ആരാണ് ഇവരില്‍ വര്‍ഗീയവിഷം കുത്തിവെച്ചത്?

നാലു പേരും വിദ്യാര്‍ഥികള്‍. പിടിയിലായ മൂന്ന് ആണ്‍കുട്ടികളുടെയും പ്രായം 21. പെണ്‍കുട്ടിക്ക് 19 വയസ്സ്. നാലു പേരും രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നുള്ളവര്‍. നാല് പേരെയും തമ്മില്‍ ബന്ധിപ്പിച്ചത് തീവ്രഹിന്ദുത്വ ആശയങ്ങളും മുസ്‍ലിം വിദ്വേഷവുമാണ്..

Update: 2022-01-07 10:18 GMT
Advertising

മുസ്‍ലിം സ്ത്രീകളെ വില്‍പ്പനയ്ക്കുവെച്ച ബുള്ളി ബായ് ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച നാലു പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. നാലു പേരും വിദ്യാര്‍ഥികള്‍. പിടിയിലായ മൂന്ന് ആണ്‍കുട്ടികളുടെയും പ്രായം 21. പെണ്‍കുട്ടിക്ക് 19 വയസ്സ്. നാലു പേരും രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നുള്ളവര്‍. നാല് പേരെയും തമ്മില്‍ ബന്ധിപ്പിച്ചത് തീവ്രഹിന്ദുത്വ ആശയങ്ങളും മുസ്‍ലിം വിദ്വേഷവുമാണ്. ബുള്ളി ബായ് ആപ്പ് വികസിപ്പിച്ച, കഴിഞ്ഞ ദിവസം പിടിയിലായ നീരജ് ബിഷ്ണോയ് തന്‍റെ പ്രവൃത്തിയില്‍ പശ്ചാത്താപമില്ലെന്നാണ് ചോദ്യംചെയ്യലിനിടെ പറഞ്ഞത്.

'ഞാന്‍ ചെയ്തത് ശരി, കുറ്റബോധമില്ല'

ഭോപ്പാലില്‍ രണ്ടാം വർഷ ബിടെക് വിദ്യാർഥിയാണ് നീരജ് ബിഷ്‌ണോയി. അസമിലെ ജോർഹട്ട് ജില്ലയിൽ നിന്നാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. നവംബറിലാണ് ആപ്പ് വികസിപ്പിച്ചതെന്നും ഡിസംബര്‍ 21 മുതല്‍ ചിത്രങ്ങള്‍ അപ്‍ലോഡ് ചെയ്തുതുടങ്ങിയെന്നും നീരജ് ബിഷ്ണോയ് ചോദ്യംചെയ്യലില്‍ സമ്മതിച്ചു. ഡിസംബര്‍ 31നാണ് ആപ്പ് പുറത്ത് ലഭ്യമാക്കിയത്. മുംബൈ പൊലീസിനെ പരിഹസിക്കാന്‍ @giyu44 എന്ന അക്കൌണ്ടും നീരജ് ബിഷ്ണോയ് ഇതിനിടെ തുടങ്ങുകയുണ്ടായി. ബുള്ളി ബായ് ആപ്പ് കേസില്‍ അറസ്റ്റുണ്ടായപ്പോള്‍ "നിരപരാധികളെയാണ് നിങ്ങൾ അറസ്റ്റ് ചെയ്തത് സ്ലംബൈ പൊലീസ്.. ഞാനാണ് ബുള്ളി ബായ് ആപ്പിന്‍റെ സ്രഷ്ടാവ്. അറസ്റ്റ് ചെയ്തവരെ എത്രയും പെട്ടെന്ന് വിട്ടയക്കുക"- എന്ന് നീരജ് ബിഷ്ണോയ് ട്വീറ്റ് ചെയ്യുകയുണ്ടായി. താന്‍ ചെയ്തത് കുറ്റകൃത്യമാണെന്ന് പോലും അംഗീകരിക്കാത്ത നീരജ് ബിഷ്ണോയിക്ക് ഒരു കുറ്റബോധവുമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന വിവരം.


സാങ്കേതിക വൈദഗ്ധ്യവും വര്‍ഗീയതയും ഒത്തുചേര്‍ന്നപ്പോള്‍...

