എന്തുകൊണ്ട് സ്പീക്കര്‍? നായിഡുവും നിതീഷും ചരടുവലിക്കുന്നതെന്തിന്?

പേരിനു മാത്രം അധികാരങ്ങളുള്ള പദവിക്കു വേണ്ടി എന്തുകൊണ്ടാണിപ്പോള്‍ ഇത്ര പിടിവലിയും വിലപേശലുമെന്നതു കൗതുകമുണർത്തുന്ന കാര്യമാണ്‌

Update: 2024-06-10 18:01 GMT
Editor : Shaheer | By : Shaheer
Advertising

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരില്‍ 72 മന്ത്രിമാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുകയാണ്. വകുപ്പുകളുടെ കാര്യവും ഇന്നു വൈകീട്ടോടെ തീരുമാനമായി. ബി.ജെ.പിയില്‍നിന്ന് 61 പേരും പ്രധാന സഖ്യകക്ഷികളായ ടി.ഡി.പിയില്‍നിന്നും ജെ.ഡി.യുവില്‍നിന്നും രണ്ടു വീതം പേരുമാണു മന്ത്രിപദവി ഏറ്റെടുത്തിരിക്കുന്നത്. ഏഴ് സഖ്യകക്ഷികള്‍ക്ക് ഓരോന്നു വീതം മന്ത്രിസ്ഥാനവും നല്‍കിയിട്ടുണ്ട്. ഇതിനിടെ, സഹമന്ത്രി സ്ഥാനം നല്‍കി ഒതുക്കിയതില്‍ അതൃപ്തിയുമായി മഹാരാഷ്ട്രയിലെ പ്രധാന സഖ്യകക്ഷികളായ ശിവസേന ഷിന്‍ഡെ പക്ഷവും അജിത് പവാര്‍ എന്‍.സി.പിയും രംഗത്തെത്തിക്കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍, ഇപ്പോള്‍ രാഷ്ട്രീയനിരീക്ഷകരുടെയെല്ലാം ശ്രദ്ധ മറ്റൊരു പദവിയിലാണ്. ആരാകും ലോക്‌സഭാ സ്പീക്കര്‍ എന്നാണിപ്പോള്‍ ചര്‍ച്ച. 'കിങ്മേക്കര്‍'മാരായി എന്‍.ഡി.എയ്ക്ക് തുടര്‍ച്ചയായി മൂന്നാമൂഴം നേടിക്കൊടുത്ത ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും സ്പീക്കര്‍ പദവിക്കു വേണ്ടി ചരടുവലികള്‍ ആരംഭിച്ചുകഴിഞ്ഞു. സര്‍ക്കാരിനെ പിന്തുണയ്ക്കാനുള്ള ഉപാധിയായി നായിഡു നേരത്തെ തന്നെ സ്പീക്കര്‍ ആവശ്യം മുന്നില്‍വച്ചിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പേരിനു മാത്രം അധികാരങ്ങളുള്ള പദവിക്കു വേണ്ടി എന്തിനാണിത്ര പിടിവലിയും വിലപേശലുമെന്ന കൗതുകം പലര്‍ക്കുമുണ്ട്. രാഷ്ട്രീയ തന്ത്രശാലികളും പരിണതപ്രജ്ഞരുമായ നായിഡുവും നിതീഷും ആ പദവിയില്‍ കണ്ണുവയ്ക്കുന്നത് വെറുതയല്ല. സഖ്യകക്ഷികളുടെ മാത്രം പിന്‍ബലത്തില്‍ അധികാരമുറപ്പിച്ച നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും കൃത്യമായൊരു സന്ദേശവും മുന്നറിയിപ്പും കൂടിയാണാ നീക്കം.

എന്താണ് സ്പീക്കറുടെ അധികാരം? എങ്ങനെയാണു തെരഞ്ഞെടുപ്പ്?

ലോക്‌സഭയുടെ ഭരണഘടനാപരമായുള്ള തലവനാണ് സ്പീക്കര്‍. ഡെപ്യൂട്ടി സ്പീക്കര്‍ സ്പീക്കറുടെ അഭാവത്തിലുള്ള സഭാനാഥനും. 1919ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ നിയമപ്രകാരമാണ് രണ്ടു പദവികളും രാജ്യത്ത് ആരംഭിക്കുന്നത്.

ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിലാണ് സ്പീക്കറെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടക്കുക. ഇതിനുമുന്‍പ് നിയുക്ത എം.പിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങും സ്പീക്കര്‍ തെരഞ്ഞെടുപ്പും നിയന്ത്രിക്കാനായി അംഗങ്ങളില്‍നിന്ന് പ്രോടേം സ്പീക്കറെ രാഷ്ട്രപതിയും നിയമിക്കും.

