സ്ത്രീകളോട് ബഹുമാനമില്ല; ബി.ജെ.പി നേതാവ് ഗായത്രി രഘുറാം പാര്‍ട്ടി വിട്ടു

ട്വിറ്ററിലൂടെയാണ് തന്‍റെ രാജിക്കാര്യം അറിയിച്ചത്

Update: 2023-01-03 07:36 GMT
Editor : Jaisy Thomas | By : Web Desk
Advertising

ചെന്നൈ: സസ്പെന്‍ഡ് ചെയ്യപ്പെട്ട തമിഴ്നാട് ബി.ജെ.പി നേതാവ് ഗായത്രി രഘുറാം പാര്‍ട്ടി വിട്ടു. പാർട്ടിക്കുള്ളിൽ സ്ത്രീകളോടുള്ള ബഹുമാനക്കുറവാണ് തന്‍റെ രാജിക്ക് പിന്നിലെന്ന് ഗായത്രി തിങ്കളാഴ്ച വ്യക്തമാക്കി.ട്വിറ്ററിലൂടെയാണ് തന്‍റെ രാജിക്കാര്യം അറിയിച്ചത്. സംസ്ഥാന പാർട്ടി അധ്യക്ഷൻ അണ്ണാമലൈയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ഗായത്രി ചൂണ്ടിക്കാട്ടി.

'തമിഴ്‌നാട് ബിജെപിയിൽ നിന്ന് രാജിവയ്ക്കാൻ ഞാൻ കഠിനമായ മനസ്സോടെ തീരുമാനിച്ചു. സ്ത്രീകൾക്ക് തുല്യാവകാശവും ബഹുമാനവും നൽകാത്തതിനെ തുടർന്നാണ് ഈ തീരുമാനം എടുത്തത്. അണ്ണാമലൈയുടെ നേതൃത്വത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല. പുറത്തുനിന്നുള്ള ആളായി ട്രോളപ്പെടുന്നതാണ് നല്ലത്'ഗായത്രി ട്വിറ്ററിൽ കുറിച്ചു. പാര്‍ട്ടിയുടെ കള്‍ച്ചറല്‍ വിംഗിന്‍റെ ചുമതലയുണ്ടായിരുന്ന ഗായത്രിയെ ഈയിടെയാണ് അണ്ണാമലൈ സസ്പെന്‍ഡ് ചെയ്തത്. പാര്‍ട്ടിയുടെ ഒബിസി വിഭാഗം സംസ്ഥാന നേതാവ് സൂര്യശിവ ന്യൂനപക്ഷ വിഭാഗം നേതാവ് ഡെയ്സിയെ അസഭ്യം പറഞ്ഞ സംഭവത്തില്‍ പരസ്യ പ്രതികരണം നടത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ആറു മാസത്തെക്കായിരുന്നു സസ്പെന്‍ഷന്‍.

അടുത്തിടെ ട്വിറ്ററിലൂടെ പാര്‍ട്ടി നേതൃത്വത്തിനെതിരെ ഗായത്രി രംഗത്തെത്തിയിരുന്നു.ഉത്തര്‍പ്രദേശില്‍ നടക്കുന്ന തമിഴ് സംഗമം പരിപാടിയിലേക്ക് ഗായത്രിയെ ക്ഷണിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. 

നടിയും നര്‍ത്തകിയുമായ ഗായത്രി 2014ലാണ് ബി.ജെ.പിയില്‍ ചേരുന്നത്. പ്രശസ്ത നൃത്ത സംവിധായകനായ രഘുറാമിന്‍റെ മകള്‍ കൂടിയാണ് ഗായത്രി. ചാര്‍ലി ചാപ്ലിന്‍,സ്റ്റൈല്‍,വയ് രാജാ വയ്,വികടന്‍ എന്നിവയാണ് ഗായത്രി അഭിനയിച്ച പ്രധാന സിനിമകള്‍. നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന സിനിമയില്‍ പൃഥ്വിരാജിന്‍റെ നായികയായും ഗായത്രി വേഷമിട്ടിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News