ഹിന്ദുമതത്തിന്‍റെ ഔന്നത്യത്തില്‍ അഭിമാനിക്കുന്ന ബിഷ്ണോയി, എല്ലാ തീവ്ര ഹിന്ദുത്വവാദികളെയും പോലെ മറ്റ് മതങ്ങളോടുള്ള വെറുപ്പും ചെറുപ്പത്തിലേ തന്നെ പരസ്യമാക്കിയിട്ടുണ്ട്. ഹിന്ദുമതത്തിന് ശാസ്ത്രീയ അടിത്തറയുണ്ടെന്ന് അഞ്ച് വര്‍ഷം മുന്‍പുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ബിഷ്ണോയി അവകാശപ്പെടുന്നു. തമോഗര്‍ത്തങ്ങളെ കുറിച്ച് ഉപനിഷത്തുകളില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് ബിഷ്ണോയ് ഒരു പോസ്റ്റില്‍ പറഞ്ഞു. മതപരിവര്‍ത്തനം നടക്കുന്നത് നിര്‍ബന്ധിച്ചോ സഹായം വാഗ്ദാനം ചെയ്തോ ആണെന്നാണ് 2017ലെ ഒരു പോസ്റ്റില്‍ ബിഷ്ണോയ് അഭിപ്രായപ്പെട്ടത്. മുസ്‍ലിംകളും ക്രിസ്ത്യൻ മിഷനറിമാരും ഓരോ വർഷവും ആയിരക്കണക്കിന് ഹിന്ദുക്കളെ മതപരിവർത്തനം നടത്തുമ്പോൾ ഹിന്ദുക്കൾ വെറുതെ ഇരിക്കണോ എന്നാണ് ബിഷ്ണോയിയുടെ ചോദ്യം. ക്വോറയിലെ (Quora)യിലെ ചോദ്യങ്ങള്‍ക്ക് ഉത്തരമായാണ് ബിഷ്ണോയി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതായത് 15 വയസ്സു മുതല്‍ തീവ്ര ഹിന്ദുത്വ ചിന്തകളോടുള്ള ആഭിമുഖ്യം ബിഷ്ണോയി സൈബര്‍ ലോകത്ത് വെളിപ്പെടുത്തിയിട്ടുണ്ട്.


സാങ്കേതികവിദ്യയോടും ചെറുപ്പത്തിലേ ആഭിമുഖ്യമുണ്ടെന്ന് ബിഷ്ണോയുടെ ക്വോറ ഉത്തരങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. സൗജന്യമായി വെബ്‌സൈറ്റുകൾ എങ്ങനെ ഡെവലപ്പ് ചെയ്യും എന്നതു മുതൽ ആൻറി-വൈറൽ സോഫ്‌റ്റ്‌വെയർ എങ്ങനെ പ്രവർത്തിക്കുന്നുവെന്നുവരെ 16ആം വയസ്സിലേ ബിഷ്ണോയിക്ക് അറിയാമായിരുന്നു. ഈ സാങ്കേതിക വൈദഗ്ധ്യം 21ആം വയസ്സില്‍ നല്ല കാര്യങ്ങള്‍ക്കല്ല ഈ വിദ്യാര്‍ഥി ഉപയോഗിച്ചത്. ഉള്ളില്‍ക്കയറിയ വര്‍ഗീയവിഷവും സാങ്കേതിക വൈദഗ്ധ്യവും ചേര്‍ന്നപ്പോള്‍ അത് ബുള്ളി ബായ് എന്ന ആപ്പായി മാറി. ഗുരുതരമായ സൈബര്‍ കുറ്റകൃത്യത്തിലെ മുഖ്യപ്രതിയായി ഈ വിദ്യാര്‍ഥി ഇപ്പോള്‍ ജയിലിലാണ്. കേസില്‍ ആദ്യം പിടിയിലായ വിശാൽ കുമാര്‍ ഝായും എഞ്ചിനീയറിങ് വിദ്യാർഥിയാണ്. ശ്വേത സിങ് പ്ലസ് ടു കഴിഞ്ഞ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. പിടിയിലായ മായങ്ക് റാവല്‍ എന്ന 21കാരനും വിദ്യാര്‍ഥി തന്നെ. ആരാണ് പ്രതിഭാധനരായ ഈ വിദ്യാര്‍ഥികളുടെ മസ്തിഷ്കത്തില്‍ വര്‍ഗീയ വിഷം കുത്തിവെച്ചത്?


പേടിയാണിവര്‍ക്ക് പ്രതികരിക്കുന്ന സ്ത്രീകളെ

ഇന്ത്യയിലെ സൈബര്‍ അതിക്രമങ്ങളെ കുറിച്ച് ആംനസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ പഠന റിപ്പോര്‍ട്ട് പറയുന്നത് പ്രതികരണശേഷിയുള്ള സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത് എന്നാണ്. സ്ത്രീകളില്‍ തന്നെ ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ ആക്രമണം നേരിടുന്നത് ശബ്ദിക്കുന്ന ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളിലെ സ്ത്രീകളാണെന്നും ആംനസ്റ്റി റിപ്പോര്‍ട്ട് പറയുന്നു. ഈ റിപ്പോര്‍ട്ട് ശരിയാണെന്നാണ് സുള്ളി ഡീല്‍സ്, ബുള്ളി ബായ് തുടങ്ങിയ ആപ്പുകള്‍ തെളിയിക്കുന്നത്. കടുത്ത മുസ്‌ലിം വിരുദ്ധതയിൽ നിന്നുണ്ടാവുന്ന വെറുപ്പും വിദ്വേഷവും മുസ്‍ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെയ്ക്കുന്നതില്‍ എത്തിനില്‍ക്കുകയാണ്.

