തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസ്: സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതികളുടെ ഹരജി ഇന്ന് കോടതിയില്‍
ടി.ആർ.എസ് എം.എൽ.എമാരെ കൂറുമാറ്റാൻ ശ്രമിച്ച സംഭവം തെലങ്കാന പൊലീസാണ് ഇപ്പോൾ അന്വേഷിക്കുന്നത്.
തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട പ്രതികളുടെ ഹരജി തെലങ്കാന ഹൈക്കോടതി ഇന്ന് പരിഗണിക്കും. ടി.ആർ.എസ് എം.എൽ.എമാരെ കൂറുമാറ്റാൻ ശ്രമിച്ച സംഭവം തെലങ്കാന പൊലീസാണ് ഇപ്പോൾ അന്വേഷിക്കുന്നത്. അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിടണമെന്ന് ആവശ്യപ്പെട്ട്, മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെ എതിർകക്ഷിയാക്കി തുഷാർ വെള്ളാപ്പള്ളി ഇന്നലെ ഹരജി ഫയൽ ചെയ്തിരുന്നു. പരിഗണന പട്ടികയിൽ ഇല്ലെങ്കിലും തുഷാറിന്റെ അഭിഭാഷകൻ ഇന്ന് ഹരജി കോടതിയുടെ ശ്രദ്ധയിൽ പെടുത്തും.
ടി.ആർ.എസ് എം.എൽ.എമാരെ വിലക്കെടുക്കാൻ കോടിക്കണക്കിനു രൂപയുമായി എത്തി കുടുങ്ങിയ രാമചന്ദ്ര ഭാരതി അടക്കമുള്ളവരാണ് കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിലെത്തിയത്. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ഗുജ്ജുല പ്രേമെന്ദർ റെഡ്ഡിയും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. തെലങ്കാന പൊലീസിൽ നിന്നും നീതിപൂർവമായ അന്വേഷണം ഉണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ചോദ്യംചെയ്യലിന് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷിന് നൽകിയ നോട്ടീസ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്.
കേസിലെ മറ്റു രണ്ട് പ്രതികളായ തുഷാർ വെള്ളാപ്പള്ളിയും ജഗ്ഗു സ്വാമിയും ഒളിവിലാണ്. ഇവരെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ തീവ്രശ്രമം. ടി.ആർ.എസ് എം.എൽ.എമാരെ ബി.ജെ.പിയിൽ എത്തിക്കാനായി രാമചന്ദ്ര ഭാരതി, ബിസിനസുകാരനായ നന്ദകുമാർ എന്നിവർ നടത്തുന്ന ശ്രമവും ഇതിനിടയിൽ ബി.എൽ സന്തോഷ് , തുഷാർ വെള്ളാപ്പള്ളി എന്നിവരുമായി നടത്തുന്ന സംഭാഷണങ്ങളുടെ രേഖയും അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്. ആയിരക്കണക്കിന് ഓഡിയോ വീഡിയോ ഫയലുകളാണ് അന്വേഷണ സംഘം ശേഖരിച്ചിരിക്കുന്നത്. സി.ബി.ഐക്കു കേസ് കൈമാറണമെന്നു ഹൈക്കോടതി വിധിച്ചാൽ ഈ രേഖകളെല്ലാം കേന്ദ്ര ഏജൻസിക്കു നൽകേണ്ടിവരും.