കോവിഡ് മൂന്നാം തരംഗത്തില്‍ പ്രതിദിന കേസുകള്‍ രണ്ടു ലക്ഷം വരെയെന്ന് പഠനം
ഒന്നാമത്തെ സാധ്യത അനുസരിച്ച് പുതിയ കോവിഡ് വകഭേദങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ ആഗസ്റ്റ് മാസത്തോടെ ഇന്ത്യയിൽ കോവിഡിന് മുമ്പുള്ള ജീവിതത്തിലേക്ക് മടങ്ങാൻ പറ്റും.
കോവിഡ് മൂന്നാം തരംഗത്തെ കുറിച്ച് ആശങ്കപ്പെടുന്ന ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകികൊണ്ട് പുതിയ പഠനം.
ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ കുറിച്ച് പഠിക്കാൻ സർക്കാർ നിയമിച്ച സമിതിയുടേതാണ് പുതിയ പഠനം. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലാണ് കോവിഡ് വ്യാപനത്തെ കുറിച്ച് പഠിക്കാനുള്ള ഈ സമിതി രൂപീകരിച്ചിട്ടുള്ളത്.
കോവിഡ് വ്യാപനത്തിന്റെ മുൻ തരംഗങ്ങളിലെ വ്യാപനരീതി പരിഗണിച്ചാൽ കോവിഡ് മൂന്നാം തരംഗത്തിന്റെ പീക്ക് പോയിന്റ് ഒക്ടോബർ-നവംബർ മാസത്തിനിടയിലായിരിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
അതേസമയം കോവിഡ് മൂന്നാം തരംഗത്തിൽ പുതിയ കോവിഡ് വകഭേദങ്ങളുണ്ടായാൽ കോവിഡ് വ്യാപനം കൂടുതൽ വേഗതയിലാകുമെന്നും സമിതി പ്രവചിക്കുന്നു.
മഹീന്ദ്ര അഗർവാൾ (ഐഐടി കാൺപൂർ), എം. വിദ്യാസാഗർ (ഐഐടി ഹൈദരബാദ്), ലെഫ്റ്റനന്റ് ജനറൽ മധുരി കനിത്കർ, ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫിലെ ഡെപ്യൂട്ടി ചീഫ് (മെഡിക്കൽ) എന്നിവരാണ് സമിതി അംഗങ്ങൾ.
കോവിഡ് മൂന്നാം തരംഗം ഇന്ത്യയിൽ ബാധിക്കാനുള്ള മൂന്ന് സാധ്യതകളാണ് സമിതി പരിഗണിച്ചത്. ഒന്നാമത്തെ സാധ്യത അനുസരിച്ച് പുതിയ കോവിഡ് വകഭേദങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ ആഗസ്റ്റ് മാസത്തോടെ ഇന്ത്യയിൽ കോവിഡിന് മുമ്പുള്ള ജീവിതത്തിലേക്ക് മടങ്ങാൻ പറ്റും.
രണ്ടാമത്തെ സാധ്യതയനുസരിച്ച് കോവിഡ് വാക്‌സിൻ നൽകുന്ന പ്രതിരോധ ശേഷി 20 ശതമാനത്തോളം കുറയുന്ന അവസ്ഥ വന്നേക്കാം.
മൂന്നാമത്തെ സാധ്യതയനുസരിച്ച് കോവിഡ് വാക്‌സിൻ നൽകുന്ന പ്രതിരോധശേഷി 25 ശതമാനത്തോളം കുറഞ്ഞേക്കാം. കൂടാതെ കൂടുതൽ കോവിഡ് വകഭേദങ്ങൾ ഉണ്ടാവുകയും ചെയ്‌തേക്കാം. അത് നയിക്കുക കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്കാവുമെന്നും പഠനം പ്രവചിക്കുന്നു.
കോവിഡ് മൂന്നാം തരംഗത്തിൽ പ്രതിദിനം രണ്ട് ലക്ഷം കോവിഡ് കേസുകൾ വരെ
സമിതിയംഗമായ മഹീന്ദ്ര അഗർവാൾ പങ്കുവച്ച ഗ്രാഫ് അനുസരിച്ച് മൂന്നാം തംരഗം ആഗസ്റ്റ് മധ്യത്തിൽ ആരംഭിക്കുമെന്നാണ് കരുതുന്നത്. ഒക്ടോബർ-നവംബർ മധ്യത്തിൽ ഏറ്റവും കൂടിയ പ്രതിദിന രോഗബാധ റിപ്പോർട്ട് ചെയ്യും. ഏകദേശം 1,50,000തിനും 2,00,000തിനും ഇടയിലായിരിക്കും ഏറ്റവും കൂടിയ പ്രതിദിന രോഗബാധയെന്നും പ്രവചിക്കുന്നു.
കോവിഡ് രണ്ടാം തംരഗത്തിൽ മെയ് ഏഴിന് പ്രതിദിന കോവിഡ് രോഗബാധ നാല് ലക്ഷവും കടന്നു 4,14,188 എന്ന ഏറ്റവും ഉയർന്ന നിരക്കിലെത്തയിരുന്നു.
കോവിഡ് വാക്‌സിന്‍റെ വേഗത്തിലുള്ള വിതരണം നടത്തിയാൽ കോവിഡിനെതിരേ കൂടുതൽ മികച്ച പ്രതിരോധം സൃഷ്ടിക്കാൻ നമ്മുക്ക് സാധിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
അതേസമയം കോവിഡ് രണ്ടാം തരംഗം കൃത്യമായി പ്രവചിക്കാൻ സാധിച്ചില്ലെന്ന് കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങിയ സമിതി കൂടിയാണിത്.