ഈ വര്‍ഷം ജനുവരി ഒന്നിനാണ് 'ബുള്ളി ബായ്' എന്ന ആപ്പിലൂടെ ആക്റ്റിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നൂറോളം മുസ്‌ലിം സ്ത്രീകളെ വില്‍പ്പനയ്ക്ക് വെച്ച സംഭവം പുറത്തറിഞ്ഞത്. മാധ്യമപ്രവർത്തക ഇസ്മത് ആറയാണ് ഈ വിദ്വേഷ ക്യാമ്പയിനെക്കുറിച്ച് ആദ്യമായി ലോകത്തെ അറിയിച്ചത്- ''ഒരു മുസ്‌ലിം സ്ത്രീയെന്ന നിലയ്ക്ക് ഇത്രയും ഭീതിയോടെയും അസ്വസ്ഥതയോടെയും പുതിയൊരു വർഷം ആരംഭിക്കേണ്ടിവരികയെന്നത് ഏറെ ദുഃഖകരമാണ്. സുള്ളി ഡീൽസിന്റെ ഈ പുതിയ പതിപ്പിലൂടെ വേട്ടയാടപ്പെടുന്നത് ഞാൻ മാത്രമല്ലെന്ന് പറയാതെ തന്നെ ഉറപ്പാണ്. ഇന്നു രാവിലെ ഒരു സുഹൃത്ത് അയച്ചുതന്നെ സ്‌ക്രീൻഷോട്ടാണിത്. പുതുവത്സരാശംസകൾ'' എന്ന കുറിപ്പോടെയാണ് ഇസ്മത് ആറ ബുള്ളി ബായ് ആപ്പിനെക്കുറിച്ച് പ്രതികരിച്ചത്. നടി ഷബാന ആസ്മി, ജെഎന്‍യു ക്യാമ്പസില്‍ നിന്ന് കാണാതായ നജീബ് അഹ്‌മദിന്റെ ഉമ്മ ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്‌വി, മാധ്യമപ്രവർത്തക സബാ നഖ്‌വി, ജെഎൻയു വിദ്യാർത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് അടക്കം നൂറുകണക്കിനു മുസ്‌ലിം സ്ത്രീകളെയാണ് ചിത്രങ്ങൾ സഹിതം ആപ്പിൽ ലേലം വിളിച്ചത്. ആയിഷ റെന്ന, ലദീദ ഫര്‍സാന, നിദ പര്‍വീണ്‍ തുടങ്ങിയ മലയാളി വിദ്യാര്‍ഥിനികളുടെ ചിത്രങ്ങളും വിവരങ്ങളും ആപ്പില്‍ പ്രദര്‍ശിപ്പിച്ചു.


സുള്ളി ഡീല്‍സിന്‍റെ മറ്റൊരു പതിപ്പ്

കഴിഞ്ഞ വർഷം ജൂലൈയിൽ പുറത്തുവന്ന സുള്ളി ഡീൽസ് എന്ന ആപ്പിന്റെ മറ്റൊരു പതിപ്പാണ് ബുള്ളി ബായ്. ഹിന്ദുത്വ വർഗീയവാദികൾ മുസ്‌ലിം സ്ത്രീകളെ അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് സുള്ളി. ഇന്നത്തെ ഡീല്‍ എന്ന പേരില്‍ സംഘ്പരിവാർ പ്രൊഫൈലുകളിൽ നിന്ന് മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. മുസ്‍ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്നത് ഉള്‍പ്പെടെയുള്ള ആഹ്വാനമുണ്ടായി. പരാതി ഉയര്‍ന്നതോടെ ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും അറസ്റ്റോ തുടര്‍ നടപടികളോ ഉണ്ടായില്ല. അന്ന് നടപടിയുണ്ടാവാത്തതുകൊണ്ടാണ് സമാനമായ വിദ്വേഷ ക്യാമ്പെയിനുകള്‍ ആവര്‍ത്തിക്കപ്പെടുന്നതെന്ന് ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. ഗിറ്റ്ഹബ്ബ് എന്ന പ്ലാറ്റ്‌ഫോം വഴിയാണ് സുള്ളി ഡീല്‍സിന് പിന്നാലെ ആറ് മാസത്തിനിപ്പുറം ബുള്ളി ബായും എത്തിയത് എന്നതും ശ്രദ്ധേയമാണ്. സുള്ളി ഡീല്‍സ് ലൈംഗികാതിക്രമത്തിന് ആഹ്വാനം ചെയ്തപ്പോള്‍ ബുള്ളി ബായ് മുസ്‍ലിം സ്ത്രീകളെ അടിമകളായി കാണാനാണ് ആവശ്യപ്പെട്ടത്.

