വിനയ് പ്രകാശ് ഇന്ത്യയിലെ ട്വിറ്റര്‍ പരാതി പരിഹാര ഓഫീസര്‍
ഇന്ത്യന്‍ വിവരസാങ്കേതിക നിയമപ്രകാരം ട്വിറ്ററിന് ലഭിക്കുന്ന പരാതികളെ കുറിച്ച് കമ്പനി എല്ലാ മാസവും റിപ്പോര്‍ട്ട് തയാറാക്കണം
വിനയ് പ്രകാശിനെ ട്വിറ്റര്‍ ഇന്ത്യയിലെ പരാതി പരിഹാര ഓഫീസറായി നിയമിച്ചു. വെബ്സൈറ്റിലൂടെയാണ് ട്വിറ്റർ ഇക്കാര്യം അറിയിച്ചത്. grievance-officer-in@twitter.com എന്ന ഐഡിയിലൂടെ പരാതികൾ അറിയിക്കാമെന്നും ട്വിറ്റർ വ്യക്തമാക്കി.
ഇന്ത്യന്‍ വിവരസാങ്കേതിക നിയമപ്രകാരം ട്വിറ്ററിന് ലഭിക്കുന്ന പരാതികളെ കുറിച്ച് കമ്പനി എല്ലാ മാസവും റിപ്പോര്‍ട്ട് തയാറാക്കണം. പരാതികളില്‍ എടുത്ത നടപടികളും ഇതില്‍ വ്യക്തമാക്കണം. ഇത്തരം കാര്യങ്ങള്‍ ഇനി ചെയ്യേണ്ടത് പരാതി പരിഹാര ഓഫീസറായിരിക്കും.
ഇന്ത്യയിൽ പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കുന്നതിന് 8 ആഴ്ച സമയം വേണമെന്ന് ട്വിറ്റർ കോടതിയെ അറിയിച്ചിരുന്നു. ജൂലൈ 11ന് അകം ആദ്യ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഡൽഹി ഹൈക്കോടതിയെ ട്വിറ്റർ അറിയിച്ചിരുന്നു. ട്വിറ്ററിന് തോന്നുംപോലെ സമയം എടുക്കാനാകില്ലെന്ന് കോടതി മുന്നറിയിപ്പു നൽകിയതിനെത്തുടർന്നാണ് സമയപരിധി നിശ്ചയിച്ച് ട്വിറ്റര്‍ മറുപടി നല്‍കിയിരുന്നത്.