പാക് -അഫ്ഗാൻ മത്സരം, ബിഷങ് സിങ് ബേദി; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്...

ടൈഗർ 3യിലെ ആദ്യ ഗാനം ലേകെ പ്രഭു കാ നാം ട്രെൻഡിംഗ്

Update: 2023-10-23 17:36 GMT
Advertising

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ ബിഷങ് സിങ് ബേദിയുടെ മരണം, ഏകദിന ലോകകപ്പിലെ പാകിസ്താൻ -അഫ്ഗാൻ മത്സരം, ടൈഗർ 3 ഗാനം ലേകെ പ്രഭു കാ നാം, മഹാനവമി, റിയൽമി ഫെസ്റ്റീവ് ഡേയ്‌സ്‌ തുടങ്ങിയവയാണ് ട്വിറ്ററിൽ (എക്‌സ്) ഇന്നത്തെ ട്രെൻഡിംഗുകൾ. പാക് -അഫ്ഗാൻ മത്സരവുമായി ബന്ധപ്പെട്ട് ഗുർബാസ്, നൂർ അഹമ്മദ്, ഹാരിസ് റഊഫ് എന്നിവയും വൈറലാണ്. സൽമാൻ ഖാൻ, കത്രീന കൈഫ്, ആർഐപിസാർ -ആർഐപി ലജൻറ്(ബിഷങ്‌ബേദി) എന്നിവയും ട്രെൻഡിംഗ് ലിസ്റ്റിലുണ്ട്.

ബിഷങ് സിങ് ബേദി

മുൻ ഇന്ത്യൻ സ്പിന്നർ ബിഷങ് സിങ് ബേദി 77 വയസിലാണ് അന്തരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കു മേൽവിലാസമുണ്ടാക്കിത്തന്ന താരങ്ങളിലൊരാളാണ് ബേദി. ബി.എസ് ചന്ദ്രശേഖർ, എസ്. വെങ്കട്ടരാഘവൻ, ഏരപ്പള്ളി പ്രസന്ന എന്നിവർക്കൊപ്പം ഇന്ത്യയുടെ സ്പിൻ ബൗളിങ് പെരുമയ്ക്കു തുടക്കമിട്ടവരിൽ ബേദിയുമുണ്ട്. 1967ൽ ദേശീയ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം ഇന്ത്യയ്ക്കായി 67 ടെസ്റ്റുകളിൽനിന്ന് 266 വിക്കറ്റുകളാണു വാരിക്കൂട്ടിയത്. പത്ത് ഏകദിനങ്ങൾ കളിച്ച് ഏഴു വിക്കറ്റും നേടിയിട്ടുണ്ട്.

പഞ്ചാബിലാണു ജനിച്ചതെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്കു വേണ്ടി കളിച്ചാണു ശ്രദ്ധ നേടുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയുടെ റെക്കോർഡും ബേദിയുടെ പേരിലാണ്. 370 മത്സരങ്ങളിൽനിന്നായി 1,560 വിക്കറ്റുകളാണ് അദ്ദേഹം വാരിക്കൂട്ടിയത്. ഇന്ത്യയുടെ ആദ്യ ഏകദിന വിജയത്തിലും നിർണായക പങ്കുവഹിച്ചു ചരിത്രത്തിൻറെ ഭാഗമാകാൻ ഭാഗ്യമുണ്ടായി.

1946 സെപ്റ്റംബർ 25ന് അമൃത്സറിലാണ് ബേദിയുടെ ജനനം. 1967 മുതൽ 1979 വരെ ഒരു പതിറ്റാണ്ടിലേറെക്കാലം ഇന്ത്യയ്ക്കു വേണ്ടി പന്തെറിഞ്ഞു. 1971ൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ പരമ്പര വിജയത്തിൽ നിർണായക പങ്കുവഹിച്ചു. അജിത് വഡേക്കറുടെ അഭാവത്തിൽ ബേദിയായിരുന്നു അന്ന് ടീമിനെ നയിച്ചത്.1990ൽ ഇന്ത്യയുടെ ന്യൂസിലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിൽ ടീം മാനേജറായിരുന്നു. ദേശീയ സെലക്ടറുമായിട്ടുണ്ട്. മനീന്ദർ സിങ്, മുരളി കാർത്തിക് ഉൾപ്പെടെ നിരവധി സ്പിൻ താരങ്ങളെ ഇന്ത്യയ്ക്കു സമ്മാനിച്ചയാൾ കൂടിയാണ് ബിഷൻ സിങ് ബേദി.

