പ്രിയങ്കക്കും അതിഷിക്കുമെതിരായ അധിക്ഷേപ പരാമര്‍ശങ്ങള്‍; സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് രമേശ് ബിധൂഡിയെ മാറ്റുമോ? ആലോചിച്ച് ബിജെപി

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍കാജി മണ്ഡലത്തിലാണ് ബിധൂഡിയെ ബിജെപി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്

Update: 2025-01-08 09:55 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അതിഷിക്കും കോൺ​ഗ്രസ് എംപി പ്രിയങ്കാ​ഗാന്ധിക്കുമെതിരെയുള്ള അധിക്ഷേപ പരാമർശങ്ങളെ തുടർന്ന് ബിജെപി നേതാവ് രമേശ് ബിധൂഡിയെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകൾ. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍കാജി മണ്ഡലത്തിലാണ് ബിധൂഡിയെ ബിജെപി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.

രമേശ് ബിധൂഡിയെ മാറ്റുന്നതുമായി ബന്ധപ്പെട്ട് രണ്ട് സംഘടനാ യോഗങ്ങൾ ബിജെപിയിൽ നടന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബിധൂഡിക്ക് പകരം, ഒരു സ്ത്രീ സ്ഥാനാർഥിയെ കൊണ്ടുവരാനുള്ള ചർച്ചകളും നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതിഷിയുടെ തട്ടകമാണ് കല്‍കാജി. ഫെബ്രുവരി അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിന് വോട്ടെണ്ണും.

സ്ത്രീ വോട്ടര്‍മാര്‍ നിര്‍ണായകമായ ഡല്‍ഹിയില്‍ അവരെ വെറുപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തിയയൊരാള്‍ക്ക് സീറ്റ് നല്‍കിയാല്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. ഒരു മണ്ഡലത്തില്‍ മാത്രം അതിന്റെ അനുരണനങ്ങള്‍ ഒതുങ്ങില്ലെന്നും ബിജെപി കണക്കുകൂട്ടുന്നു.

വിജയിച്ചാല്‍ കൽകാജിയിലെയും ബിധൂഡിയിലെയും റോഡുകൾ പ്രിയങ്കാ​ഗാന്ധിയുടെ കവിളുകൾ പോലെ മൃദുലമാക്കും എന്ന ബിധൂഡിയുടെ പരാമർശമാണ് വിവാദമായത്. ഇതിനെതിരെ കോൺ​ഗ്രസ് രംഗത്തുവന്നിരുന്നു. എന്നാല്‍ കാര്യങ്ങൾ ​ഗുരുതരമാകുമെന്ന് കണ്ടതോടെ, മാപ്പ് പറഞ്ഞ് തടിതപ്പുകയായിരുന്നു ബിധൂഡി. അതിന് ശേഷമാണ് അതിഷിക്കെതിരെ വിവാദ പ്രസ്താവന നടത്തിയത്. സ്വന്തം അച്ഛനെ മാറ്റിയയാളാണ് അതിഷി എന്നായിരുന്നു പരാമര്‍ശം. ഇതിനെതിരെ എഎപിയും അതിഷിയും രംഗത്ത് എത്തിയിരുന്നു. 

ഇതിന് മുമ്പും ബിധൂഡി വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. ബിഎസ്പി എംപിയായിരിക്കെ ഡാനിഷ് അലിക്കെതിരെ പാര്‍ലമെന്റില്‍വെച്ച് നടത്തിയ വിവാദ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഭികരവാദി ഉള്‍പ്പെടെയുള്ള പദങ്ങളും അസഭ്യ പ്രയോഗങ്ങളുമാണ് അന്ന് ബിധൂഡി നടത്തിയിരുന്നത്. ഇതിനെ തുടര്‍ന്നാണ് 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിധൂഡിക്ക് സീറ്റ് കിട്ടാതെ പോയതെന്നും പറയപ്പെടുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News