ഗ്രേറ്റർ നോയിഡയിൽ വീടിന്‍റെ മതില്‍ തകർന്നുവീണ് മൂന്ന് കുട്ടികൾ മരിച്ചു

ഖോഡ്‌ന കലാൻ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം

Update: 2024-06-29 02:19 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഗ്രേറ്റര്‍ നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ വീടിന്‍റെ മതില്‍ തകർന്നുവീണ് മൂന്ന് കുട്ടികൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. നിർമാണത്തിലിരുന്ന വീടിന്‍റെ മതില്‍ തകർന്നാണ് അപകടമുണ്ടായത്.ഖോഡ്‌ന കലാൻ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആഹാദ് (4), ആദിൽ (8), അൽഫിസ (2) എന്നിവരാണ് മരിച്ചത്. ഐഷ (16), ഹുസൈൻ (5), സോഹ്‌ന (12), വാസിൽ (11), സമീർ (15) എന്നിവർ ഇപ്പോൾ ചികിത്സയിലാണ്. കുട്ടികൾ കളിക്കുന്നതിനിടെ മതില്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് ഗ്രേറ്റർ നോയിഡ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സുനിതി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ''ചികിത്സയിലുള്ളവർ അപകടനില തരണം ചെയ്തു. വീട് നാട്ടുകാരനായ സഗീറിൻ്റേതായിരുന്നു.മരിച്ച എല്ലാ കുട്ടികളും ഒരേ കുടുംബത്തിൽ പെട്ടവരായിരുന്നു,” ഡിസിപി വ്യക്തമാക്കി. കനത്ത മഴയെ തുടർന്നാണോ മതിൽ ഇടിഞ്ഞതെന്ന് വ്യക്തമല്ലെന്ന് സൂരജ്പൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ മനോജ് കുമാർ സിംഗ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അതുല്‍ കുമാര്‍ അറിയിച്ചു.

അതിനിടെ ഡൽഹി വസന്ത് നഗറിൽ നിർമാണ തൊഴിലാളികളുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. ഇന്നലെയാണ് സംഭവം. മൂന്നു തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം കനത്ത മഴയെ തുടർന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ടെർമിനൽ ഒന്നിലെ മേല്‍ക്കൂര തകർന്ന് ഒരാൾ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൻ്റെ കാരണം അന്വേഷിക്കാൻ ഒരു സാങ്കേതിക സമിതി രൂപീകരിച്ചതായി ഡൽഹി ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (DIAL) അറിയിച്ചു.സംഭവത്തിൽ നാല് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. നിസാര പരിക്കേറ്റ എട്ട് പേർക്ക് ഡൽഹി വിമാനത്താവളത്തിലെ മെദാന്ത സെൻ്ററിൽ അടിയന്തര വൈദ്യസഹായം നൽകിയതായും പ്രസ്താവനയിൽ പറയുന്നു.സംഭവത്തെത്തുടർന്ന്, ടെർമിനൽ 1-ൽ നിന്നുള്ള എല്ലാ ഫ്ലൈറ്റ് പ്രവർത്തനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവയ്ക്കുകയും ടെർമിനൽ 2, ടെർമിനൽ 3 എന്നിവിടങ്ങളിൽ നിന്ന് സർവീസ് നടത്താൻ അതത് എയർലൈനുകൾ പുനഃക്രമീകരിക്കുകയും ചെയ്തു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News