വഖഫ് ബില്ലിനെ തള്ളി തെലങ്കാന വഖഫ് ബോർഡ്

വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണത്തെയും പ്രവർത്തനത്തെയും ദുർബലപ്പെടുത്തുന്നതാണ് ബില്ലെന്ന് തെലങ്കാന വഖഫ് ബോർഡ് വ്യക്തമാക്കി

Update: 2024-08-29 11:13 GMT
Advertising

ഹൈദരാബാദ്: കേന്ദ്രസർക്കാരിന്റെ വഖഫ് ബില്ലിനെ തള്ളി തെലങ്കാന വഖഫ്ബോർഡ്. തെലങ്കാന വഖഫ് ബോർഡ് ചെയർമാൻ സയ്യിദ് അസ്മത്തുല്ലാഹ് ഹുസൈനിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ഹൈദരാബാദിൽ ചേർന്ന പ്രത്യേകയോഗത്തിലാണ് തീരുമാനം.

വഖഫ് ബോർഡിന്റെ സ്വയംഭരണത്തെ ദോഷകരമായി ബാധിക്കുന്നതാണ് ബില്ലെന്ന് യോഗം വിലയിരുത്തി. ബില്ല് സമഗ്രമായി പരിശോധിച്ചു. ബില്ലിലെ വ്യവസ്ഥകൾ അപകടകരമാണ്. അതുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ബോർഡിന് ബോധ്യപ്പെട്ടു. അതുകൊണ്ട് കേന്ദ്രസർക്കാർ കൊണ്ട​ുവന്ന വഖഫ് ബില്ല് തള്ളാൻ തീരുമാനിച്ചതായി തെലങ്കാന വഖഫ് ബോർഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

സംസ്ഥാനത്തുടനീളമുള്ള വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണത്തെയും പ്രവർത്തനത്തെയും ദുർബലപ്പെടുത്തുന്നതാണ് ബില്ലെന്ന് ബോർഡ് അംഗങ്ങൾ വ്യക്തമാക്കി. തെലങ്കാനയിൽ വഖഫ് ബോർഡിന് ധാരാളം സ്വത്തുക്കളുണ്ട്. പുതിയ ബില്ല് പ്രത്യേക രാഷ്ട്രിയ താൽപര്യത്തോടെയാണ് കൊണ്ടുവന്നിരിക്കുന്നത്. വഖഫ് ബോർഡിൻ്റെയും വഖഫ് സ്ഥാപനങ്ങളുടെയും സ്വത്തുക്കളുടെയും സ്വയംഭരണാധികാരം തകർക്കുക എന്നതാണ് ലക്ഷ്യമെന്നും യോഗം വിലയിരുത്തി. 

വഖഫ് ഭേദഗതി ബില്ലിൽ സംയുക്ത സമിതിയുടെ ആദ്യ സിറ്റിങ് കഴിഞ്ഞയാഴ്ചയാണ് ഡൽഹിയിൽ നടന്നത്. സഖ്യകക്ഷികൾ ആശങ്കകളും പ്രതിപക്ഷം എതിർപ്പുകളും ഉയർത്തിക്കാട്ടിയതോടെ ആദ്യ സിറ്റിങ്ങിൽ ബി.ജെ.പി പ്രതിരോധത്തിലാ​യതായി റി​പ്പോർട്ടുണ്ടായിരുന്നു. 

പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ല് പ്രതിപക്ഷ​ത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്നാണ് സംയുക്ത സമിതിക്ക് വിടുന്നത്. രണ്ടാഴ്ചക്ക് ശേഷമാണ് യോഗം ചേർന്നത്. യോഗത്തിൽ ബി.ജെ.പിയുടെ സഖ്യകക്ഷികളായ ജെ.ഡി (യു), എൽ.ജെ.പി (രാംവിലാസ്), ടി.ഡി.പി എന്നിവർ നിഷ്പക്ഷ നിലപാടുകളാണ് സ്വീകരിച്ചത്. ടി.ഡി.പിയും ജെ.ഡി.യുവും മുസ്‍ലിം സംഘടനകൾ പ്രകടിപ്പിക്കുന്ന ആശങ്കകൾ പരിഹരിക്കണമെന്ന് തുറന്ന് പറയുകയും ചെയ്തതോടെ ബി.ജെ.പി പ്രതിരോധത്തിലായെന്നും യോഗത്തിൽ ബി.ജെ.പി ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 


Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News