1987ലെ ഹാഷിംപുര കൂട്ടക്കൊല: എട്ടു കുറ്റവാളികൾക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി

42 മുസ്‍ലിം യുവാക്കളെയാണ് അർധസൈനിക വിഭാഗം വെടിവെച്ച് കൊന്നത്

Update: 2024-12-06 10:32 GMT
Advertising

ന്യൂഡൽഹി: 1987ലെ ഹാഷിംപുര കൂട്ടക്കൊല കേസിൽ ശിക്ഷിക്കപ്പെട്ട എട്ടുപേർക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് അഭയ് എസ്. ഓഖ, അഗസ്റ്റിൻ ജോർ മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം നൽകിയത്. കുറ്റവാളികൾ നീണ്ടകാലം തടവിൽ കഴിയുകയാണെന്ന അഭിഭാഷകൻ അമിത് ആനന്ദ് തിവാരിയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് ജാമ്യം നൽകിയത്.

കുറ്റക്കാരായ സമീഉല്ല, നിരഞ്ജൻ ലാൽ, മഹേഷ് പ്രസാദ്, ജയ്പാൽ സിങ് എന്നിവർക്ക് വേണ്ടിയാണ് തിവാരി ഹാജരായത്. ഹൈക്കോടതി വിധി വന്നശേഷം ഇവർ ആറ് വർഷത്തിലധികമായി ജയിലിൽ കഴിയുകയാണെന്നും വിചാരണാ കോടതി ഇവരെ വെറുതെ വിട്ടിരുന്നുവെന്നും വിചാരണാ വേളയിൽ ഇവർ മാതൃകാപരമായാണ് പെരുമാറിയതെന്നും അദ്ദേഹം സമർത്ഥിച്ചു. തെറ്റായ കാരണങ്ങളാലാണ് വിചാരണാകോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതെന്നും അദ്ദേഹം വാദിച്ചു.

1987 മെയ് 22നാണ് കുപ്രസിദ്ധമായ ഹാഷിംപുര കൂട്ടക്കൊല നടക്കുന്നത്. ഉത്തർപ്രദേശിലെ മീററ്റിലുണ്ടായ വർഗീയ സംഘർഷത്തിന്റെ മറവിൽ ഇവിടെനിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ഹാഷിംപുര മോഹല്ലയിലെ 42 മുസ്‌ലിം യുവാക്കളെ ഉത്തർപ്രദേശ്‌ അർധ സൈനിക വിഭാഗമായ പിഎസി (PAC - Provincial Armed Constabulary) ട്രക്കിൽ കയറ്റിക്കൊണ്ടുപോയി വെടിവെച്ചുകൊന്ന്‌ നദിയിൽ തള്ളുകയായിരുന്നു. കേസിൽ വിചാരണ കോടതി പ്രതികളെ വെറുതെ വിട്ടിരുന്നുവെങ്കിലും ഹൈക്കോടതി ഈ വിധി റദ്ദാക്കുകയായിരുന്നു.

19 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതിൽ മൂന്നുപേർ വിചാരണക്കിടെ മരിച്ചു. 2015 മാർച്ച് 21നാണ് വിചാരണ കോടതി പ്രതികളെ വെറുതെവിട്ടത്. എന്നാൽ, 2018 ഒക്ടോബർ 31ന് 16 പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയായിരുന്നു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News