തലൈവരുടെ ആറാട്ട്, മെസിയുടെ മയാമി, മമ്മൂട്ടിയുടെ ഹൊറർ; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്‌സ്
മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് രജനികാന്ത് ജയിലറിലെത്തുന്നത്
തലൈവർക്ക് വില്ലനായി വിനായകൻ; ജയിലർ ട്രെയിലർ പുറത്ത്
രജനികാന്തിനെ നായകനാക്കി നെൽസൺ ഒരുക്കുന്ന ജയിലറിന്റെ ട്രെയിലർ പുറത്തിറങ്ങി. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. മോഹൻ ലാൽ, ശിവ് രാജ്കുമാർ എന്നിവർ അതിഥി വേഷങ്ങളിലെത്തുന്നുണ്ട്. വിനായകനാണ് രജനിയുടെ വില്ലനായി എത്തുന്നത്. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അണ്ണാത്തെയ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണ് ജയിലർ.
ദൈവദൂതനായി അക്ഷയ് കുമാർ; ഓ മൈ ഗോഡ് 2 ട്രെയിലർ പുറത്തിറങ്ങി
അക്ഷയ് കുമാർ നായകനാകുന്ന ഓ മൈ ഗോഡ് 2 ന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ ദൈവദൂതനായാണ് അക്ഷയ് കുമാർ എത്തുന്നത്. ലൈഗിക വിദ്യാഭ്യാസമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 2012ൽ പുറത്തിറങ്ങിയ കോമഡി ചിത്രം ഓ മൈ ഗോഡിന്റെ രണ്ടാം ഭാഗമാണിത്. അമിത് റായിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 11 ന് തിയേറ്ററുകളിലെത്തും.
മയാമിക്കായി വീണ്ടും വലകുലുക്കി മെസി
ഇന്റർ മയാമിയിലെ ആദ്യ മത്സരം മുതൽ മെസി തകർത്ത് കളിക്കുകയാണ്. മയാമി ജേഴ്സിയിൽ മൂന്നാം മത്സരത്തിലും ഗോൾ നേടിയതോടെ മെസിയുടെ ഗോൾ നേട്ടം അഞ്ചായി. ലീഗ് കപ്പിൽ ഒർലാൻഡോ സിറ്റിക്കെതിരായ മത്സരത്തിൾ ഇരട്ട ഗോളുകളാണ് മെസി നേടിയത്. മത്സരത്തിൽ മയാമിയുടെ ജയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു. ഗോൾ വേട്ടക്ക് തുടക്കം കുറിച്ചതും അവസാനിപ്പിച്ചതും മെസിയായിരുന്നു.
ഇടിയും മിന്നലും മൂലം വൈകി തുടങ്ങിയ മത്സരത്തിൽ ഏഴാം മിനുറ്റിൽ തന്നെ മെസി വലകുലുക്കി. മയാമിയുടെ മൂന്നാം ഗോൾ വന്നത് 72ാം മിനുറ്റിലായിരുന്നു. ഈ ഗോൾ നേടിയതും മെസി. മയാമിക്കായി കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മെസി ഗോളുകൾ നേടിയിരുന്നു. മെസിയുടെ വരവിന് ശേഷം ഇന്റർമയാമി ടീമിലും മാറ്റം പ്രകടമാണ്. മെസി വരുന്നതിന് മുമ്പത്തെ അവസാന പന്ത്രണ്ട് മത്സരങ്ങൾ നോക്കുകയാണെങ്കിൽ തോൽവിയും സമനിലയും ആയിരുന്നു ഏറെയും.
ഇന്ത്യ ഇന്നിറങ്ങുന്നത് 200-ാം ടി20ക്ക്
വെസ്റ്റിൻഡീസിനെതിരെയുള്ള ടി 20 പരമ്പര ഇന്ന് തുടങ്ങുന്നതോടെ ഇന്ത്യ കളിക്കിന്നത് 200ാം ടി 20 മത്സരം. ഇതിന് മുമ്പ് പാക്കിസ്താൻ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
പോക്കറ്റിലൊതുങ്ങുന്ന ബജറ്റലിൽ ലാപ്‌ടോപ്പുമായി റിലയൻസ്
ഇന്ത്യൻ വിപണിയിൽ വെറും 16,499 രുപക്കാണ് ജിയോ ബുക്ക് എന്ന് പേരിട്ടുള്ള ലാപ്‌ടോപ്പ് റിലയൻസ് പുറത്തിറക്കിയിരിക്കുന്നത്. 2022 ൽ പുറത്തിറങ്ങിയ ജിയോബുക്കിനേക്കാൾ കനം കുറഞ്ഞതും കൂടുതൽ നിലവാരമുള്ളതുമാണ് പുതുതായി വിപണിയിലെത്തുന്ന ജിയോബുക്ക്. 990 ഗ്രാം മാത്രമാണ് പുതിയ ലാപ്‌ടോപ്പിന്റെ ഭാരം. ആഗസ്റ്റ അഞ്ചിനാണ് ജിയോബുക്ക് വിൽപന ആരംഭിക്കുന്നത്.
ട്വിറ്ററിൽ തരംഗമായി മമ്മൂട്ടി
ട്വിറ്ററിൽ തരംഗമായികൊണ്ടിരിക്കുകയാണ് മമ്മൂട്ടി. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. നേരത്തെ ദുൽഖറിന്റെ ജന്മദിന ദിവസം മമ്മൂട്ടി പങ്കുവെച്ച ചിത്രം വളരെയധികം ആഘോഷിക്കപ്പെട്ടിരുന്നു. അതിനിടെ മമ്മൂട്ടിയുടെ ഒരു ഹൊറർ ത്രില്ലർ സിനിമ പുറത്തുവരുന്നുണ്ടന്ന റൂമറുകളും പ്രചരിക്കുന്നുണ്ട്. രാഹുൽ സദാശിവനാണ് ചിത്രത്തിന്റെ സംവിധായകൻ. പ്രചരിക്കുന്ന വാർത്തകൾ സത്യമാണെങ്കിൽ 300 വര്ഷം പഴക്കമുള്ള ഒരു പ്രേത കഥയാണ് ചിത്രം പറയുന്നത്.