നക്ഷത്രങ്ങളാൽ ചുറ്റപ്പെട്ട വാകപ്പൂവ്, ഇരുവശത്തും ആനകൾ ചുവപ്പും മഞ്ഞയും നിറം നിറഞ്ഞ പാർട്ടി പതാക പുറത്തിറക്കി വിജയ്
പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വിജയാണ് പതാക പുറത്തിറക്കിയത്
ചെന്നൈ: തമിഴ് സൂപ്പർതാരം വിജയുടെ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ പതാകയും ഗാനവും പുറത്തിറക്കി. ചെന്നൈ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് രാവിലെ 9.15 ന് നടന്ന ചടങ്ങിൽ വിജയാണ് പതാക പുറത്തിറക്കിയത്.
നക്ഷത്രങ്ങളാൽ ചുറ്റപ്പെട്ട വാകപ്പൂവ്, ഇരുവശത്തും ആനകൾ ചുവപ്പും മഞ്ഞയും നിറം നിറഞ്ഞതാണ് പാർട്ടി പതാക. പതാക പുറത്തിറക്കുന്ന വിവരം പാർട്ടിയുടെ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. ഓരോ ദിവസവും പുതിയ ദിശകൾ സമ്മാനിക്കുന്നുവെങ്കിൽ അത് നമ്മുക്ക് അനുഗ്രഹമാണ്. ആഗസ്റ്റ് 22 ന് ദൈവവും പ്രകൃതിയും നമ്മുക്ക് അനുഗ്രഹം നൽകിയ ദിവസമാണെന്നായിരുന്നു കുറിപ്പ്. പതാക പുറത്തിറക്കുന്നതിന് മുമ്പ് റിഹേഴ്സലടക്കം നടന്നുവെന്നാണ് റിപ്പോർട്ടുകൾ. കൊടിമരങ്ങൾ പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കരുതെന്നും പാർട്ടിയുടെ സ്ഥലങ്ങളിൽ മാത്രമെ സ്ഥാപിക്കാവു എന്നും നിർദേശിച്ചിട്ടുണ്ട്.
‘നമ്മുടെ രാജ്യത്തിനായി ജീവനർപ്പിച്ച സ്വാതന്ത്ര്യസമര പോരാളികളെയും തമിഴ് മണ്ണിൽനിന്നുള്ള നമ്മുടെ ജനങ്ങളുടെ അവകാശങ്ങൾക്കായി അക്ഷീണം പോരാടിയ എണ്ണമറ്റ സൈനികരെയും ഞങ്ങൾ എന്നും അഭിനന്ദിക്കും. ജാതിയുടെയും മതത്തിന്റെ ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങൾ ഞാൻ ഇല്ലാതാക്കും. എല്ലാ ജീവജാലങ്ങൾക്കും തുല്യത എന്ന തത്വം ഞാൻ ഉയർത്തിപ്പിടിക്കുമെന്നു ഞാൻ ആത്മാർത്ഥമായി ഉറപ്പിച്ച് പറയുന്നു’ - പാർട്ടി പ്രതിജ്ഞയിൽ പറയുന്നു.
ഫെബ്രുവരിയിലാണ് തമിഴക വെട്രി കഴകം ആരംഭിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചത്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.