മൂര്‍ഖന്‍ പാമ്പുകള്‍ക്കായി വീട് വിട്ടുനല്‍കി കുടുംബം; വര്‍ഷങ്ങളായി വിഷപ്പാമ്പുകള്‍ക്കൊപ്പം താമസം
മൽക്കൻഗിരിയിലെ ഗൗഡഗുഡ പഞ്ചായത്തിന് കീഴിലുള്ള നിലിമാരി ഗ്രാമത്തിലെ ലക്ഷ്മി ഭൂമിയയും കുടുംബവുമാണ് പാമ്പുകള്‍ക്കായി വീടൊഴിഞ്ഞു കൊടുത്തത്
ഒഡിഷ: ഒരു പാമ്പിനെ ദൂരെയെങ്ങാനും കണ്ടാല്‍ തന്നെ പലരും പേടിച്ചുവിറയ്ക്കും. വീട്ടിലോ പരിസരത്തോ പാമ്പുകളെ കണ്ടാല്‍ പിന്നെ പറയുകയേ വേണ്ട. എന്നാല്‍ ഒഡിഷയിലെ ഒരു കുടുംബത്തിന് പാമ്പുകളെന്നാല്‍ സ്വന്തം വീട്ടിലെ അംഗത്തെപ്പോലെയാണ്. അതുകൊണ്ടാണ് അവര്‍ പാമ്പുകള്‍ക്കായി വീട്ടിലെ രണ്ടു മുറികള്‍ തന്നെ ഒഴിഞ്ഞുകൊടുത്തത്.
മൽക്കൻഗിരിയിലെ ഗൗഡഗുഡ പഞ്ചായത്തിന് കീഴിലുള്ള നിലിമാരി ഗ്രാമത്തിലെ ലക്ഷ്മി ഭൂമിയയും കുടുംബവുമാണ് പാമ്പുകള്‍ക്കായി വീടൊഴിഞ്ഞു കൊടുത്തത്. നിലവിൽ ഭൂമിയയും കുടുംബവും അവശേഷിക്കുന്ന ഒരു മുറിയിലാണ് താമസിക്കുന്നതെന്ന് റിപ്പോർട്ട്. പാമ്പുകൾ ചിതൽപ്പുറ്റുകൊണ്ട് മുറിക്കുള്ളിൽ കൂടൊരുക്കുകയായിരുന്നു. അത് നശിപ്പിക്കാതെ അവയ്ക്ക് ജീവിക്കാനുള്ള സൗകര്യം കുടുംബം ഏർപ്പാടാക്കി. ഇതോടെ പാമ്പുകളുടെ എണ്ണവും വർധിച്ചു.മൂർഖൻ പാമ്പുകൾ ഉൾപ്പെടെയുള്ള വിഷപ്പാമ്പുകളുടെ ഒരു വലിയ കൂട്ടം ഇപ്പോൾ ഉണ്ട്. കുടുംബം ഇതേ വീട്ടിലാണ് താമസിക്കുന്നതെന്ന ആശങ്കയിലാണ് അധികൃതർ. എന്നാൽ ഇവർ പുറത്തിറങ്ങാൻ തയ്യാറല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പാമ്പുകൾ ദൈവങ്ങളാണെന്നും അവ ഉപദ്രവിക്കില്ലെന്നും കുടുംബം അവകാശപ്പെട്ടു. ദിവസവും പാമ്പുകൾക്ക് പാലും ഭക്ഷണവും നൽകുന്നുണ്ട്. ആഴ്ചയില്‍ നാലു ദിവസം കുടുംബം പ്രത്യേക നാഗപൂജയും നടത്തുന്നു. പാമ്പുകൾ തങ്ങളെ ഉപദ്രവിക്കില്ലെന്ന് കുടുംബം പറയുമ്പോഴും അയൽവാസികൾ ആശങ്കയിലാണ്. ''ഒരു മുറിയില്‍ രണ്ടു വലിയ പാമ്പുകളാണ് ഉള്ളത്. എന്‍റെ മകള്‍ അവയെ നന്നായി നോക്കുമായിരുന്നു. ഇപ്പോൾ ഞങ്ങൾക്ക് പ്രായമായി. അതിനാൽ ഞങ്ങൾ പാമ്പിനെ ഭക്ഷണത്തിനായി പുറത്തേക്ക് വിടുന്നു. വയര്‍ നിറയുമ്പോൾ അവർ മടങ്ങിവരും." ലക്ഷ്മി പറയുന്നു.