പാക് - അഫ്ഗാൻ ത്രില്ലർ

ഏകദിന ലോകകപ്പിൽ മറ്റൊരു അട്ടിമറിക്കുള്ള മുന്നേറ്റത്തിലാണ് അഫ്ഗാനിസ്ഥാൻ. ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 282 റൺസാണ് നേടിയത്. എന്നാൽ മറുപടി ബാറ്റിംഗിൽ അഫ്ഗാൻ 21.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് നേടി. ഓപ്പണർമാരായ റഹ്മാനുല്ലാ ഗുർബാസും(65) ഇബ്രാഹിം സദ്‌റാനും (62) അർധസെഞ്ച്വറി നേടി. 130 റൺസ് പടുത്തുയർത്തിയ കൂട്ടുകെട്ടിനെ ഷഹീൻ അഫ്രീദിയാണ് പിരിച്ചത്. റഹ്മാനുല്ലയെ ഉസാമ മിറിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഓപ്പണർ അബ്ദുല്ല ഷഫീഖിന്റെയും നായകൻ ബാബർ അസമിന്റെയും അർധസെഞ്ച്വറി മികവിലാണ് 282 റൺസടിച്ചത്. ബാബർ നാല് ഫോറും ഒരു സിക്സറുമടക്കം 74 ഉം ഷഫീഖ് അഞ്ച് ഫോറും രണ്ട് സിക്സറുമടക്കം 58 ഉം റൺസെടുത്തു. വാലറ്റത്ത് ഷഹ്ദാബ് ഖാനും (38 പന്തിൽ 40) ഇഫ്തിഖാർ അഹമ്മദും(27 പന്തിൽ 40) തകർത്തടിച്ച് കളിച്ചു. എന്നാൽ അവസാന ഓവറിൽ നവീനുൽഹഖിന് മുമ്പിൽ ഇഫ്തിഖാർ വീണതോടെ 70 ലേറെ റൺസ് നേടിയ ഈ കൂട്ടുകെട്ട് പിരിഞ്ഞു. കളിയിലെ അവസാന പന്തിൽ ഷഹ്ദാബിനെയും നവീൻ പുറത്താക്കി. ഇഫ്തിഖാറിനെ ഒമർസായിയും ഷഹ്ദാബിനെ മുഹമ്മദ് നബിയും പിടികൂടുകയായിരുന്നു.

പാക് നിരയിലെ മറ്റുള്ള ബാറ്റർമാർക്ക് മികവ് പ്രകടിപ്പിക്കാനായില്ല. കഴിഞ്ഞ കളികളിൽ ടീമിന്റെ രക്ഷകനായ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ പാടേ നിരാശപ്പെടുത്തി. പത്ത് പന്തിൽ എട്ട് റൺസ് മാത്രം നേടിയ താരം നൂർ അഹമ്മദിന്റെ പന്തിൽ മുജീബുറഹ്മാൻ പിടിച്ച് പുറത്താകുകയായിരുന്നു. ഓപ്പണറായ ഇമാമുൽ ഹഖ് (17), സൗദ് ഷക്കീൽ (25), എന്നിവരും അധികം പൊരുതാൻ നിന്നില്ല.

മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ നൂർ അഹമ്മദാണ് അഫ്ഗാനായി ബൗളിംഗിൽ തിളങ്ങിയത്. നവീൻ അവസാന ഓവറിൽ രണ്ട് വിക്കറ്റെടുത്തു. മുഹമ്മദ് നബിയും അസ്മതുല്ലാഹ് ഒമർസായിയും ഒരോ വിക്കറ്റ് വീതം നേടി. പത്ത് ഓവറെറിഞ്ഞ റാഷിദ് ഖാനും എട്ട് ഓവറെറിഞ്ഞ മുജീബ്റഹ്മാനും വിക്കറ്റൊന്നും ലഭിച്ചില്ല.

ലേകെ പ്രഭു കാ നാം ട്രെൻഡിംഗ്

സൽമാൻ ഖാൻ, കത്രീന കൈഫ് ചിത്രം ടൈഗർ 3യിലെ ആദ്യ ഗാനം പുറത്തുവന്നു. ലേകെ പ്രഭു കാ നാം സമൂഹമാധ്യമങ്ങളിൽ ട്രെൻഡിംഗാണ്. തിങ്കളാഴ്ചയാണ് ഗാനം പുറത്തിറങ്ങിയത്. പ്രീതം സംഗീതസംവിധാനം നിർവഹിച്ച ഗാനത്തിന്റെ വരികൾ അമിതാഭ് ഭട്ടാചാര്യയുടേതാണ്. അരിജിത് സിംഗും നിഖിത ഗാന്ധിയുമാണ് ആലാപിച്ചത്. വൈഭവി മർച്ചൻറാണ് കൊറിയോഗ്രഫി.

റിയൽമി ഫെസ്റ്റീവ് ഡേയ്‌സ്

റിയൽമി ഫെസ്റ്റീവ് ഡേയ്‌സ് ഓഫർ ട്വിറ്ററിൽ ട്രെൻഡിംഗാണ്. ഉത്സവ സീസണിൽ റിയൽമി 11 പ്രോ സീരിസ് 5ജി ഫോണിന് 3000 രൂപ വരെ ഇളവ് നൽകുമെന്നാണ് വാഗ്ദാനം.

മഹാനവമി

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഹാനവമി ആഘോഷം നടക്കുകയാണ്. ആയുധപൂജ, ദുർഗാപൂജ തുടങ്ങിയവ നടക്കുകയാണ്.

Pak-Afghan World cup match, Bishang Singh Bedi; Today's Twitter Trends…

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News