ആര്യൻ ഖാന്‍റേയും കൂട്ടു പ്രതികളുടെയും ജാമ്യാപേക്ഷ ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും
അതേസമയം കേസിൽ ആരോപണ വിധേയനായ എൻസിബി സോണൽ ഡയറക്ടറായ സമീർ വാങ്കടെ ഇന്ന് എൻസിബി ഡിജിയെ കണ്ടേക്കും
മുംബൈ ലഹരി കേസിൽ ആര്യൻ ഖാന്‍റേയും കൂട്ടു പ്രതികളുടെയും ജാമ്യാപേക്ഷ ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. എൻഡിപിഎസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതികൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം കേസിൽ ആരോപണ വിധേയനായ എൻസിബി സോണൽ ഡയറക്ടറായ സമീർ വാങ്കടെ ഇന്ന് എൻസിബി ഡിജിയെ കണ്ടേക്കും.
അന്വേഷണം പ്രാരംഭ ഘട്ടത്തിൽ ആയതിനാൽ ആര്യൻ ഖാന് ജാമ്യം നൽകരുതെന്ന് ഇന്ന് ഹരജി പരിഗണിക്കുമ്പോൾ എൻസിബി കോടതിയിൽ വാദിക്കും. ആര്യന്‍റെ വാട്സപ് സന്ദേശങ്ങളും എൻസിബി കോടതിക്ക് കൈമാറും. ഫോൺ സന്ദേശങ്ങൾ പരിശോധിച്ചത് വഴി കേസിലെ വിദേശബന്ധം വ്യക്തമായതായും എൻസിബി അറിയിക്കും. എന്നാൽ കേസിനാസ്പദമായ തെളിവുകളൊന്നും തന്‍റെ പക്കൽ നിന്നും ലഭിച്ചില്ലെന്നായിരിക്കും ആര്യന്‍റെ വാദം.
അതേസമയം കേസിൽ ആരോപണ വിധേയനായ സോണൽ ഓഫീസർ സമീർ വാങ്കടെ ഡൽഹിയിൽ എത്തി. വാങ്കടെക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിനാൽ എൻസിബി ഡിജിയെ കണ്ട് സമീർ വാങ്കടെ കാര്യങ്ങൾ വിശദീകരിച്ചേക്കും. ജോലിയുടെ ഭാഗമായി ഡൽഹിയിൽ എത്തിയതാണെന്നാണ് വാങ്കഡെയുടെ വിശദീകരണം. അന്വേഷണ ഉദ്യോഗസ്ഥർ വിളിപ്പിച്ചതല്ലെന്നും സമീർ വാങ്കഡെ വ്യക്തമാക്കിയിട്ടുണ്ട്.
ആര്യൻ ഖാനൊപ്പം ക്രൂയിസ് കപ്പലിൽ നിന്നും സെൽഫിയെടുത്ത കിരണ്‍ ഗോസാവി ഷാരൂഖ് ഖാന്‍റെ മാനേജരോട് 25 കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ്, കേസിലെ സാക്ഷിയായ പ്രഭാകർ സെയിൽ കോടതിയിൽ സത്യവാങ്മൂലം നൽകിയത്. 25 കോടിയിൽ 8 കോടി എൻസിബി സോണൽ ഡയറക്ടറായ സമീർ വാങ്കടെക്ക് നൽകാമെന്ന് ഗോസാവി പറഞ്ഞത് കേട്ടെന്നും സത്യവാങ്മൂലത്തിലുണ്ട്. ഈ ആരോപണത്തിലാണ് സമീർ വാങ്കടെക്കെതിരായ അന്വേഷണം.