'അതിഥികളിൽ നിന്ന് രാജ്യത്തിന്‍റെ യഥാർത്ഥ മുഖം മറച്ചുവെക്കേണ്ട ആവശ്യമില്ല'; രാഹുൽ ഗാന്ധി
ഇതിനു മുൻപ് ലോക നേതാക്കള്‍ സഞ്ചരിക്കാൻ സാധ്യതയുള്ള റോഡുകള്‍ക്ക് സമീപമുള്ള ചേരികള്‍ പൊലീസ് മറച്ചിരുന്നു
ഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ അതിഥികളിൽ നിന്ന് രാജ്യത്തിന്‍റെ യഥാർത്ഥ മുഖം മറച്ചുവെക്കേണ്ട ആവശ്യമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'കേന്ദ്ര സർക്കാർ നമ്മുടെ പാവപ്പെട്ട മനുഷ്യരെയും മൃഗങ്ങളെയും മറയ്ക്കുകയാണ്. അതിഥികളിൽ നിന്ന് ഇന്ത്യയുടെ യാഥാർത്ഥ്യം മറച്ചുവെക്കേണ്ട ആവശ്യമില്ല'. എന്നാണ് രാഹുൽ എക്സിൽ കുറിച്ചത്.
GOI is hiding our poor people and animals.
— Rahul Gandhi (@RahulGandhi) September 9, 2023
There is no need to hide India’s reality from our guests.
മഹാത്മാഗാന്ധി സ്മാരകത്തിലേക്കുള്ള ജി20 പ്രതിനിധികളുടെ സന്ദർശനത്തിന് മുന്നോടിയായി ഡൽഹി രാജ്ഘട്ടിലേയും പരിസപ്രദേശങ്ങളിലെയും കുരങ്ങുകളുടേയും തെരുവ് നായ്ക്കളുടേയും ശല്യം തടയാൻ ഏജൻസികളുടെ സഹായം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി രാഹുൽ എത്തിയത്. ഇതിനു മുൻപ് ലോക നേതാക്കള്‍ സഞ്ചരിക്കാൻ സാധ്യതയുള്ള റോഡുകള്‍ക്ക് സമീപമുള്ള ചേരികള്‍ പൊലീസ് മറച്ചിരുന്നു.
രാഷ്ട്രപതിയുടെ ജി20 അത്താഴവിരുന്നിൽ രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖർഗെയെ ക്ഷണിക്കാത്തതിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. വിഷയത്തിൽ കേന്ദ്രം രാഷ്ട്രീയം കലർത്തരുതായിരുന്നു എന്നാണ് ഖാർഗെ പ്രതികരിച്ചത്. ജി20 ഉച്ചകോടിയോട് അനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമ്മു നടത്തുന്ന അത്താഴവിരുന്നിലേക്കാണ് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ ക്ഷണിക്കാത്തത്. ഇതിനെതിരെ വ്യാപക വിമർശനമാണ് കോൺഗ്രസ് ഉയർത്തുന്നത്.
മറ്റൊരു ജനാധിപത്യ രാജ്യത്തും ഇത് സങ്കൽപ്പിക്കാൻ പോലും ഇത് കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം ട്വീറ്റ് ചെയ്തു . രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തിന്റെ നേതാവിനെ വിലകൽപ്പിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധിയും വിമർശിച്ചിരുന്നു.G20 യെ പ്രമോഷനുള്ള മാധ്യമമാക്കുന്നു എന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗൽ പ്രതികരിച്ചു
അതിനിടെ രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിനും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ വിമാനത്തിനും അനുമതി നല്‍കിയില്ലെന്ന റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തള്ളി. ഗവര്‍ണര്‍മാരുടെയും മുഖ്യമന്ത്രിമാരുടെയും വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നതാണെന്ന് മന്ത്രാലയത്തിന്റെ വാദം.അതേ സമയം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനടക്കമുള്ളവര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്.