ട്വിറ്ററിന്‍റേത് പക്ഷപാത നടപടി; ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നുവെന്ന് രാഹുല്‍
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ജനാധിപത്യത്തിനു നേരെയുള്ള കടന്നാക്രമണമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി
കോണ്‍ഗ്രസ് നേതാക്കളുടെ അക്കൌണ്ടുകള്‍ പൂട്ടിയതിന് പിന്നാലെ ട്വിറ്ററിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിന്‍റേത് പക്ഷപാതപരമായ നിലപാടാണെന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നും രാഹുല്‍ പറഞ്ഞു.
ട്വിറ്ററിന്‍റെ നിഷ്പക്ഷത നഷ്ടമായി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ജനാധിപത്യത്തിനു നേരെയുള്ള കടന്നാക്രമണമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. '' എന്‍റെ ട്വിറ്റർ അക്കൌണ്ട് പൂട്ടിയതിലൂടെ അവർ നമ്മുടെ രാഷ്ട്രീയ പ്രക്രിയയിൽ ഇടപെടുകയാണ്. ഒരു കമ്പനി അവരുടെ ബിസിനസിനു വേണ്ടി നമ്മുടെ രാഷ്ട്രീയത്തെ നിര്‍വചിക്കുകയാണ്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ല'' രാഹുല്‍ വെള്ളിയാഴ്ച പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. ഇത് രാഹുല്‍ ഗാന്ധിക്കെതിരായ ആക്രമണമല്ല, ജനാധിപത്യ സംവിധാനത്തിനെതിരായ ആക്രമണമാണ്. രാഹുല്‍ ഗാന്ധിയെ നിശ്ശബ്ദമാക്കുകയല്ല. ട്വിറ്ററില്‍ എനിക്ക് 19-20 മില്യണ്‍ ഫോളോവേഴ്സ് ഉണ്ട്. അഭിപ്രായം പറയാനുള്ള അവകാശത്തെയാണ് നിങ്ങള്‍ നിഷേധിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല ഉള്‍പ്പെടെയുള്ള അഞ്ചു കോണ്‍ഗ്രസ് നേതാക്കളുടെ ട്വിറ്റര്‍ അക്കൌണ്ടുകള്‍ ലോക്ക് ചെയ്തിരുന്നു. വായടിപ്പിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ വിലപ്പോവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിരുന്നു. അതേസമയം ഡൽഹിയിൽ പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച സംഭവത്തിൽ രാഹുലിനെതിരെ നടപടിയെടുക്കാൻ ദേശീയ ബാലാവകാശ കമ്മീഷൻ ഫേസ്ബുക്കിനോടും ഇൻസ്റ്റാഗ്രാമിനോടും നിർദ്ദേശിച്ചു.