ജമ്മു കശ്മീർ തെരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിന് ഇനി മൂന്നു നാൾ, പ്രചാരണം ശക്തമാക്കി പാർട്ടികൾ
മൂന്ന് കുടുംബങ്ങള്‍ ജമ്മു കശ്മീരിനെ തകര്‍ത്തുവെന്ന് മോദി
ശ്രീനഗർ: ജമ്മു കശ്മീരിലെ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മൂന്നു നാൾ. 18ന് നടക്കുന്ന വോട്ടെടുപ്പിൽ 24 മണ്ഡലങ്ങൾ ജനവിധി എഴുതും. 10 വര്‍ഷത്തിന് ശേഷം നടക്കുന്ന ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് കശ്മീർ പൂർണമായും ഒരുങ്ങിക്കഴിഞ്ഞു. റോഡ് ഷോയും വീടുകൾ കയറിയുള്ള പ്രചാരണവും ആണ് സ്ഥാനാർഥികൾ നടത്തുന്നത്. ഓരോ റാലികളിലും പാർട്ടികൾ പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചണ് പ്രചാരണം.
ഇന്നലെ പ്രചരണത്തിനായി കശ്മീരിലെ ദോഡയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് കുടുംബങ്ങള്‍ ജമ്മു കശ്മീരിനെ തകര്‍ത്തുവെന്ന് പറഞ്ഞു. കോണ്‍ഗ്രസിനേയും പിഡിപിയേയും നാഷനല്‍ കോണ്‍ഫറന്‍സിനേയുമാണ് മോദി ലക്ഷ്യമിട്ടത്. ഈ തെരഞ്ഞെടുപ്പ് മൂന്നു കുടുംബങ്ങളും കശ്മീര്‍ ജനതയും തമ്മിലുള്ള പോരാട്ടമാണ്. കുടുംബരാഷ്ട്രീയം യുവാക്കളെ ദുരിതത്തിലാക്കുന്നെന്നും കശ്മീരിനെക്കുറിച്ച് മറ്റു പാര്‍ട്ടികള്‍ ചിന്തിക്കുന്നില്ലെന്നും മോദി പറഞ്ഞു. കശ്മീരില്‍ ഭീകരവാദത്തെ ഇല്ലാതാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ബിജ്ബെഹറയിൽ മത്സരിക്കുന്ന മെഹബൂബ മുഫ്തിയുടെ മകൾ ഇല്‍ത്തിജ മുഫ്തി,കുൽഗ്രാമിൽ നിന്ന് മത്സരിക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി, ദൂരുവിൽനിന്ന് മത്സരിക്കുന്ന കോൺഗ്രസ് മുൻ കശ്മീർ പ്രസിഡന്റ് ഗുലാം അഹമ്മദ് മിർ എന്നിവയാണ് ആദ്യഘട്ടത്തിലെ പ്രമുഖ സ്ഥാനാർഥികൾ.