഘം മണിപ്പൂരിലുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

Summary: Supreme Court sets up panel of 3 women ex-judges to oversee humanitarian measures in Manipur violence

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News