സഭാ നാഥനായതുകൊണ്ടു തന്നെ അകത്ത് അംഗങ്ങളുടെ അച്ചടക്കവും ഇടപെടലുകളുമെല്ലാം സ്പീക്കറുടെ മേല്‍നോട്ടത്തിലായിരിക്കും. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ക്കിടയില്‍ ബഹളമോ തര്‍ക്കമോ എല്ലാമായി കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സന്ദര്‍ങ്ങളില്‍ സഭ നിര്‍ത്തിവയ്ക്കുന്നതും ആവശ്യമാണെങ്കില്‍ പിരിച്ചുവിടുന്നതുമെല്ലാം സ്പീക്കറാകും. അച്ചടക്കനടപടിയായി അംഗങ്ങളെ സമ്മേളന കാലയളവില്‍ വിലയ്ക്കാനുള്ള അധികാരവും ആ പദവയിലിരിക്കുന്നയാള്‍ക്കുണ്ടാകുമെന്നതാണു പ്രധാനപ്പെട്ട കാര്യം.

ജി.വി മാവലങ്കറായിരുന്നു ഇന്ത്യയുടെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ലോക്‌സഭാ സ്പീക്കര്‍. 18 പേരാണ് ആ പദവിയില്‍ ഇതുവരെ ഇരുന്നിട്ടുള്ളത്. നിഷ്പക്ഷത, അഥവാ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരോടും തുല്യമായി പെരുമാറുക എന്നതാണ് സ്പീക്കറുടെ പ്രധാന യോഗ്യത. അതുകൊണ്ടുതന്നെ സ്പീക്കറായ ശേഷം കോണ്‍ഗ്രസ് അംഗത്വം രാജിവച്ച എന്‍. സഞ്ജീവ റെഡ്ഡി എന്നൊരു സ്പീക്കര്‍ നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലുണ്ട്. ആ പദവിയോട് നീതി പുലര്‍ത്താനായിരുന്നു അദ്ദേഹത്തിന്റെ നടപടി. നീതിയും നിഷ്പക്ഷതയും മുഖമുദ്രയായ സോമനാഥ് ചാറ്റര്‍ജിയെ സി.പി.എം പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയ സാഹചര്യവുമുണ്ടായി. 2008ല്‍ യു.പി.എ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ സ്വീകരിച്ച നിഷ്പക്ഷ നിലപാടായിരുന്നു നടപടിക്കു കാരണം.

ടി.ഡി.പിയുടെയും ജെ.ഡി.യുവിന്റെയും ചാട്ടം എന്തിന്?

16 സീറ്റുള്ള ടി.ഡി.പിയുടെയും 12 സീറ്റുള്ള ജെ.ഡി.യുവിന്റെയും തോളിലേറിയാണ് ബി.ജെ.പി വന്‍ തിരിച്ചടി നേരിട്ട തെരഞ്ഞെടുപ്പിനു പിന്നാലെ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറിയത്. തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ കിങ്‌മേക്കര്‍മാരായി മാറി നായിഡുവും നിതീഷും. എന്നാല്‍, രണ്ടുപേരും സ്പീക്കര്‍ സ്ഥാനത്തിനായി കണ്ണുവയ്ക്കുന്നതിനു പിന്നിലൊരു ചാണക്യസൂത്രമുണ്ട്. അതാണു ബി.ജെ.പിയെ വെട്ടിലാക്കുന്നതും.

നേരത്തെ എന്‍.ഡി.എയ്‌ക്കൊപ്പമുണ്ടായിരുന്ന നിതീഷ് കുമാര്‍ മുന്നണി വിടുമ്പോള്‍ പറഞ്ഞൊരു കാര്യമുണ്ടായിരുന്നു. ബി.ജെ.പി ഒപ്പംനിന്ന് ജെ.ഡി.യുവിനെ പിളര്‍ത്തുകയാണെന്ന്. കഴിഞ്ഞ പത്തു വര്‍ഷത്തെ ഇന്ത്യന്‍ രാഷ്ട്രീയം അതിന്റെ നേര്‍സാക്ഷിയാണ്. കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങി ഒരുപാട് സംസ്ഥാനങ്ങളില്‍ ഓപറേഷന്‍ കമല എന്ന പേരിലുള്ള ബി.ജെ.പിയുടെ ആ കുശാഗ്ര, കുത്സിതബുദ്ധി പലതവണ കണ്ടതാണ്. അതുതന്നെയാണ് ടി.ഡി.പിയും ജെ.ഡി.യുവും ഒരുപോലെ ഭയയ്ക്കുന്നത്.

