നോട്ട് നിരോധനക്കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയും

ജസ്റ്റിസ് എസ്.എ നസീറിന്‍റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധിപറയുക

Update: 2023-01-02 01:04 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: നോട്ട് നിരോധനത്തിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകൾ പിൻവലിച്ച സർക്കാർ നടപടിയുടെ സാധുത ചോദ്യം ചെയ്ത ഹരജികളാണ് പരിഗണിക്കുന്നത്. ജസ്റ്റിസ് എസ്.എ നസീറിന്‍റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധിപറയുക. 2016 നവംബർ എട്ടിനാണ് കേന്ദ്രസർക്കാർ 500, 1000 രൂപ നോട്ടുകൾ നിരോധിച്ചത്.

നോട്ട് നിരോധനത്തിന്‍റെ സാധുത ചോദ്യം ചെയ്തത് സമർപ്പിച്ച 58 ഹരജികളിലാണ് സുപ്രീംകോടതി വിധി പറയുക. ജസ്റ്റിസ് ബി.ആർ ഗവായ് തയ്യാറാക്കിയ ഐകകണ്‌ഠ്യേനയുള്ള വിധിയാണ് ബെഞ്ച് പുറപ്പെടുവിക്കുക എന്നാണ് സൂചന. ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൻ, ബി.വി നാഗാർഥന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ റിസർവ് ബാങ്കിനോടും കേന്ദ്ര സർക്കാരിനോടും കോടതി നിർദേശിച്ചിരുന്നു. മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്ര ധനകാര്യമന്ത്രിയുമായ പി.ചിദംബരം ആണ് ഹരജിക്കാർക്ക് വേണ്ടി ഹാജരായത്. നോട്ട് നിരോധനം രാജ്യത്തെ നിയമവാഴ്ചയെ പരിഹസിക്കുന്നതാണെന്നും സാമ്പത്തിക വ്യവസ്ഥയെ തകർത്തുകളഞ്ഞെന്നും ചിദംബരം വധിച്ചു.

നോട്ട് അസാധുവാക്കാനുള്ള സർക്കാരിന്റെ ഏത് അധികാരവും സെൻട്രൽ ബോർഡിന്റെ ശിപാർശയിൽ മാത്രമാണെന്നും എന്നാൽ നിലവിലെ കേസിൽ നടപടിക്രമങ്ങൾ അട്ടിമറിക്കപ്പെട്ടെന്നും ചിദംബരം വാദിച്ചു. സാമ്പത്തിക നയത്തിനുമേൽ കോടതിക്ക് ഇടപെടുന്നതിന് പരിമിതികളുണ്ടെന്നാണ് നോട്ട് നിരോധനത്തെ ന്യായീകരിച്ചുകൊണ്ട് കേന്ദ്രസർക്കാർ വാദിച്ചത്. എന്നാൽ, അതിനർഥം കോടതി കയ്യുംകെട്ടി നോക്കിയിരിക്കുമെന്നല്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. നോട്ട് നിരോധിക്കുന്ന കാര്യം റിസർവ് ബാങ്കിനെ അറിയിച്ചോയെന്ന് സുപ്രീംകോടതി ആവർത്തിച്ച് ചോദിച്ചിരുന്നു. പണപരമായ നയങ്ങളിൽ തങ്ങളുടെ ശിപാർശയാണ് സർക്കാർ സ്വീകരിക്കുകയെന്നായിരുന്നു റിസർവ് ബാങ്കിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയുടെ മറുപടി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News