'തരൂർ എന്റെ ഇളയ സഹോദരൻ, ഇന്നും നാളെയുമെല്ലാം ഒരുമിച്ച് ഉണ്ടാകും'; മല്ലികാർജുൻ ഖാർഗെ
'തരൂരുമായി ഒരു സംവാദത്തിനില്ല.താൻ പ്രവൃത്തിയിൽ വിശ്വസിക്കുന്നു'
ഡൽഹി: ശശി തരൂർ എന്റെ ഇളയ സഹോദരനാണെന്ന് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ. ഇന്നും നാളെയുമെല്ലാം ഒരുമിച്ച് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 'ശശി തരൂർ വിളിച്ചിരുന്നു. ജനാധിപത്യത്തിൽ മത്സരം വേണമെന്ന് തരൂർ പറഞ്ഞു. തരൂരുമായി ഒരു സംവാദത്തിനില്ല.താൻ പ്രവൃത്തിയിൽ വിശ്വസിക്കുന്നു. തെരഞ്ഞെടുപ്പ് ഒഴിവാക്കി സമവായ സ്ഥാനാർത്ഥി വരട്ടെ എന്ന് താന്‍ പറഞ്ഞതായും മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.
'സോണിയ ഗാന്ധി പ്രധാനമന്ത്രിയാകാൻ ശ്രമിച്ചില്ല. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ ശ്രമിച്ചില്ല.അവരുടെ ത്യാഗങ്ങൾ ഈ രാജ്യത്തിനും പാർട്ടിയ്ക്കും പ്രധാനപ്പെട്ടതാണ്. രാഹുൽ ഗാന്ധിയോടും സോണിയ ഗാന്ധിയോടും കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് എങ്ങനെയാണ് അവർ എന്നെ നിയന്ത്രിക്കുന്നു എന്ന് പറയാൻ പറ്റുന്നതെന്നും അദ്ദേഹം ചോദിച്ചു.
'മതേതരത്വത്തിനായി വ്യക്തമായ കാഴ്ചപ്പാട് രാഹുൽ ഗാന്ധിയ്ക്ക് ഉണ്ട്. തരൂർ പരിഷ്‌കരണത്തെക്കുറിച്ച് പറയുന്നു. 9300 വോട്ടർമാരുണ്ട് അവർ തീരുമാനിക്കട്ടെ എന്ത് മാറ്റം വേണമെന്ന്. പാർട്ടി കുടുംബമാണ് അതിലെ അംഗങ്ങൾ പറഞ്ഞാൽ മാറ്റം നടപ്പിലാകും. ആരോടും ശത്രുതയില്ല. ആശയങ്ങൾക്കായി പോരാടുന്നു. അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചപ്പോൾ നിരവധി പേർ പിന്തുണയുമായെത്തി. അതുകൊണ്ടാണ് നാമനിർദേശ പത്രിക സമർപ്പിച്ച ദിവസം തന്നെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചത്. യുവാക്കളാണ് തന്റെ ഒപ്പം ഉള്ളത്. പാർട്ടിയിൽ പ്രവർത്തിക്കുന്നത് പാർട്ട് ടൈം ജോലിയല്ല. മുഴുവൻ സമയ പ്രവർത്തനമാണ്. ആശയപരമായ പോരാട്ടമാണ് ഇത്രയും കാലം നടത്തിയത്.ജനാധിപത്യത്തിൽ ജയവും തോൽവിയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.