'ഇനി ഒന്നായി പറക്കാം'; എയർ ഇന്ത്യയും വിസ്താരയും ലയിക്കുന്നു

2024 മാർച്ചോടെ ലയന നടപടികൾ പൂർത്തിയാക്കാനാണ് എസ്‌ഐഎയും ടാറ്റയും ലക്ഷ്യമിടുന്നത്

Update: 2022-11-29 13:52 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനികളായ എയർ ഇന്ത്യയും വിസ്താരയും ലയിക്കുന്നു. വിസ്താരയുടെ ഉടമസ്ഥരായ ടാറ്റ സൺസും സിംഗപ്പൂർ എയർലൈൻസും ഇത് സംബന്ധിച്ച് ധാരണയിലെത്തിയതായാണ് റിപ്പോർട്ട്. റെഗുലേറ്ററി അനുമതികൾക്ക് വിധേയമായി 2024 മാർച്ചോടെ ലയന നടപടികൾ പൂർത്തിയാക്കാനാണ്  ലക്ഷ്യമിടുന്നതെന്ന് സിംഗപ്പൂർ എയർലൈൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ലയനത്തിന്റെ ഭാഗമായി എയർ ഇന്ത്യയിൽ 2059 കോടി രൂപ നിക്ഷേപിക്കാനും സിംഗപ്പൂർ എയർലൈൻസ് സമ്മതിച്ചിട്ടുണ്ട്.ടാറ്റയാണ് എയർ ഇന്ത്യയുടെ നിലവിലെ ഉടമസ്ഥർ. ടാറ്റ ഗ്രൂപ്പിന് നിലവിൽ വിസ്താരയിൽ 51 ശതമാനം ഓഹരിയുണ്ട്, ശേഷിക്കുന്ന 49 ശതമാനം ഓഹരികൾ എസ്ഐഎയ്ക്കൊപ്പമാണ്.2000 കോടിയുടെ ഓഹരിയാണ് സിംഗപ്പൂർ എയർലൈൻസിനുള്ളത്. ലയനം സാധ്യമാകുന്നതോടെ കൂടുതൽ റൂട്ടുകൾ എയർ ഇന്ത്യയുടെ പരിധിയിൽ വരും. ടാറ്റ ഗ്രൂപ്പിന് എയർ ഇന്ത്യയിലും വിസ്താരയിലും ഓഹരിയുണ്ട്. എന്നാൽ ലയിക്കാൻ എയർ ഇന്ത്യയും വിസ്താരയും തീരുമാനിച്ചെങ്കിലും സർക്കാർ അനുമതിയാണ് അടുത്ത കടമ്പ.

ലയന കരാറിന്റെ ഭാഗമായി സിംഗപ്പൂർ എയർ ലൈൻസ് 2059 കോടി രൂപ എയർ ഇന്ത്യയിൽ നിക്ഷേപിക്കും. ഇതോടെ കമ്പനിയിലെ 25.1 ശതമാനം ഓഹരി സിംഗപ്പൂർ എയർലൈൻസിന്റേതായി മാറും. ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയാണ് എയർ ഇന്ത്യ. 218 വിമാനങ്ങളാണ് കമ്പനിക്ക് കീഴിൽ സർവീസ് നടത്തുന്നത്. നേരത്തെ സർക്കാർ ഉടമസ്ഥതയിലായിരുന്നു എയർ ഇന്ത്യ. 2022 ജനുവരി 27നാണ് കമ്പനിയുടെ 100 ശതമാനം ഓഹരിയും ടാറ്റ സൺസ് സ്വന്തമാക്കിയത്. അതേസമയം, വിസ്താരയിൽ ടാറ്റയ്ക്ക് 51 ശതമാനം ഓഹരിയാണുണ്ടായിരുന്നത്. ബാക്കി സിംഗപ്പൂർ എയർലൈൻസിനുമായിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 113 വിമാനങ്ങളുടെ എണ്ണം മൂന്നിരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എയർ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News