കശ്മീരിൽ മൈനസ് 6 ഡിഗ്രി, രാജസ്ഥാനിലെ ചുരുവിൽ 0.5 ഡിഗ്രി; അതിശൈത്യത്തിൽ മരവിച്ച് ഉത്തരേന്ത്യ
ജനുവരി ആദ്യവാരം വരെ അതിശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം ശക്തി പ്രാപിക്കുന്നു. ജമ്മു കാശ്മീരിലും അസമിലും കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. ജമ്മു കശ്മീരിൽ മൈനസ് ആറ് ഡിഗ്രി സെൽഷ്യസും ഡൽഹിയിൽ ഏഴ് ഡിഗ്രിയുമാണ് താപനില.റോഡ്, റെയിൽ, വ്യോമ ഗതാഗതത്തെ അതിശൈത്യം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജനുവരി ആദ്യവാരം വരെ അതിശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലാണ് സ്ഥിതി ഗുരുതരം. ശക്തമായ മൂടൽ മഞ്ഞിന് പുറമെ ശീതക്കാറ്റും പ്രതിസന്ധി സൃഷ്ടിക്കുന്നു.
ജമ്മു കശ്മീരിലാണ് അതിശൈത്യം ഏറ്റവും കഠിനമായിട്ടുള്ളത്. ദാൽ തടാകം മഞ്ഞുകട്ട ആയതോടെ ജലവിതരണം തടസപ്പെട്ടു. രാജസ്ഥാനിലെ ചുരുവിൽ 0.5 ഡിഗ്രിയാണ് താപനില. ഡൽഹിയിൽ ചില മേഖലകളിൽ രാത്രി താപനില മൂന്നു ഡിഗ്രിയായി. പലയിടത്തും 50 മീറ്ററിൽ താഴെയാണ് കാഴ്ച പരിധി.
ബിഹാറിൽ ട്രെയിനുകൾ 5 മണിക്കൂർ വരെ വൈകി ഓടുന്നു. ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ട പല വിമാനങ്ങളും വൈകിയാണ് ഇറങ്ങിയത്. മൂടൽ മഞ്ഞ് വർധിച്ച സാഹചര്യത്തിൽ നുഴഞ്ഞ് കയറ്റം ചെറുക്കാൻ അതിർത്തികളിൽ സേന സുരക്ഷ ശക്തമാക്കി.