നോട്ട് നിരോധനം ശരിവെച്ച് സുപ്രിംകോടതി; വിയോജിപ്പുമായി ജസ്റ്റിസ് ബി.വി നാഗരത്ന

സാമ്പത്തിക നയത്തിന്‍റെ കാര്യത്തിൽ വലിയ സംയമനം പാലിക്കേണ്ടതുണ്ട്. നോട്ട് നിരോധനം ലക്ഷ്യപ്രാപ്തി നേടിയോ എന്നത് പ്രാധാന്യമുള്ളതാണ്

Update: 2023-01-02 07:30 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: 2016 നവംബർ എട്ടിന് പ്രഖ്യാപിച്ച നോട്ട് നിരോധനം ശരിവെച്ച് സുപ്രിംകോടതിയുടെ ഭൂരിപക്ഷ വിധി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജസ്റ്റിസുമാർ നോട്ട് നിരോധിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്ന് വിധിച്ചു. 1,000ത്തിന്‍റെയും 500ന്‍റെയും നോട്ട് നിരോധിക്കാൻ കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച മൂന്നു കാരണങ്ങളും ശരിയായതിനാൽ നടപടിയുടെ ഫലപ്രാപ്തി അളക്കേണ്ടത് ഇല്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് എ. അബ്ദുൽ നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് നോട്ട് നിരോധനം റദ്ദാക്കണമെന്ന്ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിൽ ചരിത്ര വിധി പറഞ്ഞത്. കേന്ദ്ര സർക്കാർ നടപടി ശരിവെച്ച് ജസ്റ്റിസുമാരായ എ അബ്ദുൽ നസീർ, എ.എസ് ബൊപ്പണ്ണ, വി. രാമസുബ്രമണ്യൻ എന്നിവർ തയ്യാറാക്കിയ വിധി ജസ്റ്റിസ് ബി.ആർ ഗവായിയാണ് വായിച്ചത്.

ആർ.ബി.ഐ നിയമ പ്രകാരം ഒരു വിഭാഗം നോട്ട് പൂർണമായും നിരോധിക്കാൻ കേന്ദ്ര സർക്കാരിന് അധികാരമില്ലെന്നും നോട്ട് നിരോധിക്കാൻ റിസർവ് ബാങ്ക് നിർദേശിക്കാതിരിക്കെ, നടപടി ക്രമങ്ങൾ പാലിക്കാതെ എടുത്ത തീരുമാനം റദ്ദാക്കണം എന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം. നടപടിക്രമങ്ങൾ പാലിച്ചില്ല എന്നത് തീരുമാനം റദ്ദാക്കാൻ ഉള്ള കാരണമല്ല എന്ന് കോടതി വ്യക്തമാക്കി. മൂന്ന് ലക്ഷ്യങ്ങൾ ഉയർത്തിക്കാട്ടിയാണ് കേന്ദ്ര സർക്കാർ നോട്ട് നിരോധിച്ചത് എന്നും ഈ ലക്ഷ്യങ്ങൾ ശരിയായതിനാൽ നടപടിയുടെ ലക്ഷ്യപ്രാപ്തി നോക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.

എത്രത്തോളം ഫലപ്രാപ്തി ഉണ്ടാകുമെന്ന് മുൻകൂട്ടി കണ്ട് നോട്ട് നിരോധിക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് ബി.ആർ ഗവായ് വിധിയിൽ വ്യക്തമാക്കി. അസാധുവായ നോട്ട് മാറ്റിയെടുക്കാൻ 52 ദിവസം നൽകിയ കേന്ദ്ര സർക്കാർ തീരുമാനവും കോടതി ശരിവെച്ചു. കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക നയങ്ങളിൽ ഇടപെടുന്നതിന് കോടതിക്ക് പരിമിതി ഉണ്ടെന്നും ഹരജികൾ തള്ളിക്കൊണ്ടുള്ള ഭരണഘടന ബെഞ്ചിൻ്റെ ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News