'സീല്‍ഡ് കവര്‍ വ്യവഹാരം ഭയാനകം': മീഡിയവണ്‍ വിലക്ക് പരാമര്‍ശിച്ച് ദ ഹിന്ദുവില്‍ ലേഖനം

സുപ്രിംകോടതി അഭിഭാഷകരായ കാളീശ്വരം രാജും തുളസി കെ രാജും 'ദ ഹിന്ദു'വില്‍ എഴുതിയ ലേഖനത്തിന്‍റെ പൂര്‍ണരൂപം

Update: 2022-03-08 08:39 GMT
Advertising

വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ലൈസന്‍സ് പുതുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മീഡിയവണ്‍ ചാനല്‍ കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി ഡിവിഷന്‍ ബെഞ്ച് തള്ളി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാൽ ലൈസൻസ് പുതുക്കാനാകില്ലെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും സർക്കാർ നിലപാട് അംഗീകരിച്ചു. ഈ സാഹചര്യത്തിൽ, ഈ വിധി അഭിപ്രായ സ്വാതന്ത്ര്യത്തിനും നീതിയുടെ നടപടിക്രമങ്ങള്‍ക്കും അപകടകരമായ കീഴ്‍വഴക്കം സൃഷ്ടിച്ചു.

റദ്ദാക്കപ്പെട്ട അവകാശങ്ങൾ

ഒരു കൂട്ടം അവകാശങ്ങളെ ഈ നിരോധനം നേരിട്ട് ബാധിക്കുന്നു. ആദ്യത്തേത് വ്യക്തമാണ്- ടെലിവിഷൻ ചാനലിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനും ആശയ പ്രകാശനത്തിനുമുള്ള അവകാശത്തെ ബാധിക്കുന്നു. തൊഴില്‍, ബിസിനസ് എന്നിവയ്ക്കുള്ള അവകാശത്തെ ബാധിക്കുന്നു. കൂടാതെ വിവരങ്ങള്‍ അറിയാനുള്ള പ്രേക്ഷകരുടെ അവകാശത്തെയും ബാധിക്കുന്നു. ഈ അധികാരങ്ങളെല്ലാം കാര്യനിര്‍വഹണ വിഭാഗം (എക്‌സിക്യൂട്ടിവ്) പൂർണമായും റദ്ദാക്കി. ആർട്ടിക്കിൾ 19(1) പ്രകാരമുള്ള  അവകാശങ്ങളിൽ ഇടപെടാൻ കഴിയുന്ന ഒരേയൊരു സാഹചര്യം ആർട്ടിക്കിൾ 19(2) പ്രകാരമുള്ള ന്യായമായ നിയന്ത്രണങ്ങളാണ്.

മീഡിയവണ്‍ വിധി ഉയർത്തുന്ന പ്രശ്‌നം, സുരക്ഷ അപകടത്തിലാണെന്ന് ഭരണകൂടത്തിന് തെളിയിക്കേണ്ടിവരുന്നില്ല എന്നതാണ്. മുദ്രവെച്ച കവർ (സീല്‍ഡ് കവര്‍) എന്ന വഴി സൗകര്യപ്രദമായി സ്വീകരിക്കാന്‍ കഴിയുന്നു.

മുദ്രവെച്ച കവര്‍ ആസ്പദമാക്കിയുള്ള നിയമശാസ്ത്രം ഭയപ്പെടുത്തുന്ന പ്രവണതയാണ്. എക്സിക്യുട്ടീവിന്‍റെ ഉത്തരവാദിത്വം ഉറപ്പാക്കാന്‍ നിയമപരമായ (ജുഡീഷ്യല്‍) പുനരവലോകന പ്രക്രിയ പ്രധാനമാണ്. ഭരിക്കുന്നവര്‍ അഭിപ്രായ സ്വാതന്ത്ര്യം പോലുള്ള മൗലികാവകാശങ്ങൾ വെട്ടിക്കുറയ്ക്കുമ്പോൾ അതു സംബന്ധിച്ച് യുക്തിഭദ്രമായ വിശദീകരണം നല്‍കണം. അവകാശങ്ങൾ ലംഘിക്കുന്ന ഏകപക്ഷീയമായ ഉത്തരവുകൾ പുറപ്പെടുവിക്കാൻ ഇന്ത്യൻ ഭരണഘടന എക്സിക്യൂട്ടീവിനെ അനുവദിക്കുന്നില്ല. എക്സിക്യൂട്ടീവ് നടപടികളുടെ നിയമപരമായ അവലോകനം ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയാണെന്ന് രാജ്യത്തെ സുപ്രിംകോടതി ആവർത്തിച്ച് നിരീക്ഷിച്ചിട്ടുണ്ട്. മിനർവ മിൽസ് Vs യൂണിയൻ ഓഫ് ഇന്ത്യ (1980), എൽ ചന്ദ്രകുമാർ Vs യൂണിയൻ ഓഫ് ഇന്ത്യ (1997) എന്നിവയിലെ വിധി ഈ അടിസ്ഥാന തത്വം ആവർത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഭരണത്തിലുള്ളവര്‍ അവകാശങ്ങള്‍ നിയന്ത്രിക്കുകയോ സെന്‍സര്‍ ചെയ്യുകയോ ചെയ്യുമ്പോള്‍ നടപടികള്‍ തൃപ്തികരമാണെന്ന് തെളിയിക്കണം. ഈ തത്വമാണ് ജുഡീഷ്യൽ അവലോകനത്തിന്റെ അടിസ്ഥാനശില.