പിന്നില്‍ സിഖുകാരെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം

പഞ്ചാബി അക്കൌണ്ടില്‍ നിന്നെന്ന വ്യാജേനയാണ് ചിത്രങ്ങള്‍ ബുള്ളി ബായ് ആപ്പില്‍ പ്രദര്‍ശിപ്പിച്ചത്. വിദ്വേഷ പ്രചാരണത്തിനു പിന്നില്‍ സിഖ് സമൂഹമാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്നു വ്യക്തം. സിഖ്-മുസ്‍ലിം സമുദായങ്ങളെ തമ്മിലടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി ട്വിറ്റര്‍ ഐഡികള്‍ വ്യാജപ്രചാരണം അഴിച്ചുവിടുന്നുണ്ടെന്ന് മുംബൈ പൊലീസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി.


മുസ്‍ലിംകളുടെ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത ഹരിദ്വാര്‍ ധര്‍മ സന്‍സദിന്‍റെ തുടര്‍ച്ചയാണ് ഈ ഓണ്‍ലൈന്‍ അതിക്രമമെന്ന് ആക്റ്റിവിസ്റ്റ് ഖാലിദ പര്‍വീണ്‍ പറയുന്നു. കൊലവിളിപ്രസംഗം നടത്തിയ നരസിംഹാനന്ദിനെതിരെ പ്രതികരിച്ചതിനു പിന്നാലെയാണ് തന്‍റെ ചിത്രം ബുള്ളി ആപ്പിലെത്തിയത്. സംഘപരിവാറിനെ സംബന്ധിച്ച്, പ്രതികരിക്കുന്ന മുസ്‍ലിം സ്ത്രീ ഭീഷണിയാണെന്നും ഖാലിദ പര്‍വീണ്‍ ചൂണ്ടിക്കാട്ടുന്നു. ഈ ലേലം വിളി ശരിക്കുള്ളതല്ലല്ലോ ഇതിത്ര കാര്യമാക്കാനുണ്ടോ എന്ന ചോദ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ കാണാം. ഇത്തരം സൈബര്‍ ആക്രമങ്ങള്‍ മനുഷ്യരെ മാനസികമായി എത്രമാത്രം തളര്‍ത്തുമെന്നും എത്രമാത്രം അരക്ഷിതത്വമുണ്ടാക്കുമെന്നും തിരിച്ചറിയാന്‍ ശ്രമിക്കാതെയാണ് ഈ ചോദ്യംചോദിക്കുന്നത്.

സുള്ളി ഡീല്‍സ്, ബുള്ളി ബായ് ആപ്പുകൾക്കു പുറമെ, കഴിഞ്ഞ വര്‍ഷം മെയ് 13ന്‌ ചെറിയ പെരുന്നാള്‍ ദിനത്തില്‍, ലിബറല്‍ ഡോജ് എന്ന യൂട്യൂബ് ചാനലിലൂടെയും മുസ്‍ലിം സ്ത്രീകളെ വില്‍പ്പനയ്ക്ക് വെയ്ക്കുകയുണ്ടായി. റിതേഷ് ഝാ എന്നയാളുടേതായിരുന്നു ഈ ചാനല്‍. പരാതി ഉയർന്നതോടെ യുട്യൂബ് ചാനൽ നീക്കംചെയ്യപ്പെട്ടു. പക്ഷേ ഇയാള്‍ക്കെതിരെ ഒരു നടപടിയുമുണ്ടായില്ല. നവമാധ്യമമായ ക്ലബ് ഹൗസിലെ ചാറ്റ്റൂമിലും സമാനമായ സംഭവമുണ്ടായി. ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ കര്‍ശന നടപടികള്‍ കൂടിയേ തീരൂ. ഇപ്പോള്‍ പിടിയിലായവര്‍ വലിയൊരു നെറ്റ്‍വര്‍ക്കിന്‍റെ ഭാഗമാണെന്നാണ് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി സതേജ് പാട്ടീൽ പറഞ്ഞത്. ഈ വിദ്യാര്‍ഥികളില്‍ വര്‍ഗീയവിഷം കുത്തിവെച്ചവരെ കണ്ടെത്തുമോ, കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - സിതാര ശ്രീലയം

contributor

Similar News