ബർഗർ രാജാവിന് തിരിച്ചടി; പേരിനെച്ചൊല്ലിയുള്ള നിയമപോരാട്ടത്തിൽ ​ഹോട്ടലിനോട് പരാജയപ്പെട്ട് യു.എസ് കമ്പനി

ബർഗർ കിങ് എന്ന പേരിനെ ചൊല്ലിയാണ് യു.എസ് കമ്പനി 13 വർഷം മുമ്പ് ഇന്ത്യയിൽ നിയ​മപോരാട്ടം തുടങ്ങിയത്

Update: 2024-08-19 17:05 GMT
Advertising

പുനെ: ഫാസ്റ്റ്ഫുഡ് പ്രേമികളുടെ ജനപ്രിയ ​ബ്രാൻഡാണ് യു.എസ് കമ്പനിയായ ബർഗർ കിങ്. ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം  ബർഗർ കിങിന് ഔട്ട്​ലെറ്റുകൾ ഉണ്ട്. എന്നാൽ ആ പേരിനെ ചൊല്ലി ഒരു പതിറ്റാണ്ടിലേറെ നീണ്ട നിയമ പോരാട്ടമാണ് പൂനെയിൽ നടന്നത്. പൂനെയിലെ ബർഗർ കിങ് എന്ന പേരുള്ള  ഭക്ഷണശാലയുമായി നടത്തിയ നിയമപോരാട്ടത്തിൽ  അമേരിക്കൻ ഫാസ്റ്റ് ഫുഡ് കമ്പനിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

പൂ​നെയിലുള്ള ഹോട്ടലിനെതിരെ യു.എസ് ആസ്ഥാനമായ ബർഗർ കിങ് കോർപ്പറേഷൻ (ബി.കെ.സി) ട്രേഡ് മാർക്കിനെ ചൊല്ലി 13വർഷം മുമ്പാണ് നിയമ പോരാട്ടം ആരംഭിക്കുന്നത്. തങ്ങളുടെ ബ്രാൻഡ് നെയിം ഉപയോഗിച്ചുവെന്നതായിരുന്നു പരാതി. ബ്രാൻഡ് നെയിം ഉ​പയോഗിക്കുന്നത് തടയണമെന്നും നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു ആവശ്യം. ലോകത്ത് പ്രശസ്തമാണ് ബർഗർ കിങ് കോർപ്പറേഷനെന്നും അതിനാൽ ബർഗർ കിങ് എന്ന പേര് മറ്റൊരാൾ ഉപയോഗിക്കുന്നത് തങ്ങളുടെ ​സൽപ്പേരിന് കളങ്കമുണ്ടാക്കുമെന്നുമായിരുന്നു യു.എസ് കമ്പനിയുടെ അവകാശ വാദം. ആ വാദങ്ങളാണ് പൂനെ ജില്ലാ കോടതി തള്ളിയത്. ഇതിനൊപ്പം ബർഗർ കിങ് കോർപ്പറേഷന്റെ നിയമനടപടികൾ മൂലം തങ്ങൾ​ നേരിടേണ്ടി വന്ന മാനസിക സമ്മർദ്ദങ്ങൾക്കും മറ്റും നഷ്ടപരിഹാരമായി 20 ലക്ഷം രൂപ ആവശ്യപ്പെട്ട പൂനെയിലെ ഭക്ഷണശാലയുടെ ഹരജിയും കോടതി തള്ളി.

പൂനെ സ്വദേശികളായ അനഹിതയും ഷാപൂർ ഇറാനിയും ചേർന്നാണ് 1989ൽ പൂനെ ആസ്ഥാനമായി ഒരു ഭക്ഷണ ശൃംഖല ആരംഭിക്കുന്നത്. 1992 മുതൽ ബർഗർ കിങ് എന്നാക്കി മാറ്റി അതിന്റെ പേര്.

അതിനിടയിലാണ് യു.എസ് ആസ്ഥാനമായ ബർഗർ കിങ് കോർപ്പറേഷൻ ഇന്ത്യൻ വിപണിയിലേക്കെത്തുന്നത്. ജെയിംസ് മക്‌ലാമോറും ഡേവിഡ് എഡ്ജർടണും ചേർന്ന് 1954-ലാണ് ഫാസ്റ്റ് ഫുഡ് വിഭവങ്ങൾക്കായി അമേരിക്കയിൽ ഒരു ഭക്ഷണശാല ആരംഭിക്കുന്നത്. 1959 ൽ ബർഗർ കിങ് കോർപറേഷൻ എന്ന പേരിൽ ബ്രാൻഡ് ചെയ്തു. നൂറിലധികം രാജ്യങ്ങളിലായി 13,000 ഔട്ട്​ലെറ്റുകളുമായി പടർന്ന് പന്തലിച്ചു.

ഇന്ത്യയിൽ നിന്ന് നിരവധി ബിസിനസുകാർ ഫ്രാഞ്ചൈസി അപേക്ഷകളുമായി തങ്ങളെ സമീപിച്ചതോടെയാണ് ഇന്ത്യൻ വിപണിയിലേക്കുള്ള സാധ്യതകളെ പറ്റി കമ്പനി പഠിക്കുന്നത്. അപ്പോഴാണ് സമാനപേരിൽ പൂനെ ആസ്ഥാനമായൊരു ഹോട്ടൽ പ്രവർത്തിക്കുന്നുണ്ടെന്ന് അറിയുന്നത്. തുടർന്നാണ് കമ്പനി പ്രതിനിധി പങ്കജ് പഹുജ മുഖേന 2011-ൽ കേസ് കൊടുക്കുന്നത്. നിയമനടപടികൾ തുടരുന്നതിനിടയിൽ തന്നെ 2014 നവംബറിൽ ഇന്ത്യയിലെ ആദ്യത്തെ ഔട്ട്​ലെറ്റ് ഡൽഹിയിൽ കമ്പനി തുറന്നു. തുടർന്ന് ഡൽഹി എൻ.സി.ആർ, മുംബൈ എന്നിവിടങ്ങളിലും ഔട്ട്​ലെറ്റുകൾ ആ​രംഭിച്ചു. 2015 ഏപ്രിലിൽ പൂനെയിലും ഒരു ഔട്ട്​ലെറ്റ് തുടങ്ങി. പേര് ദുരുപയോഗം ചെയ്തു, ഉപഭോക്താക്കളെ  തെറ്റിദ്ധരിപ്പിക്കുന്നു തുടങ്ങിയ അമേരിക്കൻ കമ്പനിയുടെ വാദങ്ങളെയാണ് കോടതി തള്ളിയത്. 'ബർഗർ കിങ്' എന്ന പേരുമായി സാമ്യമുണ്ടെങ്കിലും രണ്ട് സ്ഥാപനങ്ങളുടെയും ലോഗോകൾ തമ്മിൽ കാര്യമായ മാറ്റങ്ങളുണ്ടെന്നായിരുന്നു പൂനെ കമ്പനിയുടെ വാദം.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News