'മുദ്രവെച്ച കവര്‍' എന്ന രീതി ഈ സാഹചര്യത്തെ മാറ്റിമറിക്കുന്നു. ഭരണത്തിലുള്ളവര്‍ 'ദേശസുരക്ഷ'യെന്ന് പറയുന്ന ആ നിമിഷത്തില്‍ 'മുദ്രവെച്ച കവറിൽ' ന്യായീകരണം അറിയിക്കാൻ കോടതികൾ അനുവാദം നല്‍കുന്നു. അവകാശങ്ങൾ റദ്ദാക്കപ്പെട്ട വിഭാഗത്തോട് ഈ 'കാരണങ്ങൾ' വെളിപ്പെടുത്തിയിട്ടില്ല. ഭരണകൂടത്തിന്‍റെ വാദങ്ങളില്‍ കോടതി തൃപ്തിപ്പെടുകയും ഹരജി തള്ളുകയും ചെയ്തു. വിലക്കിന്‍റെ കാരണങ്ങളെക്കുറിച്ച് അറിയാതെ മീഡിയവൺ പൂർണമായും ഇരുട്ടിലാണ്. ഇത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്.

അംഗീകരിച്ചത് മൗലികാവകാശ ലംഘനത്തെ

വിധി ഒരു വശത്ത് മൗലികാവകാശ ലംഘനത്തെ അംഗീകരിക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കുന്നു. മറുവശത്ത് നടപടിക്രമങ്ങളിലൂടെ ഇരയ്ക്കുള്ള പരിഹാരം തടയുന്നു. എഡിഎം ജബൽപൂർ (1976) വിധി വന്ന കാലഘട്ടത്തിന്റെ അനുകരണമാണിത്. അടിയന്തരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങൾ റദ്ദ് ചെയ്യാമെന്നും കോടതിയുടെ പരിശോധനയ്ക്ക് അവസരമില്ലെന്നും ഭൂരിപക്ഷവും ഈ കേസിൽ അഭിപ്രായപ്പെട്ടു. നിർഭാഗ്യവശാൽ മീഡിയവണ്‍ കേസിലെ വിധി എഡിഎം ജബൽപൂര്‍ വിധിയെ ഓര്‍മിപ്പിക്കുന്നു.

വിധിന്യായം എന്താണ് പറയുന്നതെന്ന് നോക്കാം- സിംഗിൾ ബെഞ്ച് ജഡ്ജി പറഞ്ഞു: "രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങള്‍ ഓഫീസർമാരുടെ സമിതി പരിശോധിച്ചെന്ന് കോടതിയിൽ ഹാജരാക്കിയ ഫയലുകളിൽ നിന്ന് വ്യക്തമാണ്". അവ "ഗുരുതര സ്വഭാവമുള്ളതാണ്". പക്ഷേ ഈ വിവരങ്ങള്‍ എന്താണെന്നത് അജ്ഞാതമായി തുടരുന്നു. മാർച്ച് 2ലെ വിധിന്യായത്തിൽ ഡിവിഷൻ ബെഞ്ച് പറഞ്ഞു: "പ്രശ്നത്തിന്റെ സ്വഭാവം, ആഘാതം, ആഴം എന്നിവ ഫയലുകളിൽ നിന്ന് വ്യക്തമല്ല എന്നത് ശരിയാണ്". എന്നിരുന്നാലും "ക്രമസമാധാനത്തെയും രാജ്യസുരക്ഷയെയും ബാധിക്കുന്ന വ്യക്തവും സുപ്രധാനവുമായ സൂചനകൾ" ഉണ്ടെന്ന് നിരീക്ഷിച്ച് ഹരജികള്‍ തള്ളാൻ ബെഞ്ച് തീരുമാനിച്ചു. ഒരു വാർത്താ ചാനലിനെ നിരോധിക്കുന്നതിന് 'സൂചനകള്‍' മാത്രമേ ആവശ്യമുള്ളൂ. അതാകട്ടെ ഒരിക്കലും ചാനലിനോട് വെളിപ്പെടുത്തുന്നുമില്ല!

