'തക്കാളി കിലോക്ക് 250-300 രൂപയാകുമ്പോൾ വീട്ടിൽ ചർച്ചയാകാറുണ്ടോ?'യെന്ന് അവതാരകൻ; വ്യക്തിപരമായ കാര്യങ്ങൾ ചോദിക്കേണ്ടെന്ന് സ്മൃതി ഇറാനി

നിങ്ങൾ ജയിലായപ്പോൾ എന്താണ് സംഭവിച്ചതെന്ന് തനിക്ക് ചോദിക്കാമോയെന്നു അവതാരകനോട്‌ സ്മൃതി ഇറാനി

Update: 2023-08-20 12:45 GMT
Advertising

'ഒരു കിലോ തക്കാളിക്ക് 250 -300 രൂപയാകുമ്പോൾ വീട്ടിൽ ചർച്ചയാകാറുണ്ടോ?'യെന്ന് ചോദിച്ച മാധ്യമപ്രവർത്തകനുമായി കയർത്ത് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. ആജ് തക് ചാനലിൽ ജി 20 സമ്മിറ്റുമായി ബന്ധപ്പെട്ട ലൈവ് ഷോയിലാണ് മന്ത്രി അവതാരകനായ സുധീർ ചൗധരിയോട് കലഹിച്ചത്. സുധീർ വിഷയത്തെ നിസ്സാരവത്കരിക്കാൻ ശ്രമിക്കുകയാണെന്നും നയപരമായ തീരുമാനങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയാണെങ്കിൽ മര്യാദയോടെ വേണമെന്നും തന്റെ വീട്ടിലെ കാര്യങ്ങൾ ദേശീയ ചർച്ചയാക്കേണ്ടെന്നും മന്ത്രി പറഞ്ഞു. വീട് തന്റെ വ്യക്തിപരമായ സ്ഥലമാണെന്നും സ്മൃതി ഇറാനി പറഞ്ഞു. എന്നാൽ താങ്കൾ ഒരു മന്ത്രിയാണെന്നും പ്രേക്ഷകന്റെ അതേ ജീവിതമാണോ താങ്കളും നയിക്കുന്നതെന്ന് അവർക്ക് അറിയണമെന്നും താങ്കൾ ചോദ്യങ്ങൾക്ക് മറുചോദ്യം ഉന്നയിക്കുകയാണെന്നും സുധീർ ചൗധരി മറുപടി പറഞ്ഞു.

തുടർന്നും മന്ത്രിയും അവതാരകനും തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നു. താൻ ചോദ്യങ്ങൾക്ക് മറുചോദ്യമുന്നയിക്കുകയല്ലെന്നും നിങ്ങൾ ജയിലായപ്പോൾ എന്താണ് സംഭവിച്ചതെന്ന് തനിക്ക് ചോദിക്കാമോയെന്നും സ്മൃതി ഇറാനി സുധീർ ചൗധരിയോട് ചോദിച്ചു. 2012 സീ ന്യൂസ് എഡിറ്ററായിരിക്കെ, സീ ന്യൂസ് ബിസിനസ് എഡിറ്റർ സമിർ അഹ്‌ലുവാലിയക്കൊപ്പം 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ സുധീർ കഴിഞ്ഞത് സൂചിപ്പിച്ചായിരുന്നു മന്ത്രിയുടെ ചോദ്യം. വ്യവസായി നവീൻ ജിൻഡാലിൽ നിന്ന് പണം തട്ടിയെന്ന കേസിലായിരുന്നു നടപടി. എന്നാൽ ചൗധരിയുടെ വ്യക്തിപരമായ കാര്യങ്ങൾ പറഞ്ഞതിൽ സ്മൃതി പിന്നീട് മാപ്പു ചോദിച്ചു. തന്റെ മാധ്യമ കരിയർ തുടങ്ങിയത് അദ്ദേഹത്തിന്റെ ജൂനിയറായിട്ടായിരുന്നുവെന്നും പറഞ്ഞു. താൻ കേന്ദ്രമന്ത്രിയായതിനാൽ ദേശീയ തലത്തിലുള്ള എഡിറ്ററേക്കാൾ ഉന്നതയാണെന്ന് കരുതുന്നില്ലെന്നും താൻ ജനസേവകയാണെന്നും തനിക്ക് ഈഗോയില്ലെന്നും അവർ വ്യക്തമാക്കി.

'അതൊക്കെ ശരി, നിങ്ങൾ വ്യക്തപരമായ ആക്രമണം നടത്തുകയാണെങ്കിൽ വ്യക്തിപരമായ ആക്രമണം നേരിടാൻ നിങ്ങളും തയാറാണോയെന്നേ എനിക്കാറിയാനുള്ളൂ'വെന്ന് സുധീർ മറുപടി പറഞ്ഞു. 'ഞാൻ റെഡിയാണ്' എന്നായിരുന്നു സ്മൃതി ഈ ചോദ്യത്തിന് മറുപടി നൽകിയത്.

 

ഫ്‌ളെയിംഗ് കിസ് വിവാദം; വീണ്ടും പറഞ്ഞ് സ്മൃതി

പാർലമെൻറിൽ രാഹുൽ ഗാന്ധി ഫ്‌ളെയിംഗ് കിസ് നടത്തിയെന്ന ആരോപണം ചർച്ചക്കിടെ സ്മൃതി ഇറാനി വീണ്ടും ഉയർത്തി. പാർലമെൻറിൽ പ്രവർത്തിക്കാനാവശ്യമായ മാന്യതയില്ലാത്തയാളാണ് രാഹുലെന്നും വിമർശിച്ചു.

അഭിമുഖത്തിലെ അടവുകൾ: സ്മൃതിക്കെതിരെ വിമർശനം

തക്കാളിയുടെ വില വർധനവിനെ കുറിച്ച് ചോദ്യം ചോദിച്ച അവതാരകൻ സുധീർ ചൗധരിയെ വ്യക്തിപരമായി ആക്രമിച്ചു സ്മൃതി ഇറാനിക്കെതിരെ നിരവധി പേർ രംഗത്ത് വന്നു. തക്കാളി വിലവർധനവിനെ കുറിച്ച് ചോദിച്ച ബിജെപി അനുകൂലിയായ അവതാരകനെ പോലും സ്മൃതി വ്യക്തിപരമായി ആക്രമിച്ചതായി ശിവസേന (ഉദ്ദവ് വിഭാഗം) എംപി പ്രിയങ്ക ചതുർവേദി പറഞ്ഞു.

അമേഠി, രാഹുൽ, പ്രിയങ്ക എന്നിവയെ കുറിച്ച് ചോദിച്ചപ്പോൾ സ്മൃതി സൗമ്യയായിരുന്നു്വെന്നും എന്ന വിലക്കയറ്റത്തെ കുറിച്ചും പണപ്പെരുപ്പത്തെ കുറിച്ചും ചോദിപ്പോൾ ഇരക്കാർഡ് ഇറക്കിയെന്നും മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈർ കുറ്റപ്പെടുത്തി. വ്യക്തി ജീവിതത്തെ കുറിച്ച് സംസാരിക്കാനാകില്ലെന്ന വാദം അവർ മുമ്പും ഉയർത്തിയിട്ടുണ്ടെന്നും പറഞ്ഞു.





Tomato price hike: Minister Smriti Irani and Sudhir Choudhary clash

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News