ഇപ്പോള്‍ ഭരണം പിടിക്കാന്‍ വേണ്ടി തങ്ങളെ കൂടെക്കൂട്ടിയ അതേ ബി.ജെ.പി, പതിയെ തങ്ങളെ ഒന്നാകെ വിഴുങ്ങുന്ന നിസ്സഹായമായാവസ്ഥ അവര്‍ മുന്‍കൂട്ടിക്കാണുകയും ഭയയ്ക്കുകയും ചെയ്യുന്നുണ്ടാകും. അത്തരമൊരു ഘട്ടത്തില്‍ സ്പീക്കറുടെ റോള്‍ പ്രധാനമാണ്. കൂറുമാറ്റ നിയമം, ജനപ്രാതിനിധ്യ നിയമം തുടങ്ങിയ വിഷയങ്ങളിലെല്ലാം അവസാനവാക്കായി വരിക സ്പീക്കറാകും. അടുത്തിടെ മഹാരാഷ്ട്രയില്‍ നടന്ന ഭരണാട്ടിമറി നാടകം ഈ പാര്‍ട്ടികളുടെയെല്ലാം മനസിലുണ്ടാകും. ശിവസേനയെ പിളര്‍ത്തി എക്‌നാഥ് ഷിന്‍ഡെയെയും എന്‍.സി.പിയെ പിളര്‍ത്തി അജിത് പവാറിനെയും അടര്‍ത്തിയെടുത്ത് മഹാരാഷ്ട്രയില്‍ ബി.ജെ.പി നടത്തിയ രാഷ്ട്രീയനാടകങ്ങള്‍ക്ക് കൂട്ടുനിന്നത് നിയമസഭാ സ്പീക്കറായിരുന്നു.

ലോക്‌സഭയില്‍ കേവല ഭൂരിപക്ഷമുറപ്പിക്കാനാകാതെ പോയതോടെ സര്‍ക്കാര്‍ രൂപീകരണത്തിനു വിയര്‍ത്ത ബി.ജെ.പി ഭാവിയിലും ഭരണപ്രതിസന്ധി മുന്നില്‍കാണുന്നുണ്ട്. അതുകൊണ്ടുതന്നെ ബി.ജെ.പി സമാനമായ നീക്കങ്ങള്‍ അതിവിദൂരമല്ലാത്ത ഭാവിയില്‍ കേന്ദ്രത്തിലും പരീക്ഷിച്ചേക്കാമെന്ന ഭയം ഏറെ രാഷ്ട്രീയം കണ്ടുപരിചയമുള്ള നിതീഷിനും നായിഡുവിനുമുണ്ടാകും. അതുകൊണ്ടു തന്നെ സ്പീക്കര്‍ എന്ന യഥാര്‍ഥ അധികാരം തങ്ങളുടെ കൈയില്‍ തന്നെ ഉറപ്പിച്ച് ബി.ജെ.പിയുടെ ഭാവിയിലുള്ള ഏതു രാഷ്ട്രീയ നീക്കങ്ങള്‍ക്കും ഇപ്പോള്‍ തന്നെ തടയിടുക എന്ന തന്ത്രമാകും രണ്ടുപേരും പയറ്റുന്നത്.

1998ല്‍ എ.ബി വാജ്‌പേയി സര്‍ക്കാരില്‍ നിര്‍ണായക റോളുണ്ടായിരുന്ന നായിഡുവിന്റെ പാര്‍ട്ടിക്ക് സ്പീക്കര്‍ സ്ഥാനം ലഭിച്ചിരുന്നു. ജി.എം.സി ബാലയോഗിയായിരുന്നു അന്ന് ആ പദവിയിലിരുന്ന ജെ.ഡി.യുവിന്റെ പ്രതിനിധി. അന്ന് എന്‍.ഡി.എ കണ്‍വീനറുമായിരുന്നു നായിഡു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയായിരിക്കും നായിഡുവിന്റെ വിലപേശല്‍. മന്ത്രിസഭയില്‍ സുപ്രധാന വകുപ്പുകളൊന്നും ലഭിക്കാത്ത കാര്യമുയര്‍ത്തി നിതീഷും സ്പീക്കര്‍ പദവിക്കായി നിതീഷും ഒന്ന് എറിഞ്ഞുനോക്കും.

എന്നാല്‍, ഇതിനെല്ലാം പിന്നിലെ യഥാര്‍ഥ താല്‍പര്യം തിരിച്ചറിയാന്‍ ബി.ജെ.പിക്ക് മറ്റാരുടെയും സഹായം വേണ്ടിവരില്ലല്ലോ. ഈ 'സ്പീക്കര്‍ കൗശലത്തോട്' ബി.ജെ.പിയുടെ ചാണക്യന്മാരും കൗശലക്കാരും എങ്ങനെ പ്രതികരിക്കുമെന്നതു കാത്തിരുന്നുതന്നെ കാണണം.

Summary: Why the TDP and JD(U) are negotiating hard for the Speaker’s position in the Modi 3.0 government?

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Shaheer

contributor

Similar News