ട്രെയിനിൽ സ്ഥലമില്ലെന്ന് യുവതിയുടെ പരാതി; താൻ റെയിവേ മന്ത്രിയല്ലെന്ന് ടി.ടി.ഇയുടെ മറുപടി - വീഡിയോ
ആവശ്യത്തിന് ട്രെയിനുകൾ അനുവദിക്കാത്ത റെയിൽവേ മന്ത്രാലയത്തിനെതിരെ രൂക്ഷ വിമർശനം
ട്രെയിനിലെ തിരക്ക് കാരണം യാത്ര ചെയ്യാൻ സാധിക്കാത്ത യുവതിയുടെ പരാതിയും അതിനുള്ള ടി.ടി.ഇയുടെ മറുപടിയും ചർച്ചയാകുന്നു. ഓഖ - ബനാറസ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് തിരക്ക് കാരണം യുവതിക്ക് യാത്ര ചെയ്യാൻ സാധിക്കാതിരുന്നത്.
ഇത്രയും യാത്രക്കാരുള്ളതിനാൽ താൻ എങ്ങനെയാണ് സുരക്ഷിതമായി യാത്ര ചെയ്യുകയെന്ന് യുവതി ചോദിക്കുന്നത് വീഡിയോയിൽ കാണാം. ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് എങ്ങനെ സുരക്ഷിതത്വം അനുഭവപ്പെടുമെന്ന് അവർ ടി.ടി.ഇയോട് ചോദിക്കുന്നുണ്ട്.
താൻ റെയിൽവേ മന്ത്രിയല്ലെന്നും തനിക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കാനാകില്ലെന്നും ടി.ടി.ഇ കൈകൂപ്പി ഇതിന് മറുപടി നൽകുന്നുണ്ട്. ഈ വീഡിയോ ഒമ്പത് ലക്ഷത്തോളം പേരാണ് കണ്ടത്.
കേന്ദ്രത്തിനും റെയിൽവേ മന്ത്രാലയത്തിനുമെതിരെ വലിയ വിമർശനമാണ് ഈ വീഡിയോക്ക് താഴെ വരുന്നത്. ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കുകയും ടിക്കറ്റില്ലാതെ ട്രെയിനിൽ കയറുന്നവരെ തടയണമെന്നും പലരും ആവശ്യപ്പെട്ടു.
പുതിയ ഫാൻസി ട്രെയിനുകൾ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്നും ആവശ്യത്തിനനുസരിച്ച് പുതിയ ട്രെയിനുകൾ കൊണ്ടുവരണമെന്നും ഒരാൾ കമന്റിൽ ചൂണ്ടിക്കാട്ടി.
രണ്ടാഴ്ച മുമ്പ് ഗുജറാത്തിൽ നിന്നും സമാനമായ പരാതി ഉയർന്നിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തിട്ടും തനിക്കും കുടുംബത്തിനും സീറ്റ് ലഭിച്ചില്ലെന്നായിരുന്നു ഒരു യാത്രക്കാരന്റെ പരാതി. ഇതിന്റെ ചിത്രങ്ങളും ഇയാൾ പങ്കുവെച്ചിരുന്നു. സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചിരുന്നെങ്കിലും യാത്രക്കാരുടെ പ്രശ്നങ്ങൾ തുടരുന്ന കാഴ്ചയാണ് അനുദിനം വരുന്നത്.