'മുദ്ര വെച്ച കവര്‍' പോലെ സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്ക് വിരുദ്ധമായതൊന്നും, ജുഡീഷ്യല്‍ അവലോകനത്തിലെ സമീപകാല പ്രവണതകളില്‍ ഉണ്ടായിട്ടില്ല. ഭരണകൂടത്തിന്‍റെ നടപടിയുടെ നിയമസാധുത അവലോകനം ചെയ്യുകയെന്ന പ്രാഥമിക പ്രക്രിയയില്‍ നിന്ന് കോടതി വിട്ടുനിൽക്കണമെന്ന് കേന്ദ്ര സർക്കാർ ആഗ്രഹിച്ചു. കോടതി കൃത്യമായി അതുതന്നെ ചെയ്തു. ജനാധിപത്യത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ അവസാനത്തിന്‍റെ തുടക്കം കുറിക്കാന്‍ പര്യാപ്തമായ വിധിയാണിത്.

ഒരു നടപടി മൗലികാവകാശങ്ങളെ ഹനിക്കുന്നുവെന്ന് ആരോപണം ഉയരുമ്പോള്‍ ആ നടപടിയുടെ നിയമസാധുത ആനുപാതികതയുടെ സൂക്ഷ്മദര്‍ശിനിയിലൂടെ പരിശോധിക്കാൻ കോടതിക്ക് ബാധ്യതയുണ്ട്.

മോഡേൺ ഡെന്‍റൽ കോളജ് vs സ്റ്റേറ്റ് ഓഫ് മധ്യപ്രദേശ് (2016) കേസില്‍ ഇസ്രായേൽ സുപ്രിംകോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് അഹരോൺ ബരാക്ക് നിർദേശിച്ച ആനുപാതിക പരിശോധന സുപ്രിംകോടതി അംഗീകരിച്ചു- "ഭരണഘടനാപരമായ അവകാശത്തിന്റെ നിയന്ത്രണം ഭരണഘടനാപരമായി അനുവദനീയമാകുന്നത് താഴെപ്പറയുന്ന സാഹചര്യങ്ങളിലാണ്- (i) ആവശ്യം ന്യായമായിരിക്കണം (ii) അത്തരം നിയന്ത്രണം നടപ്പിലാക്കാൻ സ്വീകരിച്ച നടപടികൾ ആ ലക്ഷ്യത്തിന്‍റെ പൂർത്തീകരണവുമായി ന്യായമായും ബന്ധപ്പെട്ടിരിക്കുന്നതാവണം (iii) ശരിയായ ലക്ഷ്യം കൈവരിക്കേണ്ടതിന്റെ പ്രാധാന്യവും ഭരണഘടനാപരമായ അവകാശം നിയന്ത്രിക്കുന്നതിന്റെ സാമൂഹിക പ്രാധാന്യവും തമ്മിൽ ശരിയായ അനുപാതം അല്ലെങ്കിൽ സന്തുലിതാവസ്ഥ ഉണ്ടായിരിക്കണം. കെ എസ് പുട്ടുസ്വാമി VS യൂണിയന്‍ ഓഫ് ഇന്ത്യ (2017) കേസില്‍ ഇത് ആവര്‍ത്തിച്ചു. എന്നാൽ ആനുപാതിക വിശകലനത്തിന്റെ ഈ മുഴുവൻ പ്രക്രിയയും കേരള ഹൈക്കോടതി അരികുവല്‍ക്കരിച്ചിരിക്കുകയാണ്.

