‘ജാമ്യാപേക്ഷ വേഗത്തിലാക്കണമെന്ന ഷർജീലിന്റെ ഹരജി പരിഗണിക്കണം’; ഡൽഹി ഹൈക്കോടതിയോട് സുപ്രിംകോടതി
രാജ്യദ്രോഹ കേസിൽ ഷർജീലിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും പുറത്തിറങ്ങാനായിട്ടില്ല
ന്യൂഡൽഹി: 2020ലെ ഡൽഹി കലാപ ഗൂഢാലോചനാ കേസിലെ ജാമ്യാപേക്ഷ വേഗത്തിലാക്കണമെന്ന വിദ്യാർഥി നേതാവ് ഷർജീൽ ഇമാമിന്റെ ഹരജി പരിഗണിക്കണമെന്ന് സുപ്രിംകോടതി ഡൽഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ബേല എം. ത്രിവേദിയും സതീഷ് ചന്ദ്ര ശർമയും അടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. ജാമ്യാപേക്ഷ അടുത്ത തീയതിയിൽ തന്നെ വേഗത്തിൽ കേൾക്കാൻ ഹൈക്കോടതിയോട് അഭ്യർഥിക്കാൻ സ്വാതന്ത്ര്യമുണ്ട്. ഈ ആവശ്യം ഹൈക്കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.
കേസിൽ ജാമ്യം തേടി ഷർജീൽ ഇമാം സുപ്രിംകോടതിയിൽ റിട്ട് ഹരജി നൽകുകയായിരുന്നു. ഹരജി ബെഞ്ച് തള്ളിയെങ്കിലും ജാമ്യാപേക്ഷ പരിഗണിക്കുന്നത് വേഗത്തിലാക്കാൻ ഹൈക്കോടതിയോട് നിർദേശിച്ചു.
ഹരജി ആദ്യം തള്ളാൻ സുപ്രിംകോടതി ബെഞ്ച് ശ്രമിച്ചതോടെ, ജാമ്യത്തിനായി സമ്മർദം ചെലുത്തുന്നില്ലെന്നും കൂടുതൽ കാലതാമസം കൂടാതെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നതെന്നും ഷർജീലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷൻ സിദ്ധാർഥ് ദവെ പറഞ്ഞു. 2022 ഏപ്രിൽ മുതൽ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ കെട്ടിക്കിടക്കുകയാണെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
അതേസമയം, ഷർജീലിനെതിരെ എട്ട് എഫ്ഐആറുകൾ ഉണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാൽ, ഈ അപേക്ഷ കലാപ കേസിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടതാണെന്ന് ദവെ പറഞ്ഞു. വിചാരണകോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഷർജീൽ ഹൈക്കോടതിയെ സമീപിക്കുന്നത്.
2020ല്‍ വടക്കൻ ഡല്‍ഹിയില്‍ നടന്ന കലാപത്തിലെ പങ്ക് ആരോപിച്ചായിരുന്നു ജെഎന്‍യുവില്‍ ഗവേഷക വിദ്യാര്‍ഥിയായിരുന്ന ഷര്‍ജീല്‍ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 2019ല്‍ പൗരത്വ സമരത്തിനിടെ ഡല്‍ഹിയിലെ ഷാഹീന്‍ ബാഗില്‍ ഉള്‍പ്പെടെ നടത്തിയ പ്രസംഗമായിരുന്നു കേസിനാസ്പദമായത്. രാജ്യദ്രോഹം, യുഎപിഎ വകുപ്പുകളാണ് വിദ്യാര്‍ഥി നേതാവിനെതിരെ ചുമത്തിയിരിക്കുന്നത്.
2019 ഡിസംബര്‍ 13ന് ജാമിഅ മില്ലിയ്യയിലും ഡിസംബര്‍ 16ന് അലിഗഢ് സര്‍വകലാശാലയിലും ഷര്‍ജീല്‍ നടത്തിയ പരാമര്‍ശങ്ങള്‍ സംഘ്പരിവാര്‍ അനൂകൂലികള്‍ വലിയ ആയുധമാക്കിയിരുന്നു. അസമിനെയും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ഇന്ത്യയില്‍നിന്ന് വിഭജിക്കുമെന്ന് പ്രസംഗത്തില്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോപണം. പ്രസംഗത്തിനെതിരെ അസം, യു.പി, മണിപ്പൂര്‍, അരുണാചല്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലെല്ലാം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
രാജ്യദ്രോഹ കേസിൽ ഇക്കഴിഞ്ഞ മെയിൽ ഷർജീലിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ നാലു വര്‍ഷം തടവില്‍ കഴിഞ്ഞ ശേഷമാണു ജാമ്യം അനുവദിച്ചത്. എന്നാൽ, ഡല്‍ഹി കലാപത്തിലെ ഗൂഢാലോചന കേസില്‍ ജാമ്യം ലഭിക്കാത്തതിനാൽ പുറത്തിറങ്ങാൻ സാധിച്ചിട്ടില്ല. നവംബർ 25ന് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും.