'സിമന്‍റ് കൊണ്ട് നിർമ്മിച്ച ക്ഷേത്രമെങ്ങനെ പുരാതനമാകും?'; യമുനാതീരത്തെ ശിവക്ഷേത്രം പൊളിച്ചതിനെതിരായ ഇടക്കാലാശ്വാസ ഹരജി തള്ളി സുപ്രിംകോടതി
പുരാതന ക്ഷേത്രങ്ങളെല്ലാം നിർമ്മിച്ചത് പാറ കൊണ്ടാണെന്നും അല്ലാതെ സിമന്റും പെയിന്റും ഉപയോഗിച്ചല്ലെന്നും കോടതി
ന്യൂഡൽഹി: യമുന തീരത്ത് അനധികൃതമായി പണിത ക്ഷേത്രം ഡൽഹി ഡെവലപ്മെന്‍റ് അതോറിറ്റി പൊളിച്ചതിനെതിരായ ഇടക്കാലാശ്വാസ ഹരജി സുപ്രിംകോടതി തള്ളി. നഗരത്തിലെ ഗീത കോളനിക്കും യമുന വെള്ളപ്പൊക്ക സമതലത്തിനും സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കുമാറും അഗസ്റ്റിൻ ജോർജ്ജ് മസിഹും അടങ്ങുന്ന അവധിക്കാല ബെഞ്ചാണ് ഹരജി തള്ളിയത്.
ക്ഷേത്രത്തിന്റെ പൗരാണിക പദവി തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ഹരജിക്കാരനോട് കോടതി ആവശ്യപ്പെട്ടു. 'പുരാതന ക്ഷേത്രങ്ങളെല്ലാം നിർമ്മിച്ചത് പാറ കൊണ്ടാണ്. അല്ലാതെ സിമന്റും പെയിന്റും ഉപയോഗിച്ചല്ല. ഇത്തരത്തിൽ നിർമിച്ചവയെല്ലാം ഇവയെല്ലാം സമീപകാല ക്ഷേത്രങ്ങളാണെന്നും അവയെങ്ങനെ പുരാതനമാകുമെന്നും കോടതി പറഞ്ഞു.
ക്ഷേത്രം പൊളിച്ച ഡിഡിഎയുടെ നടപടിക്കെതിരെ പ്രചീൻ ശിവ് മന്ദിർ അവാം അഖാഡ സമിതി സമർപ്പിച്ച ഹരജി മെയ് 29 ന് ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ശിവന് നമ്മുടെ സംരക്ഷണം ആവശ്യമില്ലെന്നും യമുനാതീരം കയ്യേറ്റമൊഴിപ്പിച്ച് സുഗമമായി ഒഴുകാൻ അനുവദിച്ചാൽ അതാകും ഭഗവാനെ സന്തോഷിപ്പിക്കുകയെന്നും ജസ്റ്റിസ് ധർമേഷ് ശർമ്മ നിരീക്ഷിച്ചിരുന്നു. കൂടാതെ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ലെന്നും ചരിത്രപ്രാധാന്യമുണ്ടെന്ന് വാക്കാൽ പറഞ്ഞതല്ലാതെ തെളിയിക്കുന്ന രേഖകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
കൂടാതെ, ക്ഷേത്രത്തിലെ വിഗ്രഹങ്ങളും മറ്റ് പൂജാവസ്തുക്കളും നീക്കം ചെയ്യാനും മറ്റേതെങ്കിലും ക്ഷേത്രത്തിൽ സ്ഥാപിക്കാനും ഹരജിക്കാരനായ സൊസൈറ്റിക്ക് കോടതി 15 ദിവസത്തെ സമയവും നൽകുകയും ചെയ്തിരുന്നു. അനധികൃതമായി നിർമ്മിച്ച ക്ഷേത്രം പൊളിക്കുന്നതിന് ഡിഡിഎയ്ക്ക് അനുമതി നൽകുകയും ചെയ്തിരുന്നു. ഈ ഉത്തരവിനെതിരെയാണ് ഹരജിക്കാരൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. എന്നാൽ 15 ദിവസത്തെ സമയപരിധി കഴിഞ്ഞതിനാൽ പൊളിക്കലിനെതിരെ സ്റ്റേ നൽകിയിരുന്നില്ല.തുടർന്നാണ് ഇടക്കാലാശ്വാസ ഹരജി നൽകിയത്.