സുപ്രീംകോടതിയുടെ മുന്നിലേക്ക്

മീഡിയവൺ കേസ് സുപ്രിംകോടതി അഭിസംബോധന ചെയ്യേണ്ട പ്രശ്ന മേഖല സൃഷ്ടിച്ചേക്കാം. ഡിജി കേബിൾ നെറ്റ്‌വർക്ക് vs യൂണിയൻ ഓഫ് ഇന്ത്യ (2019) കേസിലെ സുപ്രീംകോടതിയുടെ വിധിയാണ് കേരള ഹൈക്കോടതി ആശ്രയിച്ചത്. ഡിജി കേബിള്‍ കേസില്‍ എക്‌സ്-ആർമി മെൻസ് പ്രൊട്ടക്ഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (2014) എന്ന മുൻകാല വിധിയിലെ തത്വം കോടതി ആവർത്തിച്ചു. "ദേശസുരക്ഷയുടെ കാര്യത്തില്‍, സ്വാഭാവിക നീതിയുടെ തത്വങ്ങൾ കർശനമായി പാലിക്കാൻ നിർബന്ധിക്കാനാവില്ല" എന്ന് സുപ്രിംകോടതി ഡിജി കേബിൾ കേസില്‍ നിരീക്ഷിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി ആവർത്തിച്ചു.

ഇവിടെ രണ്ട് വിഷയങ്ങളുണ്ട്- ഒന്നാമതായി നമ്മുടെ സമീപകാല നിയമ പ്രക്രിയയില്‍ ആനുപാതിക വിശകലനത്തെ അടിസ്ഥാനമാക്കിയുള്ള ദേശസുരക്ഷാ ഹരജി വന്നിട്ടില്ല. രണ്ടാമതായി പെഗാസസ് കേസിലെ (മനോഹർ ലാൽ ശർമ Vs യൂണിയൻ ഓഫ് ഇന്ത്യ 2021) മൂന്നംഗ ബെഞ്ച് ദേശസുരക്ഷയുടെ പേരുപറഞ്ഞ് എന്തും ചെയ്യാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഡിജി കേബിളില്‍ വിശാല ബെഞ്ച് നേരത്തെ പുറപ്പെടുവിച്ച വിധി കണക്കിലെടുത്ത്, ഹൈക്കോടതിക്ക് യാന്ത്രികമായ സമീപനം അവലംബിക്കാൻ കഴിയില്ല. ഡിജി കേബിള്‍ കേസിലെയും മുന്‍ സൈനികരുടെ കേസിലെയും തത്വം പെഗാസസ് കേസില്‍ പരോക്ഷമായി തിരസ്കരിക്കപ്പെട്ടിട്ടുണ്ട്. ഒരു കോടതിക്കും മുൻകാല വിധി ഒരു ചട്ടം പോലെ വായിക്കാനും ബാധകമാക്കാനും കഴിയില്ല. എന്നിട്ടും ഡിജി കേബിളിനെ കേരള ഹൈക്കോടതി ആശ്രയിച്ചു.

അപചയം

നിയമവിരുദ്ധമായും ഗൂഢമായും വിയോജിക്കുന്നവരുടെ ശബ്ദം അടിച്ചമർത്തുന്നതിൽ വിജയിച്ച ഭരണകൂടമാണ് നമുക്കുള്ളത്. രാഷ്ട്രീയ പ്രതിഷേധങ്ങളും അക്കാദമിക് വിമർശനവും ഉൾപ്പെടെ, ആക്രമണോത്സുക ഭരണകൂടത്തിനെതിരായ ഏത് വിയോജിപ്പിനെയും നിലവിലെ കേസ് ബാധിക്കും. ഏതൊരു ഭരണകൂട നടപടിക്കും നിശബ്ദ കാഴ്ചക്കാരനായി ഇരിക്കുന്ന കോടതി ജനാധിപത്യ അപചയത്തിന്‍റെ പ്രകടനമാണ്.

യുഎസ് സുപ്രിംകോടതിയിലെ ജസ്റ്റിസ് ജാക്‌സൺ പറഞ്ഞു: "വിയോജിപ്പുകളെ നിർബന്ധിതമായി ഉന്മൂലനം ചെയ്യാൻ തുടങ്ങുന്നവർ ഉടൻ തന്നെ വിയോജിപ്പുള്ളവരെ ഉന്മൂലനം ചെയ്യാന്‍ തുടങ്ങും. അഭിപ്രായങ്ങളുടെ നിർബന്ധിത ഏകീകരണം ശ്മശാനത്തിന്‍റെ ഏകീകൃതത്വം മാത്രമേ കൈവരിക്കൂ. (വെസ്റ്റ് വിർജീനിയ സ്റ്റേറ്റ് ബോർഡ് ഓഫ് എഡ്യൂക്കേഷൻ VS ബാർനെറ്റ് 1943). ഭരണഘടനാ കോടതികൾ അത്തരം സാധ്യതകളെ ശാശ്വതമാക്കുന്നതിനു പകരം ഇല്ലാതാക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News